തിരുവനന്തപുരം: ആര്‍എസ്‌പിയുടെ വിദ്യാര്‍ഥി സംഘടനയായ പിഎസ്‌യുവിലൂടെയാണ് ടി ജെ ചന്ദ്രചൂഡന്‍ പൊതുരംഗത്തേക്ക് വന്നത്. ഇവിടെ തുടങ്ങിയ പൊതുപ്രവര്‍ത്തനം ദേശീയ തലം വരെ വളര്‍ന്നു. ഇടത് രാഷ്ട്രീയത്തിന്‍റെ വ്യക്തതയുള്ള മുഖമായിരുന്നു ചന്ദ്രചൂഡന്‍.
പിഎസ്‌യുവിന്‍റെ സംസ്ഥാന പ്രസിഡന്‍റും യുവജന സംഘടനയായ പിവൈഎഫിന്‍റെ സംസ്ഥാന പ്രസിഡന്‍റും ആയിരുന്നു. ട്രേഡ് യൂണിയന്‍ രംഗത്തും സജീവമായിരുന്ന ചന്ദ്രചൂഡന്‍ 1975 ല്‍ ആര്‍എസ്‌പി സംസ്ഥാന സെക്രട്ടറിയേറ്റിലേക്കും 1990ല്‍ കേന്ദ്ര സെക്രട്ടറിയേറ്റിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. 1999ല്‍ സംസ്ഥാന സെക്രട്ടറി ആയ ചന്ദ്രചൂഡന്‍ മൂന്ന് സമ്മേളനങ്ങളിലും സെക്രട്ടറിയായി തുടര്‍ന്നു.
2008 മുതല്‍ 2018 വരെയാണ് ആര്‍എസ്‌പി ദേശീയ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചത്. ബേബി ജോണ്‍, കെ പങ്കജാക്ഷന്‍ എന്നിവര്‍ക്കു ശേഷം പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി പദവിയില്‍ എത്തിയ മലയാളി കൂടിയാല്‍ ചന്ദ്രചൂഡന്‍. യുപിഎ ഭരണകാലത്താണ് ദേശീയ നേതാവെന്ന നിലയില്‍ പ്രവര്‍ത്തനങ്ങളില്‍ സജീവമായത്.
ഒന്നാം യുപിഎ സര്‍ക്കാരിന്‍റെ ഭരണ കാലയളവില്‍ ഇടതു, യുപിഎ കോര്‍ കമ്മിറ്റിയില്‍ ചന്ദ്ര ചൂഡന്‍ അംഗമായിരുന്നു. ആണവ കരാറിന്‍റെ പേരില്‍ ഇടത് പക്ഷം യുപിഎ വിട്ടപ്പോള്‍ കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച് അദ്ദേഹം ശ്രദ്ധേയനായി. തെരഞ്ഞെടുപ്പ് രംഗത്ത് മികവ് കാണിക്കാന്‍ കഴിയാതിരുന്ന നേതാവ് കൂടിയായിരുന്നു ചന്ദ്രചൂഡന്‍.
1982 ലും 1987 ലും തിരുവനന്തപുരം വെസ്റ്റില്‍ നിന്നും 2006 ല്‍ ആര്യനാട് നിന്നും നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ആര്‍എസ്‌പി ഇടതു മുന്നണിയിലായിരുന്ന കാലത്ത് ഒഴിവു വന്ന രാജ്യസഭ സീറ്റ് ചന്ദ്രചൂഡന് നല്‍കാന്‍ എല്‍ഡിഎഫ് നേതൃത്വം തീരുമാനിച്ചിരുന്നെങ്കിലും സംസ്ഥാന ഘടകത്തില്‍ എന്‍ കെ പ്രേമചന്ദ്രന്‍ അടക്കമുള്ളവര്‍ ഇത് നിഷേധിക്കുകയാണ് ചെയ്‌തത്.
എകെജി സെന്‍ററിലെത്തി ഇത്തവണ തങ്ങള്‍ക്ക് സീറ്റ് വേണ്ടെന്നും നേതാക്കള്‍ അറിയിച്ചു. ഇതോടെയാണ് പാര്‍ലമെന്‍ററി രാഷ്ട്രീയത്തില്‍ നിന്ന് ചന്ദ്രചൂഡന്‍ വിടവാങ്ങുന്നത്. പിഎസ്‌സി അംഗമായും ചന്ദ്രചൂഡന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ആര്‍എസ്‌പിയുടെ മുന്നണി മാറ്റ സമയത്ത് എന്നും ഇടത് മനസ് കാത്തു സൂക്ഷിച്ചിരുന്ന ചന്ദ്രചൂഡന്‍റെ തീരുമാനം എല്ലാവരിലും ആകാംക്ഷ ഉയര്‍ത്തിയുരുന്നു.
എന്നാല്‍ പാര്‍ട്ടിക്കൊപ്പമെന്ന തീരുമാനമാണ് ചന്ദ്രചൂഡന്‍ സ്വീകരിച്ചത്. കേരള സര്‍വകലാശാലയില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദവും ബിരുദാനന്തര ബിരുദവും ഒന്നാം റാങ്കോടെ പാസായ അദ്ദേഹം 1960 കളില്‍ കെ ബാലകൃഷ്‌ണന്‍റെ കൗമുദി വാരികയുടെ സഹപത്രാധിപരായിരുന്നു. 1969 - 87 കാലയളവില്‍ ദേവസ്വം കോളജില്‍ അധ്യാപകനായും പ്രവര്‍ത്തിച്ചു.
ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് രാഷ്ട്രീയത്തില്‍ നിന്ന് പൂര്‍ണമായി വിട്ടുനില്‍ക്കുകയായിരുന്ന അദ്ദേഹത്തെ 83-ാം വയസിലാണ് മരണം കീഴടക്കിയത്.
Also Read: ആർ.എസ്.പി നേതാവ് ടി.ജെ ചന്ദ്രചൂഡൻ അന്തരിച്ചു