'പൊതുപരിപാടികള്‍ 2 മണിക്കൂര്‍,കടകള്‍ രാത്രി 9 വരെ';സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കർശനമാക്കി - സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങൾ
17:22 April 12
ഹോട്ടലുകളിൽ 50% ആളുകൾക്ക് മാത്രം പ്രവേശനം. മെഗാ ഫെസ്റ്റിവൽ ഷോപ്പിങ്ങിന് നിരോധനം.
തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് വിവാഹമുൾപ്പെടെയുള്ള പൊതുചടങ്ങുകൾക്ക് നിയന്ത്രണമേർപ്പെടുത്താൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ചേർന്ന കോർ കമ്മിറ്റി യോഗത്തിൽ തീരുമാനം. പൊതുചടങ്ങുകളുടെ സമയ പരിധി രണ്ട് മണിക്കൂർ മാത്രമാക്കി നിജപ്പെടുത്തി. കൂടാതെ പൊതുപരിപാടികളില്‍ പങ്കെടുക്കുന്നവരുടെ എണ്ണത്തിലും നിയന്ത്രണമുണ്ട്. തുറന്ന സ്ഥലങ്ങളിൽ നടക്കുന്ന ചടങ്ങുകളിൽ 200 പേർക്കും അടച്ചിട്ട മുറികളിൽ നടക്കുന്ന ചടങ്ങിൽ 100 പേർക്കും മാത്രമേ പങ്കെടുക്കാൻ കഴിയൂ. ഇത്തരത്തിലുള്ള പൊതുചടങ്ങുകളിൽ പങ്കെടുക്കുന്നവരെല്ലാം ആർടിപിസിആർ പരിശോധന നടത്തിയിരിക്കണം. അല്ലെങ്കിൽ കൊവിഡ് വാക്സിൻ രണ്ട് ഡോസ് സ്വീകരിച്ച് പതിനാല് ദിവസം കഴിഞ്ഞിരിക്കണം. ഇക്കാര്യത്തിൽ കർശനമായ പരിശോധന നടത്തണമെന്നും കോർ കമ്മിറ്റി നിർദേശം നൽകി.
പൊതുചടങ്ങുകളിൽ ഒന്നും ഭക്ഷണം വിതരണം ചെയ്യാൻ പാടില്ല. പാക്കറ്റ് ഭക്ഷണങ്ങൾക്ക് മാത്രമാണ് അനുമതി നൽകുക. ഇതുകൂടാതെ ഹോട്ടലുകൾ ഉൾപ്പെടെയുള്ള വ്യാപാര സ്ഥാപനങ്ങളിൽ 50 ശതമാനം ആളുകൾക്ക് മാത്രമായിരിക്കും പ്രവേശനം. രാത്രി ഒമ്പത് മണിവരെ മാത്രമേ വ്യാപാരസ്ഥാപനങ്ങൾ പ്രവർത്തിക്കാവൂ എന്ന നിർദേശവും മുന്നോട്ടുവച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ അന്തിമ തീരുമാനം പിന്നീട് ഉണ്ടാകും. ആശുപത്രികളിലെ തിരക്ക് ഒഴിവാക്കുന്നതിനായി ഇ-സഞ്ജീവനി സേവനം വിപുലീകരിക്കും. ഇത്തരത്തിലുള്ള കൊവിഡ് നിയന്ത്രണങ്ങൾ കർശനമായി പാലിക്കുന്നു എന്ന് ഉറപ്പുവരുത്തുന്നതിന് പൊലീസ് പരിശോധന നടത്തും. മാസ്ക് ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതും കർശനമായി നിരീക്ഷിക്കാനും നിർദേശമുണ്ട്.
കേന്ദ്രത്തോട് ആവശ്യപ്പെട്ട വാക്സിനുകൾ ലഭിക്കുന്ന മുറയ്ക്ക് വാക്സിനേഷൻ ഊർജിതപ്പെടുത്തും. രോഗവ്യാപനം തീവ്രമായതിനെ തുടർന്നാണ് ചീഫ് സെക്രട്ടറി അടിയന്തരമായി കോർ കമ്മിറ്റി യോഗം വിളിച്ചുചേർത്തത്. വിവിധ വകുപ്പ് സെക്രട്ടറിമാരും ജില്ല മെഡിക്കൽ ഓഫീസർമാരും യോഗത്തിൽ പങ്കെടുത്തു.