കേരളം

kerala

ETV Bharat / state

അരുവിക്കരയിലെ പമ്പിങ്‌ സ്റ്റേഷനില്‍ അറ്റകുറ്റപണി; ജലവിതരണം മുടങ്ങും - water supply

നഗരത്തില്‍ കുടിവെള്ള വിതരണം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായി പത്ത് കോടി രൂപയുടെ അറ്റകുറ്റ പണികളാണ് വാട്ടര്‍ അതോറിറ്റി നടത്തുന്നത്.

അരുവിക്കരയിലെ പമ്പിങ്‌ സ്റ്റേഷനില്‍ അറ്റകുറ്റപണി  തിരുവനന്തപുരം  ജലവിതരണം മുടങ്ങും  കടകംപള്ളി സുരേന്ദ്രന്‍  water authority  water supply  water supply will stop for three days at thiruvananthapuram
അരുവിക്കരയിലെ പമ്പിങ്‌ സ്റ്റേഷനില്‍ അറ്റകുറ്റപണി

By

Published : Dec 10, 2019, 1:40 PM IST

തിരുവനന്തപുരം:അരുവിക്കരയിലെ പമ്പിങ്‌ സ്റ്റേഷനില്‍ അറ്റകുറ്റപണി നടക്കുന്നതില്‍ ഡിസംബര്‍ 13 മുതല്‍ മൂന്ന് ദിവസത്തേക്ക് തിരുവനന്തപുരം നഗരത്തിലെ പല ഭാഗങ്ങളിലും കുടിവെള്ളം മുടങ്ങും. നഗരത്തില്‍ കുടിവെള്ള വിതരണം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായി പത്ത് കോടി രൂപയുടെ അറ്റകുറ്റ പണികളാണ് വാട്ടര്‍ അതോറിറ്റി നടത്തുന്നത്. ആദ്യഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് ഈ ദിവസങ്ങളില്‍ നടക്കുക. ഡിസംബര്‍ 13ന് ഉച്ചയ്ക്ക് രണ്ടു മണി മുതല്‍ 14ന് പുലര്‍ച്ചെ രണ്ടുമണിവരെയാണ് അറ്റകുറ്റ പണികള്‍ നടക്കുക. 15ന് വൈകുന്നേരത്തോടെയാകും ജലവിതരണം പൂര്‍വസ്ഥിതിയിലാകുക. 74 എംഎല്‍ഡി ജലശുദ്ധീകരണ ശാലയുടെയും 86എംഎല്‍ഡി ശുദ്ധീകരണ ശാലയുടെയും പ്രവര്‍ത്തനമാണ് നിര്‍ത്തിവയ്ക്കുന്നത്.

86 എംഎല്‍ഡി ജലശുദ്ധീകരണ ശാലയിലെ പമ്പ് സെറ്റുകള്‍ക്കും അനുബന്ധ വൈദ്യുതോപകരണങ്ങള്‍ക്കും 20 വര്‍ഷത്തെ കാലപ്പഴക്കമുണ്ട്. കാലപ്പഴക്കം ചെന്ന പമ്പ് സെറ്റുകളും അനുബന്ധ ഉപകരണങ്ങളും മാറ്റുന്ന പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. നാല് ഘട്ടങ്ങളിലാകും ഈ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാകുക. നവീകരണം പൂര്‍ത്തിയാക്കുന്നതോടെ നഗരത്തില്‍ പ്രതിദിനം പത്ത് ദശലക്ഷം ലിറ്റര്‍ ജലം കൂടുതലായി എത്തിക്കാന്‍ സാധിക്കുമെന്നാണ് അതോറിറ്റി അവകാശപ്പെടുന്നത്. പമ്പിങ്‌ സ്റ്റേഷനിലെ രണ്ടാംഘട്ട നവീകരണ പ്രവര്‍ത്തനം ജനുവരി നാലിനും മൂന്നാംഘട്ടം ജനുവരി പതിനൊന്നിനും നടക്കും.

നാലാം ഘട്ടം ഫെബ്രുവരി ഒന്നിനുമാണ്. ഈ ദിവസങ്ങളിലും ജലവിതരണം ഭാഗീകമായി മുടങ്ങും. ശുദ്ധജല വിതണത്തിന് ക്രമീകരണങ്ങളൊരുക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ തന്നെ ശ്രമം തുടങ്ങിയിട്ടുണ്ട്. ടാങ്കറുകളില്‍ ജലമെത്തിക്കാനാണ് ശ്രമം. വാട്ടര്‍ അതോറിറ്റിയുടെ ടാങ്കറുകള്‍ക്ക് പുറമെ നഗരസഭ, പൊലീസ്, കരസേന, സിആര്‍പിഎഫ് എന്നീ വിഭാഗങ്ങളുടെ ടാങ്കറുകളുടെ സേവനവും ഉപയോഗപ്പെടുത്താനാണ് തീരുമാനം.

ശുദ്ധജലവിതരണം തടസ്സപ്പെടുന്ന ദിവസങ്ങളില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് ഭാഗികമായി ജലവിതരണം നടത്തും. ആര്‍സിസി, ശീചിത്ര എന്നിവിടങ്ങളിലേക്ക് ടാങ്കര്‍ ലോറികള്‍ വഴി ബദല്‍ സംവിധാനമൊരുക്കും. ആശുപത്രി, പൊലീസ് തുടങ്ങിയ അത്യാവശ്യ സര്‍വീസുകള്‍ക്ക് പ്രത്യേകമായി ടാങ്കര്‍ സര്‍വീസ് നടത്തും. നഗരവാസികള്‍ ശുദ്ധജലം കരുതിവയ്ക്കാനും പാഴാക്കുന്നത് ഒഴിവാക്കാനും ശ്രദ്ധിക്കണമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. 12 കേന്ദ്രങ്ങളില്‍ ടാങ്കുകള്‍ സ്ഥാപിക്കും. നിര്‍മാണാവശ്യത്തിന് കുടിവെള്ളം ഉപയോഗിച്ചാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.

ജലവിതരണം മുടങ്ങുന്ന സ്ഥലങ്ങള്‍

കവടിയാര്‍, പേരൂര്‍ക്കട, പൈപ്പിന്‍മൂട്, ശാസ്തമംഗലം, കൊച്ചാര്‍ റോഡ്, ഇടപ്പഴിഞ്ഞി, കനകനഗര്‍, വെള്ളയമ്പലം, മരപ്പാലം, പട്ടം, മെഡിക്കല്‍ കോളജ്, ആര്‍സിസി, ശ്രീചിത്ര മെഡിക്കല്‍ സെന്‍റര്‍, കുമാരപുരം, ഉള്ളൂര്‍, പ്രശാന്ത് നഗര്‍, ആക്കുളം, ചെറുവയ്ക്കല്‍, പോങ്ങുംമൂട്, ശ്രീകാര്യം, ചെമ്പഴന്തി, കരിയം, പാറോട്ടുകോണം, നാലാഞ്ചിറ, മണ്ണന്തല, കേശവദാസപുരം, പരുത്തിപ്പാറ, മുട്ടട, അമ്പലമുക്ക്, വഴയില, കുടപ്പനക്കുന്ന്, ജവഹര്‍ നഗര്‍, നന്തന്‍കോട്, ദേവസ്വം ബോര്‍ഡ് ജംങ്ഷന്‍, പൗഡിക്കോണം, കഴക്കൂട്ടം, കാര്യവട്ടം, ടെക്‌നോപാര്‍ക്ക്, മണ്‍വിള, കുളത്തൂര്‍, പള്ളിപ്പുറം, സിആര്‍പിഎഫ് എന്നീ പ്രദേശങ്ങളില്‍ ഡിസംബര്‍ പതിമൂന്ന് ഉച്ചയ്ക്ക് രണ്ടു മണിമുതല്‍ പൂര്‍ണമായും ജലവിതരണം മുടങ്ങും. 15ന് രാത്രിയോടെയാകും ഈ സ്ഥലങ്ങളില്‍ ജലവിതരണം പൂര്‍വസ്ഥിതിയിലെത്തുക.

തിരുമല, പിടിപി നഗര്‍, മരുതംകുഴി, പാങ്ങോട്, കാഞ്ഞിരംപാറ, വട്ടിയൂര്‍ക്കാവ്, കാച്ചാണി, നെട്ടയം, മലമുകള്‍, കുലശേഖരം, വലിയവിള, കൊടുങ്ങാനൂര്‍, കുണ്ടമണ്‍ഭാഗം, പുന്നയ്ക്കാമുഗള്‍, മുടവന്‍മുഗള്‍, ജഗതി, പൂജപ്പുര, കരമന, നേമം, വെള്ളായണി, പാപ്പനംകോട്, തൃക്കണ്ണാപുരം, കൈമനം, കരുമം, കാലടി, നെടുങ്കാട്, ആറ്റുകാല്‍ ഐരാണിമുട്ടം, തമ്പാനൂര്‍, ഈസ്റ്റ്‌ഫോര്‍ട്ട്, വള്ളക്കടവ്, കുര്യാത്തി, ചാല, മണക്കാട്, കമലേശ്വരം, അമ്പലത്തറ, പൂന്തുറ, ബീമാപ്പള്ളി, വലിയതുറ, ശ്രീവരാഹം, മുട്ടത്തറ, തിരുവല്ലം, നെല്ലിയോട് തുടങ്ങിയ പ്രദേശങ്ങളില്‍ ഡിസംബര്‍ പതിമൂന്ന് ഉച്ചയ്ക്ക് രണ്ടുമണി മുതല്‍ പൂര്‍ണമായും ജലവിതരണം മുടങ്ങും. പതിനാലാം തിയതിയോടെ ജലവിതരണം പൂര്‍വസ്ഥിതിയിലെത്തുമെന്നും വാട്ടര്‍ അതോറിറ്റി അറിയിച്ചു.

ABOUT THE AUTHOR

...view details