തിരുവനന്തപുരം :സംസ്ഥാനത്തെ വാക്‌സിനേഷന്‍ പ്രഖ്യാപിത ലക്ഷ്യത്തോട് അടുക്കുന്നു. പുതുക്കിയ എസ്റ്റിമേറ്റ് ജനസംഖ്യ അനുസരിച്ച് സംസ്ഥാനത്തെ ആദ്യ ഡോസ് വാക്‌സിനേഷന്‍ 88.94 ശതമാനമായും (2,37,55,055) രണ്ടാം ഡോസ് കുത്തിവയ്പ്പ് 36.67 ശതമാനമായും (97,94,792) ഉയര്‍ന്നു.
ഒന്നും രണ്ടും ഉള്‍പ്പെടെ ആകെ 3,35,49,847 ഡോസ് നല്‍കാനായി. അതായത് എസ്റ്റിമേറ്റ് ജനസംഖ്യ പ്രകാരം ഇനി 29 ലക്ഷത്തോളം പേര്‍ക്ക് മാത്രമേ സംസ്ഥാനത്ത് ആദ്യ ഡോസ് വാക്‌സിന്‍ നല്‍കാനുള്ളൂ.
കൊവിഡ് ബാധിച്ചവര്‍ക്ക് മൂന്ന് മാസം കഴിഞ്ഞ് മാത്രമേ കുത്തിവയ്പ്പ് എടുക്കേണ്ടതുള്ളൂ. അതിനാല്‍ കുറച്ചുപേര്‍ മാത്രമാണ് ഇനി ആദ്യഡോസ് എടുക്കാനുള്ളത്. കൊവിഡ് വാക്‌സിനേഷന്‍ എടുക്കേണ്ടവരുടെ ജനസംഖ്യ പുതുക്കി നിശ്ചയിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു.
രജിസ്ട്രാര്‍ ജനറല്‍ ഓഫിസും സെന്‍സസ് കമ്മിഷണറുമാണ് നിര്‍ദേശം നല്‍കിയത്. ഈ റിപ്പോര്‍ട്ട് പ്രകാരം എല്ലാ സംസ്ഥാനങ്ങളുടേയും എസ്റ്റിമേറ്റ് പോപ്പുലേഷന്‍ പുതുക്കിയിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിലുള്ള കണക്കാണ് സംസ്ഥാന സര്‍ക്കാര്‍ പുറത്തുവിട്ടത്.
നേരത്തെ 2021ലെ ടാര്‍ജറ്റ് പോപ്പുലേഷനനുസരിച്ച് 2.87 കോടി ജനങ്ങള്‍ക്കാണ് വാക്‌സിന്‍ നല്‍കേണ്ടതെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നത്.
എന്നാല്‍ പുതുക്കിയ എസ്റ്റിമേറ്റ് ജനസംഖ്യ പ്രകാരം അത് 2,67,09,000 ആണ്. ഇതേ മാനദണ്ഡം പാലിച്ച് 18 വയസിനും 44 വയസിനും ഇടയിലുള്ള ജനസംഖ്യ 1,39,26,000 ആയും 45നും 59നും ഇടയ്ക്കുള്ള ജനസംഖ്യ 69,30,000 ആയും 60 വയസിന് മുകളില്‍ 58,53,000 ആയും മാറ്റിയിട്ടുണ്ട്.