തിരുവനന്തപുരം: ഇടക്കാലത്ത് പിണറായി മന്ത്രിസഭയിലേക്ക് മടങ്ങിയെത്തിയ സജി ചെറിയാന് 85000 രൂപ പ്രതിമാസ വാടകയില്‍ തലസ്ഥാനത്ത് വീടൊരുക്കി ടൂറിസം വകുപ്പ്. നിലവില്‍ മന്ത്രിമാര്‍ക്കുള്ള ഔദ്യോഗിക വസതി ഒഴിവില്ലാത്തതിനാലാണ് സജി ചെറിയാന് വാടക വീട് കണ്ടെത്തിയത്. വാടകയ്ക്ക് പുറമേ വൈദ്യുതി ബില്ല്, വാട്ടര്‍ ബില്ല് തുടങ്ങിയെല്ലാം കൂടി ചേരുമ്പോള്‍ വാടക ഒരു ലക്ഷത്തിലേക്കുയരും.
ഇതിന് പുറമേ ഈ വീടിലേക്ക് സജി ചെറിയാന്‍ മാറുന്നതിന് മുന്‍പ് ടൂറിസം വകുപ്പിന്‍റെ നേതൃത്വത്തില്‍ വീട് മോടിപിടിപ്പിക്കലും ഉണ്ടാകും. ഔട്ട് ഹൗസ് ഉള്‍പ്പെടെ വിശാല സൗകര്യങ്ങളുള്ള വീടിന് വാടക ഇനത്തില്‍ മാസം പ്രതിവര്‍ഷം 10.20 ലക്ഷം രൂപയാകും. ചീഫ് വിപ്പ് ഡോ.എന്‍ ജയരാജിനും ഔദ്യോഗിക വസതിയായി വാടക വീടാണ് അനുവദിച്ചിട്ടുള്ളത്. ഇതിന് വാടക 45000 രൂപയാണ്. ഇതിന് പുറമേ ചീഫ് വിപ്പിന് 25 പേഴ്‌സണല്‍ സ്റ്റാഫു മുണ്ട്.
സംസ്ഥാനത്ത് പെട്രോള്‍, ഡീസല്‍ സെസ് ഏര്‍പ്പെടുത്തിയതിനെതിരെ കടുത്ത പ്രതിഷേധം ഉയരുന്നതിനിടെയാണ് മന്ത്രി സജി ചെറിയാന് ഉയര്‍ന്ന വാടകയ്ക്ക് വീട് എടുത്തത് എന്നതും ശ്രദ്ധേയമാണ്. അതേ സമയം സംസ്ഥാന സര്‍ക്കാരിന്‍റെ ഡല്‍ഹിയിലെ പ്രതിനിധിയായി നിയമിതനായ കെ.വി തോമസിന്‍റെ ഓണറേറിയം സംബന്ധിച്ച ഫയല്‍ ധന മന്ത്രി തിരിച്ചയച്ചു. നികുതി വര്‍ധനയ്‌ക്ക് എതിരെ പ്രതിപക്ഷം തെരുവില്‍ സമരം ചെയ്യുമ്പോള്‍ ഇത്തരം ഒരു ഫയലില്‍ ഒപ്പിടുന്നത് കനത്ത പ്രതിഷേധത്തിന് ഇടയാക്കുമെന്ന് കരുതിയാണ് ഇതെന്നാണ് സൂചന.