തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് ദുര്‍വിനിയോഗം ചെയ്‌തത് സംബന്ധിച്ച ഹര്‍ജി ഏപ്രില്‍ 12ന് ലോകായുക്ത പരിഗണിക്കാനിരിക്കെ ഒരിക്കല്‍ തീര്‍പ്പ് കല്‍പ്പിച്ച ഒരു പ്രശ്‌നം വീണ്ടും പരിശോധിക്കാനുള്ള ലോകായുക്തയുടെ അധികാരം സംബന്ധിച്ച് നിയമ വിദഗ്‌ധര്‍ക്ക് ഇടയിലും വ്യത്യസ്‌ത വാദമുഖങ്ങള്‍ ഉയരുന്നു. വിധി സംബന്ധിച്ച് ലോകായുക്തയ്ക്കും ഉപലോകായുക്തയ്ക്കും വ്യത്യസ്‌ത അഭിപ്രായമുള്ളതിനാല്‍ കേസ് നിലനില്‍ക്കുന്നതാണോ എന്ന് വീണ്ടും പരിശോധിക്കാന്‍ ലോകായുക്തയും രണ്ട് ഉപലോകായുക്തമാരും അടങ്ങിയ മൂന്നംഗ ഫുള്‍ ബഞ്ചിന് വിട്ട നടപടിയിലാണ് വ്യത്യസ്‌ത നിയമ കുരുക്കുകള്‍ നിയമ വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നത്. ലോകായുക്ത നിയമ പ്രകാരം ഒരു ഹര്‍ജി നിലനില്‍ക്കുന്നതാണോ എന്ന് പരിശോധിച്ച ശേഷം മാത്രമാണ് കേസ് ഫയലില്‍ സ്വീകരിക്കുന്നത്.
ഹര്‍ജിക്കാരനായ ആര്‍എസ് ശശികുമാര്‍ ഇത് സംബന്ധിച്ച ഹര്‍ജി ലോകായുക്തയില്‍ ഫയല്‍ ചെയ്യുന്നത് 2019 ജനുവരി 14നാണ്. ഇതിന്‍റെ പ്രാഥമിക വാദം 2019 സെപ്‌റ്റംബറില്‍ പൂര്‍ത്തിയാക്കി. ആരോപണങ്ങള്‍ ഗൗരവമുള്ളതാണെന്നും വിശദമായ അന്വേഷണം ആവശ്യമാണെന്നും ചൂണ്ടിക്കാട്ടി അന്നത്തെ ലോകായുക്ത ജസ്റ്റിസ് പയസ് കുര്യാക്കോസ് കേസ് നിലനില്‍ക്കുന്നതാണെന്ന് വിധിച്ച ശേഷമാണ് 2022 ഫെബ്രുവരി 5 മുതല്‍ മാര്‍ച്ച് 18 വരെ അന്തിമവാദം നടത്തിയത്. അതായത് ഒരിക്കല്‍ കേസ് നിലനില്‍ക്കുന്നതാണെന്ന് ലോകായുക്ത കണ്ടെത്തിയ കേസ് വീണ്ടും നിലനില്‍ക്കുന്നതാണോ എന്ന് പരിശോധിക്കുന്നതിന് നിയമ തടസം ഉണ്ടെന്നാണ് നിയമവിദഗ്‌ധരുടെ വാദം.
സിവില്‍ പ്രൊസീജിയർ കോഡ് (സിപിസി) പ്രകാരമാണ് ലോകായുക്ത കേസ് പരിഗണിക്കുന്നത്. സിപിസി 11-ാം വകുപ്പ് പ്രകാരം റെസ് ജൂഡിക്കേഷന്‍ തടസം അഥവാ ഒരിക്കല്‍ തീര്‍പ്പാക്കിയ കേസ് വീണ്ടും പരിഗണിക്കുന്ന തടസം ഈ കേസിനുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. അതായത് സിപിസി 11-ാം വകുപ്പ് പ്രകാരം ഈ കേസ് നിലനില്‍ക്കുന്നതാണോ എന്ന് പരിശോധിക്കാന്‍ ലോകായുക്ത ഫുള്‍ ബഞ്ചിന് അധികാരമില്ലെന്നാണ് ഇവര്‍ ഉന്നയിക്കുന്ന വാദം.