തിരുവനന്തപുരം : കൊവിഡ് നിയന്ത്രണങ്ങളില്ലാതെ നടന്ന പുതുവത്സര ആഘോഷങ്ങളിൽ റെക്കോർഡ് വിറ്റുവരവുമായി ബെവ്കോ. ഡിസംബർ 31ന് മാത്രം ബെവ്കോ ഔട്ട്ലെറ്റുകളിലൂടെ വിറ്റഴിച്ചത് 107.14 കോടി രൂപയുടെ മദ്യമാണ്. കഴിഞ്ഞ വർഷമിത് 95.67 കോടിയായിരുന്നു.
തിരുവനന്തപുരം പവർഹൗസ് റോഡ് ബെവ്കോ ഔട്ട്ലെറ്റ് വിൽപ്പനയിൽ ഒരു കോടി കടന്ന് റെക്കോർഡിട്ടു. ഇവിടെ 1.13 കോടി രൂപയുടെ മദ്യമാണ് വിറ്റഴിച്ചത്. കഴിഞ്ഞ ക്രിസ്‌മസ് വിൽപ്പനയിൽ കൊല്ലം ആശ്രാമം ബെവ്കോ ഔട്ട്ലെറ്റ് നേടിയ ഒരു കോടി രൂപയുടെ റെക്കോഡാണ് തിരുവനന്തപുരം പവർ ഹൗസ് റോഡ് ബെവ്കോ ഔട്ട്ലെറ്റ് ഇത്തവണ മറികടന്നത്.
ന്യൂ ഇയർ വിൽപ്പനയിൽ രണ്ടാം സ്ഥാനം ആശ്രാമം ഔട്ട്ലെറ്റിനും (96.59ലക്ഷം) മൂന്നാം സ്ഥാനം പാലാരിവട്ടം രവിപുരം ഔട്ട്ലെറ്റിനും (88.01 ലക്ഷം) നാലാം സ്ഥാനം പയ്യന്നൂർ ഔട്ട്ലെറ്റിനുമാണ് (80.94 ലക്ഷം). ഡിസംബർ 22 മുതൽ 31 വരെയുള്ള ക്രിസ്‌മസ് - ന്യൂ ഇയർ വിൽപ്പനയിലും ബെവ്കോ ഇത്തവണ റെക്കോർഡ് ഇട്ടു.
ALSO READ:ക്രിസ്‌മസിന് കേരളം കുടിച്ചത് 282 കോടിയുടെ മദ്യം; സര്‍ക്കാര്‍ ഖജനാവിലേക്ക് 250 കോടി
686.28 കോടി രൂപയുടെ മദ്യമാണ് ഈ പത്ത് ദിവസം കൊണ്ട് വിറ്റഴിച്ചത്. കഴിഞ്ഞ വർഷമിത് 649.30 കോടി രൂപയായിരുന്നു. 686.28 കോടിയുടെ ക്രിസ്‌മസ് ന്യൂ ഇയർ വിൽപ്പനയിൽ 600 കോടിയും സർക്കാരിനുള്ള ലാഭമാണ്. ബെവ്കോയുടെ ആകെയുള്ള 270 ഔട്ട്ലെറ്റുകളിൽ ആദ്യമായി ന്യൂ ഇയർ ദിനത്തിൽ വിൽപ്പന 10 ലക്ഷം വീതം കടന്നു എന്ന പ്രത്യേകതയും ഉണ്ട്.