എറണാകുളം : എഐ ക്യാമറ അഴിമതിയുമായി ബന്ധപ്പെട്ട് പുറത്തുവന്ന വിവരങ്ങളിൽ പ്രതിസ്ഥാനത്ത് നിൽക്കുന്നത് കേരളത്തിന്‍റെ മുഖ്യമന്ത്രിയാണെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പദ്ധതി റദ്ദാക്കി ഇതിനെ കുറിച്ച് സമഗ്രമായ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. എറണാകുളത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ചെന്നിത്തല. ഏപ്രിൽ 20 മുതൽ ഒരോ തെളിവുകളും പുറത്തുവിടുന്ന വേളയിൽ ഒന്നാമത്തെ പ്രതി മുഖ്യമന്ത്രിയാണെണ് അസന്ദിഗ്‌ധമായി സൂചിപ്പിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.
താനും പ്രതിപക്ഷ നേതാവും മാധ്യമങ്ങളും പുറത്ത് കൊണ്ടുവന്ന തെളിവുകളിൽ ഒന്നുപോലും പ്രതിരോധിക്കാൻ പാർട്ടിക്ക് കഴിഞ്ഞിട്ടില്ല. ആരോപണമുയർന്നാൽ നിജ സ്ഥിതി ജനങ്ങളെ ബോധ്യപ്പെടുത്താൻ തയ്യാറാകണം. ശാസ്ത്രീയമായി അഴിമതി നടത്തുന്നതില്‍ പിണറായി സര്‍ക്കാരിനുള്ള മിടുക്കാണ് എഐ ക്യാമറ തട്ടിപ്പിലും തെളിഞ്ഞ് കാണുന്നതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
വല്ലഭന് പുല്ലും ആയുധം എന്ന് പറയുന്നത് പോലെ എന്തിലും തട്ടിപ്പ് നടത്താനുള്ള വൈഭവമാണ് പിണറായി സര്‍ക്കാരിനെ വ്യത്യസ്‌തമാക്കുന്നതെന്നും ചെന്നിത്തല പരിഹസിച്ചു. 2018 മുതൽ ഒരേ പാറ്റേണിലുള്ള അഴിമതിയാണ് കേരളത്തിൽ നടന്ന് വരുന്നത്. കൊവിഡ് കാലത്ത് കേരളത്തിലെ ജനങ്ങളുടെ ആരോഗ്യ വിവരങ്ങള്‍ വിദേശ കമ്പനിക്ക് വിറ്റ് കാശാക്കാന്‍ നടത്തിയ സ്പ്രിംഗ്‌ളര്‍ അഴിമതി, ബെവ്കോ ആപ്പുമായി ബന്ധപ്പെട്ട അഴിമതി, കേരളത്തിലെ അമൂല്യമായ മത്സ്യസമ്പത്ത് വിദേശ കമ്പനികള്‍ക്ക് തീറെഴുതി കൊടുക്കാന്‍ നടത്തിയ ആഴക്കടല്‍ മത്സ്യബന്ധന തട്ടിപ്പ് എന്നിവ പോലുള്ള ആസൂത്രിതമായ മറ്റൊരു വെട്ടിപ്പാണ് എഐ ക്യാമറയുമായി ബന്ധപ്പെട്ട് നടന്നതെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
ഐ.ടിയുടെ ഈ കാലഘട്ടത്തിൽ മുഴുവന്‍ വകുപ്പുകളും ഡിജിറ്റലൈസ് ചെയ്യുകയാണ്. സംസ്ഥാന സർക്കാറിന്‍റെ ഐ.ടി സെക്രട്ടറിയായി എം.ശിവശങ്കർ വന്നതോടെ അഴിമതിയുടെ അക്ഷയ ഖനിയായി ഐടി വകുപ്പ് മാറി. ഐ.ടി, വ്യവസായ വകുപ്പുകളിലെ 2018 മുതൽ നടന്ന എല്ലാ പ്രവർത്തനങ്ങളെ സംബന്ധിച്ചും സമഗ്രമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കടലാസ് കമ്പനികൾക്ക് അഴിമതി നടത്താനുള്ള അവസരമാണ് കഴിഞ്ഞ സർക്കാറിന്‍റെയും ഈ സർക്കാറിന്‍റെയും കാലത്ത് നടക്കുന്നത്. എഐ ക്യാമറകള്‍ വച്ചുള്ള സേഫ് കേരള പദ്ധതിക്ക് രൂപം നല്‍കുന്നതിന് വളരെ മുന്‍പ് തന്നെ ഈ തട്ടിപ്പിന്‍റെ ഗൂഢാലോചനകളും നീക്കങ്ങളും നടന്നുവെന്ന് തെളിയിക്കുന്ന രേഖകള്‍ ഇതിനകം പുറത്ത് വന്നിട്ടുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ആദ്യം അഴിമതി നടത്താനുള്ള തന്ത്രം തയ്യാറാക്കി. അതിനുള്ള കമ്പനികളും രംഗത്തെത്തി. അത് കഴിഞ്ഞാണ് അഴിമതി നടത്താന്‍ പാകത്തിന് പദ്ധതി തയ്യാറാക്കുന്നത്. അടിമുടി കൃത്രിമവും ഒത്തുകളിയും നിറഞ്ഞിരിക്കുന്നത് അതിനാലാണെന്നും ചെന്നിത്തല പറഞ്ഞു.
എസ്.ആർ.ഐ.ടി, അക്ഷര എന്‍റെര്‍പ്രൈസസ്, അശോക ബില്‍ഡ്‌കോണ്‍ എന്നീ കമ്പനികളാണ് ഇതിന്‍റെ ടെണ്ടറില്‍ പങ്കെടുത്തത്. ഇത് കൂട്ടുകച്ചവടമായിരുന്നു എന്നതിന്‍റെ തെളിവുകള്‍ പുറത്ത് വന്നിട്ടുണ്ട്. സേഫ് കേരള പദ്ധതിയുടെ ഇ ടെണ്ടര്‍ നടപടി നടക്കുന്നതിന് മുന്‍പ് തന്നെ എസ്.ആർ.ഐ.ടി.യും അശോകയും തമ്മില്‍ ഇടപാടുകള്‍ ഉണ്ടായിരുന്നുവെന്നതിന്‍റെ തെളിവുകൾ ചെന്നിത്തല പുറത്ത് വിട്ടു.