തിരുവനന്തപുരം: കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ നടത്തുന്ന പാര്‍ട്ടി സമ്മേളനങ്ങള്‍ കേരള പൊലീസ് കണ്ടില്ലെന്ന് നടക്കിന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സാധാരണക്കാര്‍ക്കെതിരെ പിഴ ചുമത്തി സര്‍ക്കാര്‍ കൊളള ലാഭം കൊയ്യുന്നുവെന്നും ചെന്നിത്തല പറഞ്ഞു.
പാര്‍ട്ടി സമ്മേളനങ്ങളില്‍ നിയമം ലംഘിക്കുമ്പോള്‍ കാഴ്‌ചക്കാരായി നില്‍ക്കുന്ന പൊലീസ് എന്ത് സന്ദേശമാണ് നല്‍കുന്നതെന്നും ചെന്നിത്തല ചോദിച്ചു. സാധാരണ ജനങ്ങള്‍ക്ക് ഒരു നിയമവും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് മറ്റൊരു രീതിയുമാണ് ഇവിടെ. ഇത് ഇരട്ട നീതിയാണെന്നും ചെന്നിത്തല പ്രതികരിച്ചു.
ALSO READ:തൃശൂരിലും മെഗാ തിരുവാതിര സംഘടിപ്പിച്ച് സിപിഎം, പങ്കെടുത്തത് നൂറോളം പേർ ; കൊവിഡ് മാനദണ്ഡം പാലിച്ചെന്ന് സംഘാടകർ
പാര്‍ട്ടി സമ്മേളനങ്ങളിലെ നിയമ ലംഘനങ്ങള്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കണം. വിഷയത്തില്‍ ജില്ല കലക്ടര്‍ ഉള്‍പ്പടെയുളളവര്‍ക്ക് ജാഗ്രതയുണ്ടാവണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് കൊവിഡിന്‍റെ പേരില്‍ നടത്തിയ തീവെട്ടി കൊളളയ്‌ക്കെതിരെ മാനദണ്ഡങ്ങള്‍ പാലിച്ച് സമരം നടത്തിയവരെ മരണത്തിന്‍റെ വ്യാപാരികളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചത് എല്ലാവര്‍ക്കും ഓര്‍മയുണ്ടാവുമെന്ന് മുന്‍ പ്രതിപക്ഷ നേതാവ് പ്രതികരിച്ചു.
നിയമം എല്ലാവര്‍ക്കും ബാധകമാണ്. നിയമ ലംഘനത്തിന്‍റെ പേരില്‍ സാധാരണക്കാരെ ക്രൂശിക്കുന്നത് പൊലീസ് അവസാനിപ്പിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. അതേസമയം പൊലീസിന്‍റെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം 3,424 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. മാസ്‌ക് വെയ്ക്കാത്തതിനാണ് കൂടുതലും പിഴ ചുമത്തിയിരിക്കുന്നത്.