തിരുവനന്തപുരം:പ്രതിപക്ഷ നേതൃമാറ്റം സംബന്ധിച്ച അഭ്യൂഹങ്ങളിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഉമ്മൻചാണ്ടി ഏത് സ്ഥാനത്ത് വന്നാലും സന്തോഷമാണ്. ഇക്കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് ഹൈക്കമാൻഡാണെന്നും കേന്ദ്രനേതൃത്വത്തിന്‍റെ ഏത് തീരുമാനത്തെയും സ്വാഗതം ചെയ്യുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പ് തോൽവിയിൽ എല്ലാവർക്കും കൂട്ടുത്തരവാദിത്വം ഉണ്ട്. മുസ്ലീം ലീഗിനെ ചെളി വാരിയെറിയാനുള്ള ബോധപൂർവമായ ശ്രമമാണ് സിപിഎം നടത്തുന്നത് എന്നും ചെന്നിത്തല പറഞ്ഞു.
ഉമ്മൻചാണ്ടി ഏത് പദവിയിൽ വരുന്നതും സ്വാഗതാർഹമെന്ന് രമേശ് ചെന്നിത്തല
തദ്ദേശ തെരഞ്ഞെടുപ്പ് തോൽവിയിൽ എല്ലാവർക്കും കൂട്ടുത്തരവാദിത്വം ഉണ്ടെന്നും മുസ്ലീം ലീഗിനെ ചെളി വാരിയെറിയാനുള്ള ബോധപൂർവമായ ശ്രമമാണ് സിപിഎം നടത്തുന്നതെന്നും ചെന്നിത്തല
അതേസമയം, എൻസിപിയുടെ മുന്നണി മാറ്റം സംബന്ധിച്ച് ഒരു ചർച്ചയും ഔദ്യോഗികമായി നടന്നിട്ടില്ല. മാധ്യമങ്ങളിലൂടെ കാണുന്ന കാര്യമാണ് തനിക്ക് അറിയാവുന്നത്. ഹരിപ്പാട് നിന്നും തിരുവനന്തപുരത്തേക്ക് മാറി മത്സരിക്കുമെന്നത് തെറ്റായ വാർത്തയാണ്. ഹരിപ്പാട് മണ്ഡലം തനിക്ക് അമ്മയെ പോലെ ആണെന്നും മാറി മത്സരിക്കാനില്ലെന്നും ചെന്നിത്തല പറഞ്ഞു. സംസ്ഥാന നേതൃത്വത്തിലെ എ.ഐ.സി.സി ഇടപെടൽ സംബന്ധിച്ച ചോദ്യത്തിന് ഹൈക്കമാൻഡ് നടപടി സ്വാഗതം ചെയ്യുന്നു എന്നായിരുന്നു പ്രതിപക്ഷ നേതാവിന്‍റെ പ്രതികരണം.