കേരളം

kerala

ETV Bharat / state

വിലക്കയറ്റം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് രമേശ് ചെന്നിത്തല

സമൂഹ അടുക്കളയുടെ പ്രവര്‍ത്തനം വൈകിയതിന്‍റെ പേരില്‍ കൊച്ചി മേയറെ ശാസിച്ച എറണകുളം ജില്ലാ കലക്‌ടറുടെ നടപടി പ്രതിഷേധാര്‍ഹം

ramesh chennithala  price hike  വിലക്കയറ്റം  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല  ലോക്ക് ഡൗണ്‍  ഇടുക്കി കൊവിഡ്  എറണകുളം ജില്ലാ കലക്‌ടര്‍  കൊച്ചി മേയര്‍  വായ്‌പാ തിരിച്ചടവ്  മൊറട്ടോറിയം
വിലക്കയറ്റം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് രമേശ് ചെന്നിത്തല

By

Published : Mar 27, 2020, 6:19 PM IST

തിരുവനന്തപുരം: വിലക്കയറ്റം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഉല്‍പാദകരില്‍ നിന്നും അവശ്യസാധനങ്ങള്‍ കടകളിലെത്താത്ത സ്ഥിതി പരിഹരിക്കണം. ലോക്ക് ഡൗണിന്‍റെ പശ്ചാത്തലത്തില്‍ ചില കേന്ദ്രങ്ങള്‍ കൃത്രിമ ക്ഷാമം സൃഷ്‌ടിക്കുന്നതായി പരാതിയുണ്ട്. ഇതിനെതിരെ നടപടി സ്വീകരിക്കണം. ഇടുക്കിയില്‍ കൊവിഡ് സ്ഥിരീകരിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നിയമസഭയിലെത്തിയിരുന്നതായി അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വിലക്കയറ്റം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് രമേശ് ചെന്നിത്തല

ചില പൊലീസുദ്യോഗസ്ഥര്‍ അതിരുകടക്കുന്നുണ്ട്. മാന്യമായി പെരുമാറാനും ജനങ്ങളെ കാര്യം പറഞ്ഞു മനസിലാക്കാനുമാണ് പൊലീസ് ശ്രദ്ധിക്കേണ്ടത്. സ്വകാര്യ ബാങ്കുകള്‍ മനസാക്ഷിയില്ലാതെ കിട്ടാനുളള പണം വാങ്ങിയെടുക്കാന്‍ ശ്രമിക്കുന്നതായി പരാതിയുണ്ട്. ഇത് അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണം. സമൂഹ അടുക്കളയുടെ പ്രവര്‍ത്തനം വൈകിയതിന്‍റെ പേരില്‍ കൊച്ചി മേയറെ ശാസിച്ച എറണകുളം ജില്ലാ കലക്‌ടറുടെ നടപടി പ്രതിഷേധാര്‍ഹമാണ്. കാര്യങ്ങള്‍ മനസിലാക്കാതെയാണ് കലക്‌ടര്‍ പെരുമാറിയത്. കൊച്ചിയില്‍ നാല് സമൂഹ അടുക്കളകളുടെ പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു.

മുഖ്യമന്ത്രി പ്രഖ്യാപിച്ച സന്നദ്ധസേനയുടെ കാര്യത്തില്‍ ആശയക്കുഴപ്പമുണ്ട്. നേരത്തെ പഞ്ചായത്ത് തലത്തില്‍ സേന ആരംഭിച്ചിരുന്നു. പുതുതായി സേന രൂപീകരിക്കുകയാണോയെന്നും അംഗത്വ മാനദണ്ഡങ്ങളിലും വ്യക്തത വരുത്തണം. വായ്‌പകള്‍ക്ക് ആര്‍ബിഐ പ്രഖ്യാപിച്ച് മൂന്ന് മാസത്തെ മൊറട്ടോറിയം അപര്യാപ്‌തമാണ്. ഇത് ഒരു വര്‍ഷമായി നീട്ടണം. കേന്ദ്രസര്‍ക്കാര്‍ 50 ലക്ഷത്തിന്‍റെ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ പൊലീസ്, അവശ്യസര്‍വീസുകള്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവരെ കൂടി ഉള്‍പ്പെടുത്തണം. ഇക്കാര്യങ്ങള്‍ ആവശ്യപ്പെട്ട് കേന്ദ്ര ധനകാര്യമന്ത്രിക്ക് കത്ത് നല്‍കും.

മദ്യദുരന്തമുണ്ടാകുമെന്ന് ജനങ്ങളെ ഭീതിപ്പെടുത്തുന്ന സഹകരണ മന്ത്രിയുടെ നിലപാട് ശരിയായില്ല. സാനിറ്റൈസര്‍ കുടിച്ചു മരിച്ചവര്‍ക്ക് വേണ്ടി സംസാരിക്കുന്നതിന് പകരം സഹകരണ ബാങ്കിലെ വായ്‌പാ തിരിച്ചടവിന് ബുദ്ധിമുട്ടുന്നവരുടെ പ്രശ്‌നം പരിഹരിക്കാനാണ് കടകംപളളി സുരേന്ദ്രന്‍ ശ്രമിക്കേണ്ടത്. സഹകരണ ബാങ്കുകള്‍ വായ്‌പകള്‍ക്ക് ഒരു വര്‍ഷത്തെ മൊറട്ടോറിയം നല്‍കണം. ഉത്തരവിറങ്ങാത്തതിനാല്‍ ഹീമോഫീലിയ രോഗികള്‍ക്ക് മരുന്ന് ലഭ്യമാകുന്നില്ല. കാരുണ്യ പദ്ധതി നീട്ടണം. ഫണ്ടില്ലാത്ത തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് കൊവിഡ് പ്രതിരോധത്തിന് സര്‍ക്കാര്‍ ഫണ്ട് അനുവദിക്കണം. കന്‍റോണ്‍മെന്‍റ് ഹൗസില്‍ ആരംഭിച്ച കണ്‍ട്രോള്‍ റൂമില്‍ 800 പരാതികള്‍ ഇതിനകം ലഭ്യമായിട്ടുണ്ട്. ഇവ ബന്ധപ്പെട്ട വകുപ്പുകളുടെ ശ്രദ്ധയില്‍പ്പെടുത്തി പരിഹരിച്ചുവരികയാണെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

ABOUT THE AUTHOR

...view details