രമേശ് ചെന്നിത്തല മാധ്യമങ്ങളെ കാണുന്നു തിരുവനന്തപുരം:എഐ ക്യാമറ വിവാദത്തിൽ സർക്കാരിനെ പ്രതിക്കൂട്ടിലാക്കി ഗുരുതര ആരോപണങ്ങളുമായി വീണ്ടും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പദ്ധതിയുമായി ബന്ധപ്പെട്ട് തെറ്റ് സംഭവിച്ചുവെന്ന് ബോധ്യപ്പെട്ടിട്ടും മന്ത്രിസഭ അനുമതി നൽകിയത് വലിയ പിഴവാണെന്ന് രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു. തെറ്റ് നടന്നുവെന്ന് ബോധ്യപ്പെട്ടാൽ അതിന് അംഗീകാരം നൽകുന്നതാണോ മന്ത്രിസഭയുടെ ജോലിയെന്നും അദ്ദേഹം ചോദിച്ചു.
'കേരളം കണ്ട ഏറ്റവും വലിയ അഴിമതി കൃത്യമായ ആസൂത്രണത്തോടെയാണ് നടന്നത്. പദ്ധതി നടപ്പാക്കാൻ വേണ്ടി ചട്ടങ്ങൾ കാറ്റിൽ പറത്തി. കരാർ റദ്ദാക്കി കുറ്റവാളികളെ ശിക്ഷിക്കുകയായിരുന്നു മന്ത്രിസഭ ചെയ്യേണ്ടിയിരുന്നത്. നിയമ മന്ത്രി പി രാജീവ് ഇന്നലെ നടത്തിയ വാർത്താസമ്മേളനത്തിൽ കെൽട്രോണിനെ വെള്ളപൂശനാണ് ശ്രമിച്ചത്. സർക്കാർ കള്ളന്മാർക്ക് കവചം ഒരുക്കുകയാണ്,' - ചെന്നിത്തല കുറ്റപ്പെടുത്തി. ഉത്തരവാദിത്തത്തിൽ നിന്ന് മന്ത്രിസഭയ്‌ക്ക് മാറി നിൽക്കാനാകില്ല. വിഷയത്തിൽ വ്യവസായ പ്രിൻസിപ്പിൾ സെക്രട്ടറിയുടെ അന്വേഷണമല്ല ആവശ്യം. ജുഡീഷ്യൽ അന്വേഷണമാണ് നടത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
സർക്കാർ അന്വേഷണം പ്രഖ്യാപിച്ച് ഒരു ബലിയാടിനെ കണ്ടെത്താൻ ശ്രമിക്കുകയാണ്. ധനവകുപ്പ് ആറ് തവണ എതിർത്ത പദ്ധതിയാണിത്. താൻ അടക്കം ഉന്നയിച്ച ചോദ്യങ്ങൾക്ക് ഒരു മന്ത്രിമാരും മറുപടി പറഞ്ഞില്ലെന്നും ചെന്നിത്തല പറഞ്ഞു. വാർത്താസമ്മേളനത്തിൽ രമേശ് ചെന്നിത്തല എഐ ക്യാമറ പദ്ധതിയുമായി ബന്ധപ്പെട്ട നാല് രേഖകളും പുറത്തുവിട്ടു. പദ്ധതി നടപ്പിലാക്കാൻ 75.32 കോടി രൂപയാണ് വേണ്ടത്. എന്നാൽ 83.6 കോടി രൂപയ്ക്ക് പദ്ധതി നടപ്പിലാക്കുമെന്നാണ് രേഖകളിൽ ഉള്ളത്.
ഉപകരാറിൽ ട്രോയ്‌സ് കമ്പനി ഡയറക്‌ടർ ജിതേഷിന്‍റെ റോളെന്താണെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട ചെന്നിത്തല സർക്കാരിൽ ശിവശങ്കറിന് ഉണ്ടായിരുന്നതിനേക്കാൾ കൂടുതൽ സ്വാധീനം ജിതേഷിന് ഉണ്ടെന്നാണ് മനസിലാക്കുന്നതെന്ന് ആക്ഷേപിച്ചു. ഉപകരാറിൽ ഏർപ്പെട്ട പ്രസാഡിയോ എന്ന കമ്പനിയെ കുറിച്ച് വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട കമ്പനി ഉടമ രാംജിത്ത് ആരാണെന്നും മുഖ്യമന്ത്രിയുമായി എന്ത് ബന്ധമാണുള്ളതെന്നും എത്രതവണ ക്ലിഫ് ഹൗസ് സന്ദർശിച്ചുവെന്നതടക്കമുള്ള വിവരങ്ങൾ പുറത്തുവിടണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
ചെന്നിത്തല പുറത്തുവിട്ട രേഖയിൽ പറയുന്നത് എസ്ആർഐടിക്ക് വേണ്ടി ടെന്‍ഡര്‍ വ്യവസ്ഥ പ്രകാരം പ്രസാഡിയോ ആറ് കോടി രൂപയുടെ സെക്യൂരിറ്റി ഡെപ്പോസിറ്റ് കെല്‍ട്രോണിന് നല്‍കുമെന്നാണ്. ലൈറ്റ് മാസ്റ്ററാണ് ടെന്‍ഡര്‍ കണ്ടീഷനില്‍ പറഞ്ഞിരിക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങളുടേയും അനുബന്ധ സാധനങ്ങളുടേയും വിതരണക്കാർ. എസ്ആർഐടിയും പ്രസാഡിയോയും ചേര്‍ന്ന് ലൈറ്റ് മാസ്റ്ററിന് എല്ലാ ഐറ്റത്തിനും പ്രോഡക്‌ടിനും പര്‍ച്ചേസ് ഓര്‍ഡര്‍ നല്‍കുമെന്നാണ് പറയുന്നത്. ഈ ക്ലോസ് പ്രകാരമാണ് ലൈറ്റ് മാസ്റ്ററിന് പര്‍ച്ചേസ് ഓര്‍ഡര്‍ നല്‍കിയത്.
ക്യാമറ ഉള്‍പ്പെടെ ഈ പദ്ധതി നടപ്പിലാക്കുന്നതിന് വേണ്ടി വരുന്ന ആകെ സാധന സാമഗ്രികളുടെ വില 75,32,58,841 രൂപ ആണെന്നും ചെന്നിത്തല പുറത്തുവിട്ട രേഖയിൽ പറയുന്നു. കെൽട്രോണിനെ ഈ പദ്ധതിയുടെ പ്രോജെക്‌ട് മോണിറ്ററിങ് സെൽ ആയാണ് നിയമിച്ചിട്ടുള്ളത്. പിഎംസി പര്‍ച്ചേസ് നടത്താന്‍ പാടില്ലെന്ന് സര്‍ക്കാര്‍ തന്നെ 2018 ല്‍ ഉത്തരാവിറക്കിയിട്ടുണ്ട്. അത് ഇവിടെ ലംഘിച്ചിരിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു. കരാറില്‍ സാങ്കേതിക സഹായം നല്‍കുമെന്ന് എസ്ആർഐടി അവകാശപ്പെടുന്ന ട്രോയിസിന്‍റെ ഡയറക്‌ടറായ ജിതേഷിനെ കുറിച്ചും ട്രോയ്‌സ് എന്ന കമ്പനിയെ കുറിച്ചും കമ്പനിക്ക് ലഭിച്ച കരാറുകളെ കുറിച്ചും അന്വേഷണം നടത്തണം. എസ്ആർഐടി, പ്രസാഡിയോ, ട്രോയിസ്, ഇ സെന്‍ട്രിക്, അക്ഷര, അശോക, യുഎൽടിഎസ് എന്നീ സ്ഥാപനങ്ങളുടെ ഇടപാടുകളെക്കുറിച്ചും കൂട്ടുകച്ചവടത്തെക്കുറിച്ചും സമഗ്രമായി അന്വേഷിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. നിലവിൽ സംസ്ഥാനത്ത് സ്ഥാപിച്ചിരിക്കുന്നത് എഐ ക്യാമറകൾ അല്ലെന്നും എഎൻപിആർ (ഓട്ടോമാറ്റിക് നമ്പർപ്ലേറ്റ് റെക്കഗ്നേഷൻ) ക്യാമറകൾ ആണെന്നും ചെന്നിത്തല ആരോപിച്ചു.