തിരുവനന്തപുരം: ബാർകോഴ കേസിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ കേസെടുക്കുന്നതിന് ഗവർണറുടെ അനുമതി ആവശ്യമില്ലെന്ന് സർക്കാരിന് നിയമോപദേശം. ബാർ ഉടമ ബിജു രമേശിന്‍റെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിലാണ് ചെന്നിത്തലക്കെതിരെ വിജിലൻസ് അന്വേഷണം നടത്താൻ സർക്കാർ നിയമോപദേശം തേടിയത്.
ചെന്നിത്തലക്കെതിരായ അന്വേഷണം; ഗവര്‍ണറുടെ അനുമതി വേണ്ടെന്ന് നിയമോപദേശം - ബാർ കോഴ
ബാർ ഉടമ ബിജു രമേശിന്‍റെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിലാണ് ചെന്നിത്തലക്കെതിരെ വിജിലൻസ് അന്വേഷണം നടത്താൻ സർക്കാർ നിയമോപദേശം തേടിയത്
ഒരു കോടി രൂപ കോഴ നൽകിയെന്ന് ബിജു രമേശ് പറയുന്ന സമയത്ത് രമേശ് ചെന്നിത്തല മന്ത്രി ആയിരുന്നില്ല. കെപിസിസി പ്രസിഡന്‍റും എംഎൽഎയുമായിരുന്നു. ക്യാബിനറ്റ് പദവി ഇല്ലാതിരുന്നതിനാൽ രമേശ് ചെന്നിത്തലക്കെതിരെ കേസ് എടുക്കുന്നതിന് ഗവർണറുടെ അനുമതി ആവശ്യമില്ലെന്നും സ്‌പീക്കറുടെ മാത്രം അനുമതി മതിയെന്നുമാണ് സർക്കാരിന് ഇപ്പോൾ ലഭിച്ചിരിക്കുന്ന നിയമോപദേശം. എംഎൽഎ ആയിരുന്നതിനാലാണ് സ്‌പീക്കറുടെ അനുമതി തേടുന്നത്.
ബിജു രമേശിന്‍റെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിൽ രമേശ് ചെന്നിത്തലക്കെതിരെ വിജിലൻസ് പ്രാഥമിക അന്വേഷണം നടത്തുകയും കേസ് രജിസ്റ്റർ ചെയ്യാൻ സർക്കാരിനോട് അനുമതി തേടുകയും ചെയ്‌തിരുന്നു. വിജിലൻസിന് മുഖ്യമന്ത്രി പിണറായി വിജയൻ അനുമതി നൽകുകയും ചെയ്‌തു. ചെന്നിത്തലക്കെതിരെ കേസെടുക്കുന്നതിന് അനുമതി ആവശ്യപ്പെട്ട് ആഭ്യന്തര വകുപ്പ് സ്‌പീക്കർക്ക് കത്ത് നൽകി. സ്‌പീക്കർമാരുടെ സമ്മേളനത്തിനായി ഗുജറാത്തിൽ പോയ സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണൻ കേരളത്തിൽ മടങ്ങിയെത്തിയ ശേഷം ഇക്കാര്യത്തിൽ തീരുമാനമുണ്ടാകും.