തിരുവനന്തപുരം: ഏകാധിപത്യ സ്വഭാവമുള്ള ഇടതുസര്‍ക്കാരില്‍ നിന്ന് കേരളത്തെ മോചിപ്പിച്ച് സംശുദ്ധമായ സദ്ഭരണം കെട്ടിപ്പടുക്കാന്‍ യുഡിഎഫിനെ സഹായിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളചരിത്രത്തിലെ നിര്‍ണായകമായ വിധിയെഴുത്താണ് ഇത്തവണ നടക്കുന്നത്. വീണ്ടും ഒരിക്കല്‍ക്കൂടി ഇടതുമുന്നണി അധികാരത്തില്‍ വന്നാല്‍ കേരളത്തിന്‍റെ സര്‍വ നാശത്തിന് വഴിവെയ്ക്കും. അതിനാല്‍ ഓരോ കേരളീയനും വിവേക പൂര്‍ണമായി സമ്മതിദാനാവകാശം വിനിയോഗിക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ വോട്ടര്‍ പട്ടികയില്‍ ഓരോ മണ്ഡലങ്ങളിലും ആയിരക്കണക്കിന് വ്യാജ വോട്ടര്‍മാരെ തിരുകിക്കയറ്റി ജനഹിതത്തെ അട്ടിമറിക്കുന്നതിനുള്ള ആസൂത്രിത ശ്രമം നടന്നു. കള്ള വോട്ട് ചെയ്യുന്നത് തങ്ങളുടെ അവകാശമെന്ന മട്ടിലാണ് ചില സിപിഎം നേതാക്കള്‍ കഴിഞ്ഞ ദിവസം സംസാരിച്ചത്. ഇത് ജനാധിപത്യത്തിന് നേരെ ഉയരുന്ന വലിയ വെല്ലുവിളിയാണ്. ഒരു വോട്ടര്‍ ഒരു വോട്ട് മാത്രമേ ചെയ്യുന്നുള്ളൂ എന്ന് ഉറപ്പാക്കണമെന്ന് ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അത് നടപ്പാക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉറപ്പും നല്‍കിയിട്ടുണ്ട്. ഞങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷനില്‍ വിശ്വാസമുണ്ട്. എങ്കിലും ജനാധിപത്യം അട്ടിമറിക്കപ്പെടാതിരിക്കുന്നതിന് ഓരോ വോട്ടറും ജാഗരൂകമായിരിക്കേണ്ട തെരഞ്ഞെടുപ്പാണിതെന്ന് പ്രത്യേകം ഓര്‍മ്മിപ്പിക്കുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.