രാജാ രവി വര്‍മ്മ ആര്‍ട്ട് ഗ്യാലറി തിരുവനന്തപുരം :ഭാരതീയ ചിത്രകലയുടെ നവോത്ഥാന നായകന്‍, ഇന്ത്യൻ ചിത്രകലയെ ലോക ചരിത്രത്തിൽ അടയാളപ്പെടുത്തിയ വിഖ്യാത ചിത്രകാരൻ, രാജാ രവിവർമ്മയുടെ (Raja ravi varma) ജീവൻതുടിക്കുന്ന ചിത്രങ്ങൾ ആസ്വദിക്കാൻ തലസ്ഥാന നഗരിയിൽ രാജാ രവിവർമ്മ ആർട്ട് ഗ്യാലറി മിഴി തുറന്നു (Raja Ravi Varma Art Gallery).
മ്യൂസിയത്തില്‍ ശ്രീചിത്ര ആർട്ട് ഗ്യാലറിക്ക് സമീപമാണ് രാജാ രവിവർമ്മ ആർട്ട് ഗ്യാലറി പഴമയുടെ പ്രൗഢിയോടെ തലയുയർത്തി നിൽക്കുന്നത്. ശകുന്തള, ശകുന്തളയും സഖിമാരും, ഹംസദമയന്തി, ദ്രൗപതിയും സിംഹികയും, ദക്ഷിണേന്ത്യൻ നാടോടികൾ തുടങ്ങി പ്രസിദ്ധമായ എണ്ണച്ചായ ചിത്രങ്ങൾ, പെൻസിൽ സ്‌കെച്ചുകൾ എന്നിവ ഇവിടെ അവതരിപ്പിക്കുന്നു. രാജാ രവിവർമ്മ ജീവൻ നൽകിയ അത്യപൂര്‍വ്വവും പ്രസിദ്ധവുമായ 46 ചിത്രങ്ങളും സ്‌കെച്ചുകളുമാണ് പ്രദർശിപ്പിച്ചിരിക്കുന്നത്. രവിവർമ്മ ചിത്രങ്ങൾക്ക് പുറമെ സഹോദരന്‍ രാജ രാജവര്‍മ്മയുടെ 41 ചിത്രങ്ങളും സഹോദരി മംഗളഭായി തമ്പുരാട്ടിയുടെയും സമകാലിക ചിത്രകാരന്മാരുടെയുമടക്കം 135 ചിത്രങ്ങളും ഉണ്ട്.
പരമ്പരാഗത തനിമ നിലനിർത്തി രൂപകൽപ്പന ചെയ്‌ത ഇരുനില കെട്ടിടത്തിന്‍റെ ആദ്യത്തെ നിലയിൽ പൂർണമായും രാജാ രവിവർമ്മ ചിത്രങ്ങളാണ് പ്രദർശിപ്പിച്ചിരിക്കുന്നത്. ഉള്ളിലേക്ക് പ്രവേശിക്കുമ്പോൾ രവിവർമ്മയുടെ ശില്‍പവും ജീവചരിത്രവും കാണാം. അത്യാധുനിക സംവിധാനങ്ങളോട് കൂടിയാണ് ആർട്ട് ഗ്യാലറിയുടെ നിർമാണം. രാജാ രവിവർമ്മ സ്‌കൂൾ ഓഫ് ആര്‍ട്‌സിന്‍റെ ചിത്രങ്ങളും സമകാലിക ചിത്രങ്ങളും പുതിയ ഗ്യാലറിയുടെ രണ്ടാം നിലയിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.
വിഖ്യാത ചിത്രകാരനെയും അദ്ദേഹത്തിന്‍റെ കലാവൈഭവത്തെയും കുറിച്ച് പുതുതലമുറയ്‌ക്ക് കൂടുതല്‍ അറിവ് പകരുന്നതായിരിക്കും തലസ്ഥാന നഗരിയില്‍ മിഴിതുറന്ന രാജാ രവിവർമ്മ ആർട്ട് ഗ്യാലറി. സുരക്ഷയ്ക്കായി സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. പൂർണമായും ശീതീകരിച്ച കെട്ടിടത്തിന്‍റെ രണ്ടാമത്തെ നിലയിലേക്ക് പോകാൻ ലിഫ്റ്റും സജ്ജമാണ്. 12000 ചതുരശ്ര വിസ്‌തീർണത്തിലാണ് കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. ആർട്ട് ഗ്യാലറിയുടെ ഉദ്‌ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.
രവി വര്‍മ്മ ചിത്രത്തിന്‍റെ സവിശേഷതകള്‍: യൂറോപ്യന്‍ കലയുടെ സാങ്കേതികതയും മനോഹാരിതയും ഇന്ത്യന്‍ കലയില്‍ നിന്നുള്ള വൈകാരിക സംവേദനക്ഷമതയും സംയോജിപ്പിച്ചുകൊണ്ടുള്ളതായിരുന്നു രാജാ രവി വര്‍മ്മയുടെ ചിത്രങ്ങള്‍. അദ്ദേഹത്തിന്‍റെ പ്രശസ്‌തമായ രചനകളില്‍ ഭൂരിഭാഗവും പുരാണങ്ങളില്‍ നിന്നും കടമെടുത്തവയാണ്. ദേവന്മാരെയും ദേവതകളെയും ചിത്രീകരിക്കുന്നതിനായി മനുഷ്യന്‍റെ യഥാര്‍ഥ രൂപം തന്നെ വരച്ച് യാഥാര്‍ഥ്യബോധമുള്ള ചിത്രങ്ങളായിരുന്നു അദ്ദേഹം ഒരുക്കിയിരുന്നത്.
പുരാണങ്ങളെയും ഇതിഹാസങ്ങളെയും അടിസ്ഥാനമാക്കിയുള്ള ചിത്രങ്ങള്‍ ഒരുക്കിയാണ് അദ്ദേഹം ഏറ്റവുമധികം പ്രശസ്‌തി നേടിയത്. പ്രസിദ്ധമായ പുരാണകഥകള്‍ കേള്‍ക്കാനോ വായിച്ചറിയുവാനോ സാധിക്കാത്തവര്‍ക്ക് അതിനൊരു അവസരമെന്നോണം തന്‍റെ ചിത്രങ്ങളിലൂടെ അദ്ദേഹം കഥ പറഞ്ഞു. ഈ വിഭാഗത്തില്‍ ഏറ്റവുമധികം ജനപ്രിയമായത് ദുഷ്യന്തന്‍റെയും ശകുന്തളയുടെയും നളന്‍റെയും ദമയന്തിയുടെയും കഥകളായിരുന്നു.
എന്നാല്‍, ഹിന്ദുപുരാണങ്ങളിലുള്ള ദേവതകളെ സൂചിപ്പിക്കുന്നതിനായി ദക്ഷിണേന്ത്യന്‍ സ്‌ത്രീകളുടെ മുഖഛായയുള്ള ചിത്രങ്ങള്‍ തീര്‍ത്തതില്‍ അദ്ദേഹം ഏറെ വിമര്‍ശിക്കപ്പെടുകയും ചെയ്‌തിട്ടുണ്ട്. 58 വയസുവരെ ഏകദേശം 7,000 ചിത്രങ്ങള്‍ അദ്ദേഹം ഒരുക്കിയെന്നാണ് കരുതപ്പെടുന്നത്.