തിരുവനന്തപുരം: രാജ്ഭവനിൽ ജോലിക്കുപോയ ജീവനക്കാരനെ കാണാനില്ലെന്ന് പരാതി. കഴിഞ്ഞ ചൊവ്വാഴ്‌ച മുതലാണ് രാജ്ഭവനിലെ ജീവനക്കാരനായ നെയ്യാറ്റിൻകര പെരുങ്കടവിള സ്വദേശി വിനോദ് രാജിനെ കാണാതാവുന്നത്. ഇയാളെ കാണാനില്ലെന്ന് കാട്ടി സഹോദരൻ ബിപിൻ രാജ് മ്യൂസിയം പൊലീസിന് പരാതി നൽകി.
അമിത ഡ്യൂട്ടി നല്‍കി ചില ജീവനക്കാർ തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നുവെന്നും ഇത് സഹിക്കാൻ കഴിയുന്നതിലും അപ്പുറമാണെന്നും കാണാതാകുന്നതിന്‍റെ അന്നുരാവിലെ വിനോദ് ഭാര്യ ലിജി ദാസിനോട് ഫോണിൽ വിളിച്ച് പറഞ്ഞിരുന്നു. അതിനുശേഷം വിനോദിനെ ഫോണിൽ ബന്ധപ്പെടാൻ വീട്ടുകാർ ശ്രമിച്ചുവെങ്കിലും ഫോൺ സ്വിച്ച് ഓഫ് ചെയ്‌ത നിലയിലായിരുന്നു.
രാജ്ഭവൻ ജീവനക്കാരനെ കാണാനില്ലെന്ന് പരാതി ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്താനുള്ള സമയം കഴിഞ്ഞിട്ടും എത്താത്തതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് വിനോദിനെ കാണാതായെന്ന് മനസിലാക്കുന്നത്. ഇരുചക്രവാഹനത്തിലോ കാറിലോ ആണ് ഇയാൾ പതിവായി യാത്ര ചെയ്യാറുള്ളത്. എന്നാൽ വാഹനങ്ങൾ ക്വാര്‍ട്ടേഴ്സിൽ തന്നെ കണ്ടെത്തിയത് വിനോദിന്‍റെ തിരോധാനത്തിന്‍റെ ദുരൂഹത വർധിപ്പിക്കുന്നു.
കെഎസ്ഇബി ജീവനക്കാരനായ വിനോദ് 2017ലാണ് ഡെപ്യൂട്ടേഷനിലൂടെ രാജ്ഭവനിൽ ലാസ്‌കർ ജോലിക്ക് പ്രവേശിക്കുന്നത്. അടുത്തിടെയായി കുടുംബശ്രീ അംഗങ്ങൾ ചെയ്യേണ്ട അടിച്ചുതളി ഉൾപ്പെടെയുള്ള ജോലി ചെയ്യിക്കുന്നതും അമിതമായ ഡ്യൂട്ടികൾ നൽകുന്നതും വിനോദിനെ അസ്വസ്ഥനാക്കിയിരുന്നതായി പരാതി ഉയർന്നിരുന്നു.