തിരുവനന്തപുരം: കേരള ഡിജിറ്റല്‍ സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ.സജി ഗോപിനാഥിന് എപിജെ അബ്‌ദുള്‍കലാം സാങ്കേതിക സര്‍വകലാശാലയുടെ വൈസ് ചാന്‍സിലറായി താത്കാലിക നിയമനം നല്‍കി രാജ്ഭവന്‍ ഉത്തരവിറക്കി. സിസ തോമസിന്‍റെ നിയമനക്കാര്യത്തില്‍ ഹൈക്കോടതിയില്‍ നിന്ന് ഗവര്‍ണര്‍ക്ക് തിരിച്ചടിയേറ്റതോടെയാണ് രാജ്ഭവന്‍റെ ഈ കീഴടങ്ങല്‍. സിസ തോമസിനെ വിസിയായി നിയമിച്ച ഗവര്‍ണറുടെ നടപടി ചട്ടവിരുദ്ധമാണെന്ന് ഹൈക്കോടതി കഴിഞ്ഞദിവസം വിധിച്ചിരുന്നു. മാത്രമല്ല താത്കാലിക വിസിയെന്ന് പറഞ്ഞതിനാല്‍ പുറത്താക്കുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
കോടതിയില്‍ നിന്ന് സിസയുടെ നിയമനത്തില്‍ തിരിച്ചടിയേറ്റതോടെയാണ് മുന്‍പ് താത്കാലിക വിസിയായി സര്‍ക്കാര്‍ നിയമിക്കുകയും ഗവര്‍ണര്‍ നിരസിക്കുകയും ചെയ്‌ത ഡോ.സജി ഗോപിനാഥിന് കെ.ടിയുവിന്‍റെ താത്കാലിക ചുമതല നല്‍കി കൊണ്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉത്തരവിറക്കിയത്. ഹൈക്കോടതി ഉത്തരവിന് പിന്നാലെ സിസ തോമസിനെ സാങ്കേതിക വിദ്യാഭ്യാസ ജോയിന്‍റ് ഡയറക്‌ടര്‍ സ്ഥാനത്ത് നിന്ന് സര്‍ക്കാര്‍ നീക്കി ഡോ.എം.എസ് രാജശ്രീക്ക് അധിക ചുമതല നല്‍കിയിരുന്നു. ഇതിനുപിന്നാലെ സര്‍ക്കാരിന്‍റെ അനുമതി ഇല്ലാതെ താത്കാലിക വിസിയായി ചുമതലയേറ്റെടുത്തതിന് സര്‍ക്കാര്‍ സിസയോട് വിശദീകരണവും തേടിയിരുന്നു.
വിരമിക്കുന്ന ദിവസമായ ഇന്ന് (മാര്‍ച്ച് 31) വിശദീകരണം നല്‍കണമെന്നായിരുന്നു സര്‍ക്കാര്‍ നിര്‍ദേശം. എന്നാല്‍ ഇന്ന് വിരമിക്കുന്ന ദിവസമായതിനാല്‍ സാങ്കേതിക സര്‍വകലാശാല താത്കാലിക വിസി എന്ന നിലയിലും കോളജ് പ്രിന്‍സിപ്പല്‍ എന്ന നിലയിലും ഔദ്യോഗിക കാര്യങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതിനാല്‍ ഇന്ന് ഹാജരാകാന്‍ കഴിയില്ലെന്ന് സിസ സര്‍ക്കാരിനെ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് കേരള അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ച് സിസ അനുകൂല ഉത്തരവ് നേടിയിരുന്നു. സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പോരില്‍ സിസയെ ബലിയാടാക്കരുതെന്നും അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ ചൂണ്ടിക്കാട്ടിയിരുന്നു. സര്‍ക്കാര്‍ വിശദീകരണം തേടിയത് റദ്ദാക്കണമെന്ന സിസയുടെ ആവശ്യം അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ നിരസിച്ചെങ്കിലും സിസയുടെ ഭാഗംകേട്ട ശേഷമേ സര്‍ക്കാര്‍ തീരുമാനത്തിലേക്ക് കടക്കാവൂ എന്നും അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.