അടിയന്തര യോഗത്തിന് ശേഷം മന്ത്രിമാർ മാധ്യമങ്ങളോട് തിരുവനന്തപുരം: പ്രളയത്തിന് ശേഷം ഏറ്റവും കൂടുതൽ മഴ ലഭിച്ച ഘട്ടമാണിതെന്നും ഈ മഴയാണ് തലസ്ഥാനത്തെ വെള്ളക്കെട്ടിന് കാരണമായതെന്നും മന്ത്രി കെ രാജൻ. തിരുവനന്തപുരത്ത് 17 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്ക് അവധി നൽകാൻ നിർദേശം നൽകിയതായും മന്ത്രി വ്യക്തമാക്കി. ഇന്നലെ മുതൽ ആരംഭിച്ച ശക്തമായ മഴയിൽ ഉണ്ടായ വെള്ളപ്പൊക്കത്തിന്‍റെ പശ്ചാത്തലത്തിൽ പി.ഡബ്ല്യു.ഡി റെസ്റ്റ് ഹൗസിൽ ചേർന്ന അടിയന്തര യോഗത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി (Rain Emergency Meeting Trivandrum).
572 പേരാണ് ക്യാമ്പുകളിൽ താമസിക്കുന്നത്. നഗരത്തിൽ മാത്രം 15 ക്യാമ്പുകളാണ് തുറന്നത്. പ്രാഥമികമായി ലഭ്യമാകുന്ന വിവരം അനുസരിച്ച് ആറ് വീടുകൾ പൂർണമായും തകർന്നു. 11 വീടുകളാണ് ഭാഗീകമായി തകർന്നത്. ആളുകൾ ക്യാമ്പുകളിൽ പോകാൻ വിമുഖത കാണിക്കരുതെന്നും മന്ത്രി പറഞ്ഞു.
211 മി.മീറ്റർ മഴയാണ് എയർപോർട്ട് മേഖലയിൽ പെയ്‌തത്. നഗരത്തിൽ 118 മി.മീറ്റർ മഴയാണ് കിട്ടിയത്. കോർപറേഷനിലും, താലൂക്ക് ഓഫിസുകളിലും കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും ഗുരുതരമായ സാഹചര്യമുള്ള ചില പ്രദേശങ്ങൾ ഉണ്ടെന്നും മന്ത്രി ജിആർ അനിൽ പറഞ്ഞു.
അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ നിന്നും ക്യാമ്പുകളിലേക്ക് മാറാൻ ജനങ്ങൾ തയ്യാറാകണം. കിളിയാർ, തെറ്റിയാർ തോടുകളുടെ പരിസരത്തു താമസിക്കുന്നവരാണ് വലിയ പ്രശ്‌നങ്ങൾ നേരിട്ടത്. ചരിത്രത്തിൽ ഒരുകാലത്തും വെള്ളപ്പൊക്കം ഉണ്ടാകാത്ത പ്രദേശങ്ങളിലാണ് വെള്ളം കയറിയതെന്ന് മന്ത്രി ആന്‍റണി രാജു പറഞ്ഞു. എല്ലാ മേഖലകളിലും ഉദ്യോഗസ്ഥരുടെ സാന്നിധ്യം ഉറപ്പാക്കും. വെള്ളത്തിന്‍റെ അളവിൽ കുറവ് വരുന്നുണ്ട്. പൊഴി മുറിച്ചെങ്കിലും വെള്ളം കടലിലേക്ക് ഒഴുകുന്ന സാഹചര്യം ഉണ്ടായില്ല.
അതേസമയം കാലാവസ്ഥ മുന്നറിയിപ്പ് സംവിധാനങ്ങളിൽ പ്രശ്‌നങ്ങൾ ഉണ്ടായിട്ടില്ലെന്നും മന്ത്രിമാർ അറിയിച്ചു. അവധിയിലുള്ള എല്ലാ ഉദ്യോഗസ്ഥരോടും ജോലിയിൽ പ്രവേശിക്കാൻ ആവശ്യപ്പെട്ടതായി മേയർ ആര്യ രാജേന്ദ്രൻ പറഞ്ഞു. കുടിവെള്ളം ലഭ്യമല്ലാത്ത പ്രദേശങ്ങളിൽ കുടിവെള്ളം എത്തിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തി. നഗരസഭയുടെ കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചതായും മേയർ വ്യക്തമാക്കി. കൺട്രോൾ റൂം നമ്പർ: 0471 2377800.
യോഗത്തിൽ മന്ത്രിമാരായ ആന്‍റണി രാജു, കെ രാജൻ, ജി ആർ അനിൽ, വി ശിവൻകുട്ടി, ജില്ല കലക്‌ടർ ജെറോമിക് ജോർജ്, വികെ പ്രശാന്ത് എംഎൽഎ അടക്കമുള്ളവർ പങ്കെടുത്തു. അതേസമയം കരമന നദിയിലെ (തിരുവനന്തപുരം) വെള്ളകടവ് സ്റ്റേഷൻ പരിധിയിൽ ഇന്ന് ഓറഞ്ച് അലർട്ടും നെയ്യാർ നദിയിലെ (തിരുവനന്തപുരം) അരുവിപ്പുറം സ്റ്റേഷൻ, വാമനപുരം നദിയിലെ (തിരുവനന്തപുരം) അയിലം സ്റ്റേഷൻ എന്നിവിടങ്ങളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിരിക്കുന്നതിനാൽ തീരത്തോട് തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണെന്ന് കേന്ദ്ര ജല കമ്മീഷൻ അറിയിച്ചു. അറബിക്കടലിൽ രൂപപ്പെടുന്ന ന്യൂനമർദ്ദം കൂടുതൽ ശക്തി പ്രാപിക്കുമെന്നും കാലാവസ്ഥ കേന്ദ്രം അറിയിപ്പിൽ വ്യക്തമാക്കി.