തിരുവനന്തപുരം: ശക്തമായി തുടരുന്ന മഴയില്‍ മൂന്നാം ദിവസവും സംസ്ഥാനത്തെ ട്രെയിന്‍ ഗതാഗതം പുനസ്ഥാപിക്കാനാകാതെ റെയില്‍വേ. പലയിടങ്ങളിലും ട്രാക്കില്‍ വെള്ളം കയറിയതും മണ്ണിടിഞ്ഞ് ട്രാക്കിലേക്ക് വീണതും ട്രെയിന്‍ ഗതാഗതം താറുമാറാക്കി. ദീര്‍ഘദൂര ട്രെയിനുകളെയാണ് ഇത് കൂടുതല്‍ ബാധിച്ചിരിക്കുന്നത്. ഷൊര്‍ണ്ണൂര്‍-കോഴിക്കോട് പാതയില്‍ മണ്ണിടിഞ്ഞു. തിരൂര്‍-കല്ലായി റൂട്ടില്‍ ട്രാക്കില്‍ വെള്ളം കയറി. 20 ട്രെയിനുകളാണ് ഇതുവരെ റദ്ദാക്കിയത്.
സംസ്ഥാനത്ത് മഴ തുടരുന്നു; ഗതാഗതം പുന:സ്ഥാപിക്കാനാകാതെ റെയില്‍വേ - Railway
ഇതുവരെ റദ്ദാക്കിയത് 20 ട്രെയിനുകള്‍.
തിരുവനന്തപുരം- ചെന്നൈ സെന്‍ട്രല്‍ വീക്ക്‌ലി എക്‌സ്പ്രസും എസി എക്‌സ്പ്രസും റദ്ദാക്കി. വ്യാഴാഴ്ച ദില്ലിയില്‍ നിന്നും പുറപ്പെട്ട ന്യൂഡല്‍ഹി-തിരുവനന്തപുരം കേരള എക്‌സ്പ്രസ് മധുരവഴി തിരിച്ച് വിട്ടു. തിരുവനന്തപുരം-കോഴിക്കോട് ജനശദാബ്ദി എക്‌സ്പ്രസ് റദ്ദാക്കി. ഏറാനാട് എക്‌സ്പ്രസ് തൃശൂരിലും പരശ്ശുറാം എക്‌സ്പ്രസ് വടക്കാഞ്ചേരിയിലും യാത്ര അവസാനിപ്പിക്കും. കന്യാകുമാരി-മുബൈ സിഎസ്‌ടി ട്രെയിന്‍ മധുര വഴി തിരിച്ച് വിട്ടു.
തിരുവനന്തപുരം ബാലരാമപുരത്ത് ട്രാക്കിലേക്ക് മണ്ണിടിഞ്ഞ് വീണതിനാല്‍ ട്രെയിനുകള്‍ വൈകി. പുലർച്ചെയായിരുന്നു മണ്ണിടിച്ചിൽ ഉണ്ടായത്. നാഗർകോവിൽ ഭാഗത്തേക്കും തിരുവനന്തപുരം ഭാഗത്തേക്കും പോകുന്ന ട്രെയിനുകൾ പിടിച്ചിട്ടു. പിന്നീട് മണ്ണ് മാറ്റി ഗതാഗതം പുന:സ്ഥാപിച്ചു. അതേസമയം ആലപ്പുഴ വഴിയുള്ള ട്രെയിന്‍ ഗതാഗതം ഭാഗികമായി പുന:സ്ഥാപിച്ചു. ഇതുവഴിയുള്ള പാസഞ്ചര്‍ ട്രയിനുകള്‍ ഓടിത്തുടങ്ങി. യാത്രാക്കാരെ സഹായിക്കാനായി തിരുവനന്തപുരം റെയില്‍വേ ഡിവിഷന് കീഴില്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു. 1072, 9188292595, 9188293595 എന്നീ ഹെല്‍പ്‌ലൈന്‍ നമ്പറുകളില്‍ യാത്രക്കാര്‍ക്ക് വിവരങ്ങള്‍ ലഭ്യമാകും.