മഴക്കാറിനൊപ്പം ഭീതി ഉരുണ്ടുകൂടുന്ന മനസുമായി കമലേശ്വരം തിരുവനന്തപുരം: തലസ്ഥാന നഗരത്തിന്‍റെ കണ്ണായ സ്ഥലമാണെങ്കിലും മാനമൊന്നിരുണ്ടാല്‍ കമലേശ്വരം അണ്ണിക്കവിളാകം എസ്എന്‍ഡിപി റോഡിലെ അഞ്ഞൂറിലേറെ വീട്ടുകാരുടെ മനസില്‍ ഇരുട്ടുകയറും. ഒന്നോ രണ്ടോ മണിക്കൂര്‍ മഴ നീണ്ടാല്‍ പിന്നെ ഇവിടെ ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്ന വെള്ളക്കെട്ടും ദുരിതവുമാണ്.
ആദ്യം വീടിനു പുറത്തും ഇടവഴികളും നിറഞ്ഞ് പൊടുന്നനേ വെള്ളം വീടുകള്‍ക്കുള്ളിലേക്ക് ഇരച്ചുകയറും. ഒപ്പം തവളയും ഇഴജന്തുക്കളും വീടിനുള്ളില്‍ നീന്തിക്കളിക്കും. പിന്നീട് ദിവസങ്ങളോളം വീട്ടുകാര്‍ പേടിച്ചു വിറങ്ങലിച്ചാവും മുന്നോട്ടുപോവുക. നിലവില്‍ മഴ അല്‍പം മാറിയതോടെ പമ്പുകള്‍ ഉപയോഗിച്ച് കെട്ടിനില്‍ക്കുന്ന വെള്ളം പുറത്തുകളയുകയാണ് ഇവിടുത്തെ താമസക്കാര്‍.
പരിഹാരം അകലെ: താഴ്ന്ന പ്രദേശമായതിനാല്‍ ഓട പണി പൂര്‍ത്തീകരിച്ചാല്‍ മാത്രമേ വെള്ളക്കെട്ടിന് ശാശ്വത പരിഹാരമുണ്ടാവുകയുള്ളുവെന്ന് നാട്ടുകാര്‍ പറയുന്നു. അടുത്തിടെയാണ് പൊട്ടിപൊളിഞ്ഞ റോഡ് നവീകരിച്ച് ഇവിടെ ഇന്‍റര്‍ലോക്ക് പാകുന്നത്. ഓട കൂടി ഉള്‍പ്പെടുത്തി റോഡ് നവീകരണം പൂര്‍ത്തിയാക്കിയിരുന്നെങ്കില്‍ വെള്ളക്കെട്ട് ഉണ്ടാകുമായിരുന്നില്ലെന്നും നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.
സ്ഥലത്ത് ഓട പണിയാനുള്ള പദ്ധതി രണ്ടാംഘട്ട അമൃതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് വാര്‍ഡ് കൗണ്‍സിലര്‍ വിജയകുമാരിയുടെ വിശദീകരണം. എന്നാല്‍ ജനങ്ങള്‍ക്ക് ആശ്വാസമായി ഓടി നടക്കേണ്ട വാര്‍ഡ് കൗണ്‍സിലറും ദുരിതത്തിലാണ്. കാരണം കൗണ്‍സിലറുടെ വീടിന് മുന്നിലും വെള്ളക്കെട്ടാണ്.
വെള്ളം ഒഴുകി പോകാനൊരു സൗകര്യമാണ് പ്രശ്‌നത്തിന് ശാശ്വത പരിഹാരം. എന്നാല്‍ വെള്ളമിറങ്ങാതെ ഇനി നിര്‍മാണം ആലോചിക്കാന്‍ പോലുമാകില്ല. ഇതെല്ലാം കൂടിയാവുമ്പോള്‍ മാനത്ത് മഴക്കാറ് കാണുമ്പോള്‍ നിലവില്‍ ആശങ്കയുടെ നിഴലിലാണ് ഒരു കാലത്ത് പരിസ്ഥിതി സൗഹൃദമായിരുന്ന അണ്ണിക്കവിളാകം-ഇരുംകുളങ്ങര പ്രദേശങ്ങള്‍.