തിരുവനന്തപുരം: ഇന്ന് രാത്രിയോടെ വിവിധ ജില്ലകളില്‍ മഴ കനക്കുമെന്ന് മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ കേന്ദ്രം. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത് (Rain Alerts in Kerala from tonight onwards).
24 മണിക്കൂറിനുള്ളില്‍ 115.6 മില്ലീ മീറ്റര്‍ മുതല്‍ 204.4 മില്ലീ മീറ്റര്‍ വരെ മഴ ലഭിക്കാനുള്ള സാധ്യതയാണ് ഓറഞ്ച് അലര്‍ട്ട് കൊണ്ട് ഉദ്ദേശിക്കുന്നത്. തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. ഈ ജില്ലകളില്‍ 24 മണിക്കൂറിനുള്ളില്‍ 64.5 മില്ലീ മീറ്റര്‍ മുതല്‍ 115.5 മില്ലീമീറ്റര്‍ വരെ മഴ ലഭിക്കാനുള്ള സാധ്യതയുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളില്‍ 17നും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
പെതുജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി ദുരന്ത നിവാരണ അതോറിറ്റി; ശക്തമായ മഴ ലഭിച്ചു കൊണ്ടിരിക്കുന്ന മലയോര മേഖലകളില്‍ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, മലവെള്ളപ്പാച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവര്‍ സുരക്ഷിതമായ സ്ഥലത്തേക്ക് മാറി താമസിക്കേണ്ടതാണെന്ന് ദുരന്ത നിവാരണ അധികൃതർ അറിയിച്ചു. പകല്‍ സമയത്തു തന്നെ മാറി താമസിക്കാന്‍ ജനങ്ങള്‍ ശ്രദ്ധിക്കണം. ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ ഒരു കാരണ വശാലും നദികള്‍ മുറിച്ചു കടക്കാനോ നദികളിലോ ജലാശയങ്ങളിലോ കുളിക്കാനോ മീന്‍പിടിക്കുന്നതിനോ മറ്റാവശ്യങ്ങള്‍ക്കോ ഇറങ്ങാന്‍ പാടുള്ളതല്ല.