തിരുവനന്തപുരം:ഇന്ത്യന്‍ റെയില്‍വേയിലെ ഏക മെക്കാനിക്കല്‍ വനിതാ ബാച്ച് തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ വിജയകരമായ മൂന്നാം വര്‍ഷത്തിലേക്ക് കടക്കുന്നു. പുരുഷന്‍മാര്‍ മാത്രം ആധിപത്യം പുലര്‍ത്തിയ റെയില്‍വേ വാഗണ്‍ മെയിന്‍റനന്‍സിലാണ് സ്ത്രീ കൂട്ടായ്മ വിജയ ഗാഥ തീർക്കുന്നത്. ഭാരമേറിയ മെക്കാനിക്കല്‍ ഉപകരണങ്ങള്‍ സ്ത്രീകൾക്ക് കൈകാര്യം ചെയ്യാനാകുമോ എന്ന ചോദ്യത്തിനുള്ള ഉത്തരം കൂടിയാണ് ഈ 17 അംഗ വനിതാ സംഘം.
റെയില്‍വേ വാഗണ്‍ മെയിന്‍റനൻസില്‍ മികവുമായി സ്ത്രീശക്തി - വനിത ദിനം
ട്രെയിനിന്‍റെ പിന്‍ഭാഗം മുതല്‍ മുന്‍ ഭാഗം വരെ നീളുന്ന ബഫര്‍ മുതല്‍ ട്രാക്കിലൂടെ ഉരുളുന്ന ചക്രങ്ങളെ സുരക്ഷിതമാക്കുന്ന അണ്ടര്‍ ഗിയര്‍ മെയിന്‍റനന്‍സ്, എയര്‍ ബ്രേക്ക് മെയിന്‍റനന്‍സ് എന്നിവയും ബോഗികള്‍ക്കുള്ളിലെ എല്ലാ അറ്റകുറ്റപ്പണികളും ചെയ്യാൻ സ്ത്രീകൾ സജ്ജമാണ്.
തിരുവനന്തപുരത്ത് നിന്ന് ദിവസവും വൈകിട്ട് എറണാകുളത്തേക്ക് പുറപ്പെടുന്ന വഞ്ചിനാട് എക്‌സപ്രസിന്‍റെ സുരക്ഷിത യാത്രയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് വനിതകളാണ്. റെയില്‍വേ കാരിയേജ് ആന്‍ഡ് വാഗണ്‍ മെയിന്‍റനനന്‍സ് വിഭാഗത്തിലെ എല്‍ ബാച്ച് അഥവാ ലേഡീസ് ബാച്ചാണ് ജോലിയില്‍ വ്യത്യസ്തരാകുന്നത്. ട്രെയിനിന്‍റെ പിന്‍ഭാഗം മുതല്‍ മുന്‍ ഭാഗം വരെ നീളുന്ന ബഫര്‍ മുതല്‍ ട്രാക്കിലൂടെ ഉരുളുന്ന ചക്രങ്ങളെ സുരക്ഷിതമാക്കുന്ന അണ്ടര്‍ ഗിയര്‍ മെയിന്‍റനന്‍സ്, എയര്‍ ബ്രേക്ക് മെയിന്‍റനന്‍സ് എന്നിവയും ബോഗികള്‍ക്കുള്ളിലെ എല്ലാ അറ്റകുറ്റപ്പണികളും ചെയ്യാൻ ഇവർ സജ്ജരാണ്.
തുടക്കം പ്രയാസമേറിയതായിരുന്നെങ്കിലും ഇന്ന് ഇവര്‍ക്ക് ഇത് ആയാസകരമല്ല. ഇന്ത്യന്‍ റെയില്‍വേയില്‍ എല്ലാ ഡിവിഷനുകളിലും കാരിയേജ് ആന്‍ഡ് വാഗണ്‍ മെയിന്‍റനന്‍സ് വിഭാഗത്തില്‍ വനിതാ സാന്നിദ്ധ്യമുണ്ട്. എന്നാല്‍ സ്ത്രീകള്‍ മാത്രമുള്ള ഒരു ബാച്ച് എന്ന ക്രെഡിറ്റ് തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനു മാത്രമുള്ളതാണ്. ഒരു മേഖലയും പുരുഷന്‍മാരുടെ കുത്തകയായി കാണേണ്ടതില്ലെന്നും ഏതു രംഗവും സ്ത്രീകള്‍ക്കു വഴങ്ങുമെന്നാണ് ഇവരുടെ പക്ഷം. 2017ലാണ് വഞ്ചിനാട് എക്‌സ്പ്രസിന്‍റെ വാഗണ്‍ മെയിന്‍റനന്‍സ് വനിതാ ടീം ഏറ്റെടുക്കുന്നത്. ആശങ്കയോടെ ഏറ്റെടുത്ത ഉത്തരവാദിത്തം വിജയകരമായി മൂന്നാം വര്‍ഷത്തിലേക്കു കടക്കുമ്പോൾ സമൂഹത്തിനാകെ ഇവർ പ്രചോദനമാണ്.