തിരുവനന്തപുരം : കെ റെയിൽ (k Rail) വിഷയത്തിൽ വീണ്ടും ചർച്ച നടത്താൻ റെയിൽവേ ബോർഡ് (Central Railway Board). അർധ അതിവേഗ റെയിൽവേ പദ്ധതിയായ കെ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ കേരള റെയിൽവേ ഡെവലെപ്‌മെന്‍റുമായി (Kerala Rail Development Corporation Limited ) ദക്ഷിണ റെയിൽവേ (Southern Railway ) അടിയന്തരമായി ചർച്ച നടത്തണമെന്ന് ബോർഡ് ആവശ്യപ്പെട്ടു. വിഷയത്തിൽ നവംബർ ഒന്നിന് റെയിൽവേ ബോർഡ് ദക്ഷിണ റെയിൽവേയ്‌ക്ക് കത്തയച്ചിരുന്നു.
64,000 കോടി രൂപയുടെ പദ്ധതിയിൽ ഉടന്‍ തന്നെ ചർച്ച നടത്തി അഭിപ്രായം അറിയിക്കാനും റെയിൽവേ ബോർഡ് ആവശ്യപ്പെട്ടിട്ടുണ്ട്. കെ റെയിൽ വിഷയം ചർച്ച ചെയ്യാൻ ആവശ്യപ്പെട്ട് റെയിൽവേ ബോർഡ് ദക്ഷിണ റെയിൽവേയ്‌ക്ക് അയക്കുന്ന ഒരു മാസത്തിനിടയിലെ രണ്ടാമത്തെ കത്താണിത്. കഴിഞ്ഞ മാസം ഒക്‌ടോബർ 10നാണ് റെയിൽവേ ബോർഡ് കെ റെയിലുമായി ബന്ധപ്പെട്ട് ആദ്യത്തെ കത്തയച്ചത്.
അതിൽ ഒക്‌ടോബർ 21 ന് ദക്ഷിണ റെയിൽവേ മറുപടി അയച്ചിരുന്നു. തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള അർധ അതിവേഗ റെയിൽ പദ്ധതി (സിൽവർ ലൈൻ) നടപ്പിലാക്കുന്നതിൽ കേരള സർക്കാർ നേരിടുന്ന ആശങ്കകളാണ് കത്തിൽ പ്രധാനമായും സൂചിപ്പിച്ചതെന്നാണ് വിവരം. ഭൂമി ഏറ്റെടുക്കൽ, നിലവിലെ റെയിൽവേ സംവിധാനത്തിന് മുകളിലൂടെയുള്ള കെ റെയിൽ അലൈൻമെന്‍റ് എന്നിവ ആശങ്കകളായി ദക്ഷിണ റെയിൽവേ അറിയിച്ചിട്ടുണ്ട്.