തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നടത്തിയ സെക്രട്ടറിയേറ്റ് മാർച്ച് കേസിലെ നാലാം പ്രതി രാഹുൽ മാങ്കുട്ടത്തിലിന്‍റെ ജാമ്യാപേക്ഷ കോടതി തള്ളി. ഗൗരവമുള്ള സംഭവമാണ് എന്ന നിരീക്ഷണത്തോടെയാണ് തിരുവനന്തപുരം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ജാമ്യം നിരസിച്ചത്. ജാമ്യാപേക്ഷ തള്ളിയ കോടതി ഈ മാസം 22 വരെ രാഹുലിനെ റിമാൻഡ് ചെയ്‌തു. കോടതി നടപടിക്കു പിന്നാലെ രാഹുലിനെ പൂജപ്പുര ജയിലിലേക്ക് മാറ്റും.
രാഹുലിന്‍റെ ആരോഗ്യ സ്ഥിതി പരിഗണിച്ച് ജാമ്യം വേണമെന്ന വാദമാണ് പ്രതിഭാഗം പ്രധാനമായി ഉന്നയിച്ചത്. രാഹുൽ കിംസ് ആശുപത്രിയിൽ നിന്ന് 6/1/24 ന് ഡിസ്‌ചാർജ് ആയതേയുള്ളു എന്നും ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും പ്രതിഭാഗം അഭിഭാഷകൻ ചൂണ്ടിക്കാട്ടിയതിനെ തുടർന്ന് കോടതി വിശദമായ പരിശോധന നടത്താൻ നിർദ്ദേശിച്ചിരുന്നു. ജനറൽ ആശുപത്രിയിൽ വച്ച് പുതുതായി നടത്തിയ മെഡിക്കൽ പരിശോധനയിൽ അദ്ദേഹത്തിന് ഗുരുതര ആരോഗ്യപ്രശ്‌നമില്ലെന്ന് കണ്ടെത്തി.
ഇതോടെ പ്രതിക്ക് ജാമ്യം നൽകണോ എന്ന വിഷയത്തിൽ രണ്ടു മെഡിക്കൽ റിപ്പോർട്ട് വരുമ്പോൾ ഏറ്റവും അവസാനം പരിശോധന നടത്തിയ ഡോക്‌ടർ നൽകിയ റിപ്പോർട്ട് വേണം കോടതി പരിഗണിക്കേണ്ടത് എന്ന് പ്രോസിക്യൂട്ടറായ മനു കല്ലംമ്പള്ളി വാദിച്ചു. രാഹുൽ നടത്തിയത് പ്രതിഷേധമല്ല, ആക്രമണത്തിന് നേതൃത്വം നൽകലായിരുന്നു എന്നും പ്രോസിക്യൂഷൻ വാദിച്ചു. ഈ വാദങ്ങൾ അംഗീകരിച്ചാണ് കോടതി രാഹുൽ മാങ്കൂട്ടത്തിലിന്‍റെ ജാമ്യാപേക്ഷ തള്ളിയത്.
Also Read:വീട് വളഞ്ഞ് അറസ്റ്റ് ചെയ്യാൻ രാഹുല്‍ രാജ്യദ്രോഹിയോ തീവ്രവാദിയോ അല്ല : വി ഡി സതീശൻ
ഒരു നേതാവ് എന്ന നിലയിൽ രാഹുൽ അവിടെ ഉണ്ടായിരുന്നതായും, ഭരണഘടനാ അനുവദിക്കുന്ന പ്രതിഷേധ പ്രകടനം മാത്രമാണ് രാഹുൽ നടത്തിയത് എന്നും പ്രതിഭാഗം വാദിച്ചു. രാഹുല്‍ ന്യൂറോ സംബന്ധമായ അസുഖത്തിന് ചികിത്സ കഴിഞ്ഞ് ഇറങ്ങിയ ദിവസം തന്നെ അറസ്‌റ്റ് ചെയ്യാന്‍ പൊലീസ് നോക്കി നിൽക്കുകയായിരുന്നു, അതുകൊണ്ടാണ് നോട്ടീസ് പോലും നൽകാത് അറസ്‌റ്റ് ചെയ്തെന്നും പ്രതിഭാഗം വാദിച്ചു.