തിരുവനന്തപുരം :യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് രാഹുൽ മാങ്കൂട്ടത്തിലിന്‍റെ ജാമ്യാപേക്ഷ ജനുവരി 17 ന് പരിഗണിക്കും. തിരുവനന്തപുരം പ്രിൻസിപ്പല്‍ സെഷൻസ് കോടതിയാണ് ഹർജി പരിഗണിക്കുക (Rahul's Bail application). രാഹുലിന് ആരോഗ്യപരമായി ബുദ്ധിമുട്ട് ഉണ്ടെന്ന് ആവർത്തിച്ചായിരുന്നു ജാമ്യാപേക്ഷ നല്‍കിയത്.
രാഹുൽ TIA(Transient ischemic attack or mini stroke)എന്ന അസുഖ ബാധിതനാണ്. കിംസ് ആശുപത്രിയിൽ നാലുദിവസം ചികിത്സയിൽ ആയിരുന്നു. ജനുവരി മൂന്ന് മുതൽ ആറ് വരെയാണ് കിംസിൽ ഉണ്ടായിരുന്നത്. ഡിസ്‌ചാര്‍ജ് രേഖകൾ ഉൾപ്പടെ രാഹുലിന്‍റെ അഭിഭാഷകന്‍ ഹാജരാക്കി.
സംഭവം നടന്ന് 20 ദിവസം കഴിഞ്ഞു. അതുകൊണ്ടുതന്നെ കേസ് അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്ന് പ്രോസിക്യൂഷൻ പറഞ്ഞതിന് അടിസ്ഥാനമില്ല. പൊലീസ് നൽകിയ മെഡിക്കൽ റിപ്പോർട്ട് വിശ്വാസ യോഗ്യമല്ലെന്നും ജാമ്യാപേക്ഷയിൽ ആരോപിക്കുന്നു. രാഹുല്‍ ഏതായാലും ഈ മാസം പതിനേഴ് വരെ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ തന്നെ തുടരുമെന്ന് ഇതോടെ ഉറപ്പായി.
നേരത്തെ 27 യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് ഇതേ കോടതി 17 ദിവസത്തിന് ശേഷം ജാമ്യം അനുവദിച്ചിരുന്നു. പൊലീസ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക ജോലി തടസപ്പെടുത്തി, ഹെൽമെറ്റ്, ഷീൽഡ് എന്നിവ നശിപ്പിച്ച് 50,000 രൂപയുടെ നഷ്‌ടം വരുത്തി എന്നിങ്ങനെ കുറ്റങ്ങള്‍ ചുമത്തിയാണ് രാഹുലിനെതിരെയുള്ള കേസ് (Public property damaged).
ഇതിനിടെ രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ അറസ്റ്റില്‍ പ്രതിഷേധിച്ച് കെപിസിസി ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍റെ പരാമര്‍ശത്തിനെതിരെ ഇന്ന് വക്കീല്‍ നോട്ടീസയക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് അറിയിച്ചു. ജയരാജന്‍മാര്‍ക്കെതിരെയുള്ള ഒളിയമ്പാണ് ഗോവിന്ദന്‍റെ പരാമര്‍ശം.
Also Read:രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ അറസ്റ്റില്‍ കെപിസിസിയുടെ സംസ്ഥാന വ്യാപക പ്രതിഷേധം ഇന്ന്
രാഹുലിനെ പിന്തുണച്ച് ആയിരങ്ങള്‍ ജയിലില്‍ പോകാന്‍ തയാറായി നില്‍ക്കുകയാണെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍ അബിന്‍ വര്‍ക്കി പറഞ്ഞു. കഴിഞ്ഞ ദിവസം യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ മാര്‍ച്ചിന് പിന്നാലെ ഷാഫി പറമ്പിലിനെ ഒന്നാം പ്രതിയാക്കി കന്‍റോണ്‍മെന്‍റ് പൊലീസ് കേസെടുത്തിട്ടുണ്ട്. പൊതുവീഥിയില്‍ ജാഥയും സമരവും നടത്താന്‍ പാടില്ലെന്ന ഉത്തരവ് ലംഘിച്ചെന്ന് ആരോപിച്ചാണ് കേസ്.