അയോഗ്യത വിധിയില്‍ രാഹുല്‍ ഗാന്ധിക്ക് പിന്തുണ, കോൺഗ്രസിന്‍റെ മൗന സത്യഗ്രഹം ആരംഭിച്ചു തിരുവനന്തപുരം:രാഹുൽ ഗാന്ധിക്ക് പിന്തുണ അർപ്പിച്ച് കോൺഗ്രസ് നടത്തുന്ന മൗന സത്യഗ്രഹം ആരംഭിച്ചു. രാഹുൽ ഗാന്ധിയുടെ അയോഗ്യത വിധി ഗുജറാത്ത് കോടതി സ്റ്റേ ചെയ്യാൻ വിസമ്മതിച്ച പശ്ചാത്തലത്തിലാണ് സംസ്ഥാന തലസ്ഥാനങ്ങളിൽ കോൺഗ്രസ് മൗന സത്യഗ്രഹം ആചരിക്കുന്നത്. തിരുവനന്തപുരത്ത് കിഴക്കേകോട്ടയിലുള്ള ഗാന്ധി പാർക്കിൽ രാവിലെ 10 മണി മുതൽ അഞ്ച് മണി വരെയാണ് മൗന സത്യഗ്രഹം നടക്കുന്നത്.
കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ മൗന സത്യഗ്രഹം ഉദ്‌ഘാടനം ചെയ്‌തു. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, കെപിസിസി ഭാരവാഹികളും കോൺഗ്രസ് നേതാക്കളും, ഡി സി സി ഭാരവാഹികൾ, എം പി മാരായ കെ മുരളീധരൻ, രാജ്മോഹൻ ഉണ്ണിത്താൻ, കൊടിക്കുന്നിൽ സുരേഷ് എന്നിവർ രാവിലെ തന്നെ വേദിയിലെത്തിയിരുന്നു. 'മോദി' പരാമർശത്തിലെ അപകീർത്തി കേസിലുള്ള വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നൽകിയ ഹർജി ഗുജറാത്ത് ഹൈക്കോടതി ഈ കഴിഞ്ഞ ഏഴാം തീയതി ആയിരുന്നു തള്ളിയത്.
പ്രധാനമന്ത്രിയെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ ഗുജറാത്തിലെ സൂറത്ത് കോടതി ശിക്ഷാവിധി പുറപ്പെടുവിച്ചതിന് പിന്നാലെയാണ് പാർലമെന്‍റ് രാഹുൽ ഗാന്ധിയെ അയോഗ്യനാക്കുന്നത്. കർണാടകയിൽ 2019 ഏപ്രിലിൽ നടന്ന പ്രസംഗത്തിൽ മോദി സമുദായത്തെ അപകീർത്തിപ്പെടുത്തുന്ന പരാമർശം നടത്തിയെന്ന പരാതിയിലാണ് ഗുജറാത്തിലെ സൂറത്ത് കോടതി രാഹുൽ ഗാന്ധിയെ കുറ്റക്കാരൻ ആണെന്ന് വിധി പറഞ്ഞത്. രണ്ടുവർഷം തടവ് ശിക്ഷയും വിധിച്ചു.
തുടര്‍ന്ന് വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് രാഹുൽ ഗാന്ധി ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ നിലനിൽക്കാത്ത കാരണങ്ങൾ ചൂണ്ടിക്കാട്ടിയുള്ളതാണ് സ്റ്റേ ചെയ്യണമെന്ന ആവശ്യമെന്നും, രാഹുൽ ഗാന്ധി നടത്തിയ പരാമർശം ഒരു വ്യക്തിക്കെതിരെയല്ല മറിച്ചൊരു വിഭാഗം ആള്‍ക്കെതിരെ ആണെന്നും പുതിയ കാലത്ത് ഇത്തരം പരാമർശങ്ങൾ വളരെ വേഗത്തിൽ പ്രചരിക്കുമെന്ന് രാഹുലിന് അറിയാമായിരുന്നുവെന്നും ഹൈക്കോടതി പറഞ്ഞു. ഇക്കാരണങ്ങൾ കൊണ്ടാണ് സ്റ്റേ ചെയ്യാത്തതെന്നും കോടതി ഹൈക്കോടതി ജഡ്‌ജി ഹേമന്ത് പ്രഛക് പറഞ്ഞിരുന്നത്.
അതേസമയം ഹിമാചൽ പ്രദേശും പഞ്ചാബും ഉൾപ്പെടെ നാല് പ്രളയബാധിത സംസ്ഥാനങ്ങളിൽ ഇന്ന് നടത്താനിരുന്ന 'മൗന സത്യഗ്രഹം' മാറ്റിവച്ചതായി കോൺഗ്രസ് അറിയിച്ചിരുന്നു. മുൻ നിശ്ചയിച്ച പ്രകാരം ബാക്കിയുള്ള എല്ലാ സംസ്ഥാനങ്ങളിലും സത്യഗ്രഹം നടത്തുമെന്നും പാർട്ടി അറിയിച്ചു. ബുധനാഴ്‌ച രാവിലെ 10 മണി മുതൽ വൈകിട്ട് അഞ്ച് മണി വരെയാണ് സത്യഗ്രഹം. നിലവിലെ സാഹചര്യം കണക്കിലെടുത്ത് മൗന സത്യഗ്രഹം ജൂലൈ 16 ന് ഡൽഹി, ഹരിയാന, പഞ്ചാബ്, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ നടത്തുമെന്നാണ് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ട്വീറ്റ് ചെയ്‌തത്. ബാക്കിയുള്ള സംസ്ഥാനങ്ങളിൽ മുൻപ് ആസൂത്രണം ചെയ്‌തത് പോലെ ബുധനാഴ്‌ച തന്നെ സത്യഗ്രഹം നടത്തും.
നരേന്ദ്ര മോദി സർക്കാരിന് അവരുടെ ആയുധപ്പുരയിലെ എല്ലാ തന്ത്രങ്ങളും ഞങ്ങൾക്കെതിരെ പരീക്ഷിക്കാം, പക്ഷേ ജനങ്ങളുടെ ശബ്‌ദമുയർത്താനുള്ള പ്രതിജ്ഞാബദ്ധതയിൽ ഞങ്ങൾ ഉറച്ചുനിൽക്കും. നരേന്ദ്ര മോദി സർക്കാരിനെതിരായ ഏറ്റവും ശക്തമായ ശബ്‌ദമാണ് രാഹുൽ ഗാന്ധി. മല്ലികാർജുൻ ഖാർഗെയുടെ നേതൃത്വത്തിൽ കോൺഗ്രസ് പാർട്ടി ഈ ഫാസിസ്റ്റ് ശക്തികളെ ഗാന്ധിയൻ സത്യഗ്രഹത്തിലൂടെയും അഹിംസയിലൂടെയും നേരിടുമെന്നും കെ സി വേണുഗോപാൽ കൂട്ടിച്ചേർത്തു.