തിരുവനന്തപുരം : നാലു വയസുകാരിയെ ആക്രമിച്ച തെരുവ് നായക്ക് പേവിഷബാധ. അഞ്ചുതെങ്ങ് മാമ്പള്ളിയിൽ വീട്ടിനുമുന്നിൽ കളിക്കുകയായിരുന്ന നാലു വയസുകാരിയെയാണ് തെരുവുനായ ആക്രമിച്ചത്. കൃപ നഗറിൽ റീജൻ സരിത ദമ്പതികളുടെ മകളായ റോസ്ലിയെയാണ് തെരുവുനായ ക്രൂരമായി ആക്രമിച്ചത്.
കുട്ടിയുടെ തലയ്‌ക്കും മുഖത്തും നായയുടെ ആക്രമണത്തിൽ കടിയേറ്റു. റോസ് ഇപ്പോഴും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഞായറാഴ്‌ചയാണ് ആക്രമണം ഉണ്ടായത്. വൈകുന്നേരത്തോടെ ഈ നായയെ റോഡരികിൽ ചത്ത നിലയിൽ കണ്ടെത്തുകയും നാട്ടുകാർ ജഡം കുഴിച്ചുമൂടുകയും ചെയ്‌തു.
എന്നാൽ ഈ ചത്ത നായ തന്നെയാണ് കുട്ടിയെ കടിച്ചതെന്ന് തിരിച്ചറിഞ്ഞ നാട്ടുകാർ നായയുടെ പേവിഷബാധ പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധമുയർത്തി. ഇതോടെ തിങ്കളാഴ്‌ച അഞ്ചുതെങ്ങ് വെറ്റിനറി ആശുപത്രിയിലെ സർജൻ ഡോക്‌ടർ എസ്.ജസ്‌നയുടെ നേതൃത്വത്തിൽ നായയുടെ മൃതദേഹം പുറത്തെടുത്ത് പരിശോധിച്ചു. പാലോട് ചീഫ് ഡിസീസ് ഇൻവെസ്റ്റിഗേഷൻ കേന്ദ്രത്തിൽ എത്തിച്ചാണ് പരിശോധന നടന്നത്.
പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി :ഈ പരിശോധനയിലാണ് നായയ്‌ക്ക് പേവിഷബാധ സ്ഥിരീകരിച്ചത്. ഇതോടെ സ്ഥലത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. കുട്ടിയുമായി നേരിട്ട് സമ്പർക്കത്തിൽ എത്തിയ 10 പേർക്ക് പ്രതിരോധ കുത്തിവെപ്പ് എടുത്തു. നായയുടെ ജഡവുമായി സമ്പർക്കത്തിൽ വന്നവരെ കണ്ടെത്തുന്നതിനുള്ള നടപടിയും ആരംഭിച്ചിട്ടുണ്ട്. കൂടുതൽ നായകൾക്ക് കടിയേറ്റിട്ടുണ്ടോ എന്നും ആശങ്കയുണ്ട്. തിരുവനന്തപുരത്ത് തീരമേഖലകളിലെല്ലാം തെരുവ് നായ ശല്യം രൂക്ഷമാണ്.