കേരളം

kerala

By

Published : Oct 19, 2019, 6:27 PM IST

ETV Bharat / state

ബിപിസിഎല്‍ സ്വകാര്യവല്‍ക്കരണത്തിനെതിരെ പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

കൊച്ചി റിഫൈനറിക്ക് സമീപം പെട്രോകെമിക്കല്‍ പാര്‍ക്ക് സ്ഥാപിക്കാനുള്ള പദ്ധതി ബിപിസിഎല്ലിന്‍റെ സ്വകാര്യവല്‍ക്കരണത്തോടെ അനിശ്ചിതത്വത്തിലാകുമെന്ന് മുഖ്യമന്ത്രി കത്തില്‍ സൂചിപ്പിച്ചു

ബി.പി.സി.എല്‍

തിരുവനന്തപുരം: ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചു. ലാഭകരമായി പ്രവര്‍ത്തിക്കുന്ന ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് പൊതുമേഖലയില്‍ നിലനിര്‍ത്തേണ്ടത് രാജ്യതാല്‍പ്പര്യമാണെന്ന് മുഖ്യമന്ത്രി കത്തില്‍ സൂചിപ്പിച്ചു. മുപ്പതിനായിരത്തിലേറെ സ്ഥിരം ജീവനക്കാരെയും കരാര്‍ ജീവനക്കാരേയും ദോഷകരമായി ബാധിക്കുന്ന ഈ നീക്കം ജനങ്ങളില്‍ വലിയ ആശങ്ക ഉണ്ടാക്കി. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയില്‍ അരലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് ബിപിസിഎല്‍ നടത്തിയത്. വിഷയത്തില്‍ കേരളത്തിലെ ജനങ്ങള്‍ക്കും സര്‍ക്കാരിനും പ്രത്യേക താല്‍പ്പര്യമുണ്ടെന്നും മുഖ്യമന്ത്രി കത്തില്‍ വ്യക്തമാക്കുന്നു.

ബിപിസിഎല്ലിന്‍റെ ഭാഗമായ കൊച്ചി റിഫൈനറി സ്ഥാപിച്ചത് കേരള സര്‍ക്കാര്‍ കൂടി മുന്‍കയ്യെടുത്താണ്. കേരളത്തിന് അഞ്ച് ശതമാനം ഓഹരിയുണ്ടായിരുന്ന റിഫൈനറി ബിപിസിഎല്‍ ഏറ്റെടുത്തപ്പോള്‍ സംസ്ഥാനത്തിന്‍റെ ഓഹരി നിലനിര്‍ത്തുകയും ബോര്‍ഡില്‍ ഒരു ഡയറക്ടറെ ഉള്‍പ്പെടുത്തുകയും ചെയ്തു. ബിപിസിഎല്ലിന്‍റെ ഉല്‍പാദനശേഷി വര്‍ധിപ്പിച്ചപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ സാമ്പത്തികവും സാമ്പത്തികേതരവുമായ പിന്തുണ നല്‍കിയിട്ടുണ്ട്. 85 കോടി വരുന്ന വര്‍ക്ക് കോണ്‍ട്രാക്‌ട് നികുതി പൂര്‍ണമായി തിരിച്ചു നല്‍കാന്‍ സര്‍ക്കാര്‍ സമ്മതിച്ചു. കമ്പനിയുടെ ശേഷി വര്‍ധിക്കുമ്പോള്‍ അധികമായി ലഭിക്കുന്ന വാറ്റ് വരുമാനം ദീര്‍ഘകാല വായ്‌പയായി കണക്കാക്കാനും സംസ്ഥാനം തയ്യാറായി. ഈ നിലയില്‍ 1,500 കോടി രൂപയാണ് കേരളം ഈ പൊതുമേഖലാ കമ്പനിക്ക് വായ്‌പയായി നല്‍കാന്‍ നിശ്ചയിച്ചത്. ഈ സഹായമെല്ലാം സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചത് പൊതുമേഖലയിലുള്ള എണ്ണ ശുദ്ധീകരണശാല വികസിക്കണമെന്ന താല്‍പ്പര്യത്തോടെയാണ്.

ബിപിസിഎല്‍ കൊച്ചി റിഫൈനറിക്ക് സമീപത്തായി വന്‍കിട പെട്രോകെമിക്കല്‍ പാര്‍ക്ക് സ്ഥാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്. കൊച്ചി റിഫൈനറിയില്‍ ക്രൂഡ് ഓയില്‍ സംസ്‌കരണം കഴിഞ്ഞ് ബാക്കി വരുന്ന പദാര്‍ത്ഥങ്ങളാണ് നിര്‍ദിഷ്ട പാര്‍ക്കില്‍ ഉല്‍പാദനത്തിന് ആവശ്യമായി വരുന്നത്. പെട്രോകെമിക്കല്‍ കോംപ്ലക്‌സ് വഴി 25,000 കോടി രൂപയുടെ നിക്ഷേപമാണ് സംസ്ഥാനം ഈ മേഖലയില്‍ പ്രതീക്ഷിക്കുന്നത്. ബിപിസിഎല്ലിന്‍റെ സ്വകാര്യവല്‍ക്കരണം കേരളത്തിന്‍റെ പദ്ധതിയെ അനിശ്ചിതത്വത്തിലാക്കുമെന്ന ആശങ്കയും മുഖ്യമന്ത്രി കത്തില്‍ പ്രകടിപ്പിച്ചു.

ABOUT THE AUTHOR

...view details