തിരുവനന്തപുരം: പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടത്തില്‍ വീഴ്‌ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ മന്ത്രിസഭാ തീരുമാനം. വീഴ്‌ച വരുത്തിയ അന്നത്തെ വില്ലേജ് ഓഫീസര്‍, തഹസില്‍ദാര്‍, ഡിവൈഎസ്‌പി, സിഐ, എസ്‌ഐ എന്നിവര്‍ക്കെതിരെയാണ് നടപടി. ഇവര്‍ക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കാന്‍ മന്ത്രിസഭ പൊതുഭരണവകുപ്പിനെ ചുമതലപ്പെടുത്തി. ഇവരുടെ ഭാഗത്ത് നിന്ന് വീഴ്‌ചയുണ്ടായതായി ദുരന്തത്തെക്കുറിച്ച് അന്വേഷിച്ച പി.എസ്.ഗോപിനാഥന്‍ കമ്മീഷന്‍ കണ്ടെത്തിയിരുന്നു. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാനും കമ്മീഷന്‍ ശുപാര്‍ശ ചെയ്‌തിരുന്നു. തുടര്‍ന്ന് ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന് മന്ത്രിസഭാ അംഗീകാരം നല്‍കുകയായിരുന്നു.
പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടം; ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി - government action
വീഴ്‌ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കാന്‍ മന്ത്രിസഭ പൊതുഭരണവകുപ്പിനെ ചുമതലപ്പെടുത്തി.
വെടിക്കെട്ടിന് കലക്‌ടറുടെ അനുമതി ഉണ്ടായിരുന്നില്ലെന്നും കമ്മീഷന്‍ കണ്ടെത്തി. അനുമതിയില്ലാതെ നടത്തിയ വെടിക്കെട്ട് തടയാന്‍ പൊലീസും ജില്ലാ ഭരണകൂടവും ഇടപെട്ടില്ലെന്നും കമ്മീഷന്‍ കണ്ടെത്തി. സ്ഥലത്ത് 25 പൊലീസുകാര്‍ ഉണ്ടായിരുന്നെങ്കിലും അപകട സമയത്ത് ആരും ഉണ്ടായില്ലെന്നും കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. 2016 ഏപ്രില്‍ പത്തിനാണ് നാടിനെ നടുക്കിയ ദുരന്തം നടന്നത്. പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ 110 പേര്‍ക്ക് ജീവന്‍ നഷ്‌ടമാകുകയും എഴുന്നൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.