കേരളം

kerala

ETV Bharat / state

ഉമ്മൻ ചാണ്ടിയുടെ പിൻഗാമി ആര്?; പുതുപ്പള്ളിയില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങി, വിജ്ഞാപനമിറക്കി നിയമസഭ സെക്രട്ടേറിയറ്റ് - byelection in Puthuppally

ഉമ്മൻ ചാണ്ടിയുടെ കുടുംബത്തില്‍ നിന്നൊരാളെ മത്സര രംഗത്ത് എത്തിക്കാനാണ് കോണ്‍ഗ്രസ് ശ്രമം. അതേസമയം ഓര്‍ത്തഡോക്‌സ് - യാക്കോബായ തര്‍ക്കം മുതലെടുത്ത് മുന്നേറാനാണ് സിപിഎം ലക്ഷ്യമിടുന്നത്

ഉമ്മൻ ചാണ്ടി  പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്  പുതുപ്പള്ളി മണ്ഡലം  ഉമ്മൻ ചാണ്ടിയുടെ പിൻഗാമി ആര്  നിയമസഭ സെക്രട്ടറിയേറ്റ്  Legislature Secretariat  സിപിഎം  CPM  Congress  കോണ്‍ഗ്രസ്  അച്ചു ഉമ്മൻ  ചാണ്ടി ഉമ്മൻ  Puthuppally election within six months  Oommen Chandy  byelection in Puthuppally
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്

By

Published : Jul 21, 2023, 9:26 PM IST

തിരുവനന്തപുരം:അരനൂറ്റാണ്ടിലേറെക്കാലം തന്‍റെ പേരിന്‍റെ പര്യായമായി ഉമ്മന്‍ ചാണ്ടിയെ അടയാളപ്പെടുത്തപ്പെട്ട പുതുപ്പള്ളി നിയോജക മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നു. ഉമ്മന്‍ ചാണ്ടി അന്തരിച്ചതിന്‍റെ തൊട്ടടുത്ത ദിവസം സീറ്റ് ഒഴിവ് വന്നതായി ചൂണ്ടിക്കാട്ടി നിയമസഭ സെക്രട്ടേറിയറ്റ് വിജ്ഞാപനമിറക്കുകയും ഇക്കാര്യം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനെ രേഖാമൂലം അറിയിക്കുകയും ചെയ്‌തതോടെയാണ് പുതുപ്പള്ളിയില്‍ ഉപതെരഞ്ഞെടുപ്പിനുള്ള സാഹചര്യമൊരുങ്ങിയത്.

നിയമസഭ, ലോക്‌സഭ മണ്ഡലങ്ങളിലേക്ക് ജനപ്രതിനിധികളുടെ ഒഴിവുള്ള കാര്യം വിജ്ഞാപനം ചെയ്‌ത് കഴിഞ്ഞാല്‍ ആറ് മാസത്തിനകം ഉപതെരഞ്ഞെടുപ്പ് നടത്തണമെന്നാണ് ചട്ടം. ഈ വര്‍ഷം അവസാനം തെരഞ്ഞെടുപ്പ് നടക്കുന്ന രാജസ്ഥാന്‍, മധ്യപ്രദേശ്, ചത്തീസ്‌ഗഡ് തുടങ്ങിയ സംസ്ഥാനങ്ങള്‍ക്കൊപ്പം പുതുപ്പള്ളിയിലും ഉപതെരഞ്ഞെടുപ്പിനുള്ള സാധ്യതയുണ്ടെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍.

53 വര്‍ഷം ഉമ്മന്‍ ചാണ്ടിയുടെ വ്യക്തിപ്രഭാവം ഒന്നുകൊണ്ട് മാത്രം കോണ്‍ഗ്രസിനൊപ്പം നിലയുറപ്പിച്ച മണ്ഡലമാണ് പുതുപ്പള്ളി. 1980ല്‍ ഇടതുമുന്നണി സ്ഥാനര്‍ഥിയായി മുന്നണി മാറി മത്സരിച്ചിട്ടും ഉമ്മന്‍ ചാണ്ടിയെ പുതുപ്പള്ളി കൈവിട്ടില്ല. എംഎല്‍എ ആയി 10 വര്‍ഷം പൂര്‍ത്തിയാക്കുമ്പോഴേക്കും മണ്ഡലത്തില്‍ ഉമ്മന്‍ ചാണ്ടി എന്ന വ്യക്തി എത്രത്തോളം ജനവിശ്വാസം ആര്‍ജിച്ചുകഴിഞ്ഞു എന്നതിന്‍റെ തെളിവായിരുന്നു മുന്നണി മാറിയിട്ടുമുള്ള ആ വിജയം.

ആ വിശ്വാസം കരോട്ട് വള്ളക്കാലില്‍ എന്ന ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തിലുള്ള വിശ്വാസം കൂടിയായി മാറി. 1970ന് ശേഷം ജനിച്ച പുതുപ്പള്ളിക്കാരാരും ഉമ്മൻ ചാണ്ടിയല്ലാതെ മറ്റൊരു ജനപ്രതിനിധിയെ കണ്ടിട്ടില്ല. ഈ ഒരു സാഹചര്യത്തില്‍ ഉപതെരഞ്ഞെടുപ്പില്‍ കരുതലോടെയായിരിക്കും കോണ്‍ഗ്രസിന്‍റെ നീക്കം.

സഹതാപ തരംഗം ലക്ഷ്യമിട്ട് കോണ്‍ഗ്രസ്: ഉമ്മന്‍ ചാണ്ടിയെപ്പൊലൊരാളുടെ മണ്ഡലത്തില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ വിജയത്തില്‍ കുറഞ്ഞതൊന്നും കോണ്‍ഗ്രസിന് ചിന്തിക്കാനാകില്ല. സ്വാഭാവികമായും ഉമ്മന്‍ ചാണ്ടിയുടെ മരണത്തെ തുടര്‍ന്നുണ്ടായ സഹതാപ തരംഗം മണ്ഡലത്തില്‍ ആഞ്ഞടിക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം വിശ്വസിക്കുന്നു.

ഉമ്മൻ ചാണ്ടിയുടെ കുടുംബത്തില്‍ നിന്നൊരാള്‍ മത്സരിച്ചാല്‍ സഹതാപ തരംഗം കൂടുതല്‍ ശക്തമാകുമെന്നും കോണ്‍ഗ്രസ് നേതൃത്വം കണക്കുകൂട്ടുന്നുണ്ട്. കുടുംബത്തില്‍ നിന്നാകുമ്പോള്‍ ചാണ്ടി ഉമ്മനാണ് കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത്. ചാണ്ടി ഉമ്മനെപ്പോലെ സംഘടന രംഗത്ത് നേരത്തെ സജീവമായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ ഏറ്റവും ഇളയ മകള്‍ അച്ചു ഉമ്മന്‍.

രാഹുല്‍ ഗാന്ധിയുടെ പ്രത്യേക ടീമില്‍ അംഗമായ ചാണ്ടി ഉമ്മനെ കേന്ദ്ര നേതൃത്വത്തില്‍ ഉപയോഗിക്കണമെന്ന ആഗ്രഹം ഹൈക്കമാന്‍ഡ് പ്രകടിപ്പിക്കുകയാണെങ്കില്‍ അച്ചു ഉമ്മന് നറുക്ക് വീഴാനാണ് സാധ്യത. ഉമ്മന്‍ ചാണ്ടി അസുഖ ബാധിതനായ ഘട്ടത്തില്‍ അദ്ദേഹത്തിന് വേണ്ടത്ര ചികിത്സ നല്‍കാന്‍ ചാണ്ടി ഉമ്മന്‍ തടസം നില്‍ക്കുന്നു എന്ന് ചൂണ്ടിക്കാട്ടി ഉമ്മന്‍ ചാണ്ടിയുടെ സഹോദരങ്ങള്‍ ആരോപവുമായി രംഗത്ത് വന്നിരുന്നു.

ഇവർ മുഖ്യമന്ത്രിക്ക് പരാതി നല്‍കുകയും ചെയ്‌ത സാഹചര്യവും ഒരു പക്ഷേ അച്ചു ഉമ്മന് അനുകൂലമായേക്കാം. എല്ലാ വശങ്ങളും നോക്കിയാകും കോണ്‍ഗ്രസിന്‍റെ തീരുമാനം. സ്ഥാനാര്‍ഥി ഉമ്മന്‍ ചാണ്ടിയുടെ പിന്‍ഗാമിയാകട്ടെ എന്ന് കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചാല്‍ തീരുമാനം കുടുംബത്തില്‍ നിന്നാകും.

തങ്ങൾ മത്സര രംഗത്തില്ലെന്ന് കുടുംബാംഗങ്ങള്‍ തീരുമാനിച്ചാല്‍ മാത്രമേ കുടുംബത്തിന് പുറത്തുനിന്നുള്ള സ്ഥാനാര്‍ഥിക്ക് സാധ്യതയുള്ളൂ. അങ്ങനെയെങ്കില്‍ യുഡിഎഫ് ജില്ല കണ്‍വീനര്‍ ഫില്‍സണ്‍ മാത്യു, മുന്‍ ഡിസിസി പ്രസിഡന്‍റ് ജോഷി ഫിലിപ്പ്, ജില്ല പഞ്ചായത്തംഗം നിബു ജോണ്‍ എന്നിവരിലൊരാള്‍ക്കാണ് സാധ്യത കല്‍പ്പിക്കപ്പെടുന്നത്.

കരുക്കൾ നീക്കി സിപിഎം: അതേസമയം ഓര്‍ത്തഡോക്‌സ് - യാക്കോബായ തര്‍ക്കം രൂക്ഷമായ പുതുപ്പള്ളിയില്‍ കോണ്‍ഗ്രസിന്‍റെ വിജയം ഉമ്മന്‍ ചാണ്ടിയുടെ വ്യക്തി പ്രഭാവം ഒന്നുകൊണ്ടു മാത്രമാണെന്ന് കണക്കുകൂട്ടിയാണ് സിപിഎം കരുക്കള്‍ നീക്കുന്നത്. ഇത് മനസിലാക്കിയാണ് യാക്കോബായ വിഭാഗത്തില്‍ നിന്നുള്ള ജെയ്ക്ക് സി തോമസിനെ കഴിഞ്ഞ തവണ സിപിഎം ഉമ്മന്‍ ചാണ്ടിക്കെതിരെ നിയോഗിച്ചത്.

ഇത് പ്രതീക്ഷിച്ചതിലും വലിയ ഊര്‍ജമാണ് സിപിഎം ക്യാമ്പുകളില്‍ സമ്മാനിച്ചത്. പരമ്പരാഗത കോണ്‍ഗ്രസ് മേഖലകളിലെല്ലാം ഉമ്മന്‍ ചാണ്ടിയെ പിന്നിലാക്കാനായി എന്നതിനുമപ്പുറം, ചരിത്രത്തിലെ ഏറ്റവും ചെറിയ ഭൂരിപക്ഷത്തിലാണ് ഉമ്മൻ ചാണ്ടി 2021ല്‍ പുതുപ്പള്ളി കടന്നത്. ഈ സാഹചര്യം കൂടി വിലയിരുത്തി ഉമ്മന്‍ ചാണ്ടിയുടെ സഹതാപ തരംഗത്തിനുമപ്പുറം വോട്ടുകള്‍ നേടാന്‍ സാധ്യതയുള്ള സാഹചര്യമൊരുക്കാനാകും സിപിഎം ശ്രമം എന്ന കാര്യം ഉറപ്പാണ്.

ഇന്ന് ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളാരംഭിക്കാന്‍ തീരുമാനമായി. ഓഗസ്റ്റ് ആദ്യ വാരം നടക്കുന്ന സിപിഎം പൊളിറ്റ് ബ്യൂറോ, കേന്ദ്ര കമ്മിറ്റി യോഗങ്ങള്‍ക്ക് ശേഷം ഇതിനുള്ള പ്രവര്‍ത്തനങ്ങളിലേക്ക് കടക്കാനാണ് സിപിഎം തീരുമാനിച്ചിരുക്കുന്നത്.

ഒക്‌ടോബര്‍, നവംബര്‍ മാസങ്ങളില്‍ ഉപതെരഞ്ഞെടുപ്പിനുള്ള സാധ്യതയാണ് സിപിഎം മുന്നില്‍ കാണുന്നത്. ഏതായാലും ഉമ്മന്‍ ചാണ്ടിയുടെ പിന്‍ഗാമി ആരായിരിക്കണം എന്ന് ഉമ്മന്‍ ചാണ്ടിയെ ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തിയ പുതുപ്പള്ളിയിലെ വോട്ടര്‍മാര്‍ തീരുമാനിക്കുന്ന ഉപതെരഞ്ഞെടുപ്പായിരിക്കും വരാനിരിക്കുന്നതെന്ന കാര്യത്തില്‍ സംശയം വേണ്ട.

ABOUT THE AUTHOR

...view details