കേരളം

kerala

ETV Bharat / state

Puthuppally Byelection | ലിജിന്‍ ലാല്‍ പുതുപ്പള്ളിയില്‍ ബിജെപി സ്ഥാനാർഥി; പ്രചാരണത്തിന് വൻ താരനിര

തൃശൂരില്‍ ചേര്‍ന്ന ബിജെപി കോര്‍ കമ്മിറ്റിയിലും തുടര്‍ന്ന് നടന്ന എന്‍ഡിഎ യോഗത്തിലും സ്ഥാനാര്‍ഥിയെ തീരുമാനിച്ച ശേഷം ഇന്ന് കേന്ദ്ര നേതൃത്വമാണ് ഔദ്യോഗികമായി സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്.

Puthuppally Byelection BJP candidate declaration
ലിജിന്‍ ലാല്‍ പുതുപ്പള്ളിയില്‍ ബിജെപി സ്ഥാനാർഥി

By

Published : Aug 14, 2023, 2:28 PM IST

Updated : Aug 14, 2023, 3:09 PM IST

തിരുവനന്തപുരം:പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ലിജിന്‍ ലാല്‍ ബിജെപി സ്ഥാനാര്‍ഥി. നിലവില്‍ ബിജെപി കോട്ടയം ജില്ല പ്രസിഡന്‍റാണ് ലിജിന്‍ ലാല്‍. കേന്ദ്ര നേതൃത്വമാണ് സ്ഥാനാർഥിയെ ഔദ്യാഗികകമായി പ്രഖ്യാപിച്ചത്. 12 ന് തൃശൂരിൽ ചേർന്ന ബിജെപി കോർ കമ്മിറ്റി യോഗത്തിലും തുടർന്ന് നടന്ന എൻഡിഎ യോഗത്തിലും സ്ഥാനാർഥിയെ തീരുമാനിച്ചിട്ടുണ്ടെന്നും ഔദ്യോഗികമായി കേന്ദ്ര നേതൃത്വം പ്രഖ്യാപിക്കുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നേരത്തെ അറിയിച്ചിരുന്നു.

ലിജിന്‍ ലാല്‍:യുവമോർച്ച ജില്ലാ പ്രസിഡന്‍റ്, സംസ്ഥാന സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. 2014 മുതൽ ബി.ജെ.പി കോട്ടയം ജില്ലാ ജനറൽ സെക്രട്ടറിയായിരുന്നു. മരങ്ങാട്ടുപിള്ളി കുറിച്ചിത്താനം സ്വദേശിയാണ്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ കടുത്തുരുത്തി മണ്ഡലത്തിൽ നിന്ന് എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു.

പ്രചാരണത്തിന് വമ്പൻ താരനിര: തെരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രചാരണ പ്രവർത്തനങ്ങൾക്ക് രണ്ട് സമിതികളെയാണ് നിയോഗിച്ചിട്ടുള്ളത്. 17 അംഗ സംസ്ഥാന സമിതിക്കും അഞ്ച് അംഗ സംഘടന സമിതിക്കുമാണ് പ്രചാരണ പ്രവർത്തനങ്ങളുടെ ചുമതല. ബിജെപി ദേശീയ നേതാക്കളായ പ്രകാശ് ജാവദേക്കർ, രാധാമോഹൻ അഗർവാൾ എന്നിവരുടെ നേതൃത്വത്തിൽ കേന്ദ്രമന്ത്രി വി മുരളീധരൻ, മെട്രോമാൻ ഇ ശ്രീധരൻ, അനിൽ ആന്‍റണി, ചലച്ചിത്ര താരങ്ങളായ സുരേഷ് ഗോപി, കൃഷ്‌ണകുമാർ, മറ്റ് ബിജെപി നേതാക്കളായ അൽഫോൺസ് കണ്ണന്താനം, ഒ രാജഗോപാൽ, കുമ്മനം രാജശേഖരൻ, പികെ കൃഷ്‌ണദാസ്, എപി അബ്‌ദുല്ലക്കുട്ടി, സികെ പത്മനാഭൻ, ടോം വടക്കൻ, ശോഭ സുരേന്ദ്രൻ, എംടി രമേഷ് എന്നിവരാണ് പതിനേഴ് അംഗ സംസ്ഥാന സമിതി.

സ്ഥാനാർഥി നിർണയത്തിൽ സജീവ ചർച്ചയായ ജോർജ് കുര്യനാണ് അഞ്ചംഗ സംഘടന സമിതിയുടെ അധ്യക്ഷന്‍. പി സുധീർ, പ്രകാശ് ബാബു, ടിപി സിന്ധു മോൾ, ജി ലിജിൻ ലാൽ എന്നിവരാണ് മറ്റ് അംഗങ്ങൾ. മുൻകാലങ്ങളിൽ പുതുപ്പള്ളി മണ്ഡലത്തിൽ ബിജെപിക്ക് ഏറ്റവും കൂടുതൽ വോട്ട് നേടിക്കൊടുത്ത ജോർജ് കുര്യന്‍റെ പേര് സ്ഥാനാർഥി നിർണയ ചർച്ചകളിൽ സജീവമായി ഉയർന്നുവന്നിരുന്നതാണ്. എന്നാൽ പ്രചാരണത്തിന്‍റെ ചുമതല അദ്ദേഹത്തിന് നൽകുകയാണ് ഉണ്ടായത്.

എൻ ഹരി, ജോർജ് കുര്യൻ എന്നിവരായിരുന്നു ലിജിൻ ലാലിനൊപ്പം സ്ഥാനാർഥികളായി പരിഗണനയിലുണ്ടായിരുന്നത്. മണ്ഡലത്തിലും ജില്ലയിലും നിന്നുള്ള യുവ നേതാക്കളെ പരിഗണിക്കണമെന്ന് ബിജെപിക്കുള്ളിൽ നിന്ന് തന്നെ ചർച്ചകൾ ഉണ്ടായിരുന്നു. കുമ്മനം രാജശേഖരൻ, അനിൽ ആന്‍റണി, സന്ദീപ് വചസ്‌പതി എന്നിവരുടെ പേരുകളും സ്ഥാനാർഥി നിർണയ ചർച്ചകളിൽ ഉയർന്നുവന്ന പേരുകളാണ്. എന്നാൽ ഇതിൽ കുമ്മനം രാജശേഖരനും അനിൽ ആന്‍റണിക്കും പ്രചാരണ ചുമതലകളാണ് നേതൃത്വം നൽകിയത്.

നിലവിൽ പുതുപ്പള്ളി നിയോജക മണ്ഡലത്തിൽ 167 ബൂത്തുകളില്‍ ബിജെപി പ്രചാരണം ആരംഭിച്ചിട്ടുണ്ട്. ബൂത്ത് തലത്തിലുള്ള അവലോകന യോഗങ്ങളും കഴിഞ്ഞ ദിവസങ്ങളിൽ ബിജെപി പൂർത്തിയാക്കിയിരുന്നു. മാസപ്പടി വിവാദത്തിൽ ഭരണപക്ഷ പ്രതിപക്ഷ നേതാക്കളുടെ പേരുകൾ ഉൾപ്പെട്ട സാഹചര്യത്തിൽ ഉപതെരഞ്ഞെടുപ്പിൽ ഇത് സജീവ ചർച്ചയാക്കാനാണ് ബിജെപി നീക്കം. എൻഎസ്എസ് വോട്ടുകൾക്ക് സ്വാധീനമുള്ള പുതുപ്പള്ളി മണ്ഡലത്തിൽ ബിജെപിക്ക് അനുകൂലമായ നിലപാട് ഔദ്യോഗികമായി എൻഎസ്എസ് നേതൃത്വം ഇതുവരെ സ്വീകരിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ മിത്ത് വിവാദം ഉൾപ്പെടെ ഉപതെരഞ്ഞെടുപ്പിൽ ചർച്ചയാക്കാനാണ് ബിജെപിയുടെ തീരുമാനം.

Last Updated : Aug 14, 2023, 3:09 PM IST

ABOUT THE AUTHOR

...view details