കേരളം

kerala

ETV Bharat / state

Puthuppally Byelection Campaigning പുതുപ്പള്ളിയില്‍ ഇന്ന് നിശബ്‌ദ പ്രചാരണം; വോട്ടുറപ്പിക്കാന്‍ സജീവമായി മുന്നണികള്‍

Voting in Puthuppally tomorrow : മൂന്നാഴ്‌ചയിലധികം നീണ്ടുനിന്ന പ്രചാരണത്തിനൊടുവിൽ പുതുപ്പള്ളി നാളെ പോളിങ് ബൂത്തിലേക്ക്‌. പരസ്യ പ്രചാരണം ഇന്നലെ വൈകിട്ട്‌ ആറിന്‌ സമാപിച്ചു. പുതുപ്പള്ളിയില്‍ ഇന്ന് നിശബ്‌ദ പ്രചരണത്തിന്‍റെ മണിക്കൂറുകളാണ്. ചൊവ്വ രാവിലെ ഏഴുമുതൽ വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ് നടക്കുക

Puthupally By Election Campaigning  Puthupally By Election Campaigning  silent campaign today in Puthupally  Chandy Oommen  പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്  ജെയ്‌ക് സി തോമസ്  ലിജിന്‍ ലാൽ  Jaick C Thomas  Puthupally By Election  Kottayam news  പുതുപ്പള്ളിയില്‍ ഇന്ന് നിശബ്‌ദ പ്രചരണം
Puthupally By Election Campaigning 2023 LDF UDF BJP

By ETV Bharat Kerala Team

Published : Sep 4, 2023, 2:55 PM IST

തിരുവനന്തപുരം: നാളെ പോളിങ്ങ് ബൂത്തിലേക്ക് പോകുന്ന പുതുപ്പള്ളിയില്‍ ഇന്ന് നിശബ്‌ദ പ്രചരണത്തിന്‍റെ മണിക്കൂറുകള്‍. ആവേശകരമായ കൊട്ടിക്കലാശവും മണ്ഡലം ഇളക്കി മറിച്ചുള്ള പ്രചാരണത്തിനും ശേഷം വോട്ട് ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് മുന്നണികള്‍ (Puthupally Byelection Campaigning). യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മനും (Chandy Oommen) എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്‌ക് സി തോമസും (Jaick C Thomas) ബിജെപി സ്ഥാനാര്‍ഥി ലിജിന്‍ ലാലും ഇന്ന് മണ്ഡലത്തില്‍ സജീവമായി വോട്ടര്‍മാരെ കാണുകയാണ് (Silent campaign today in Puthuppally).

ഉപതെരഞ്ഞെടുപ്പിന്‍റെ (Puthuppally Byelection) എല്ലാ ആവേശവും ഉള്‍ക്കൊള്ളുന്നതായിരുന്നു ഇന്നലെ നടന്ന കൊട്ടിക്കലാശം. ഇന്നും അതിനനുസരിച്ചുള്ള പ്രവര്‍ത്തനം തന്നെയാണ് പുരോഗമിക്കുന്നത്. ഓരോ വോട്ടും ഉറപ്പിക്കാന്‍ മുന്നണി പ്രവര്‍ത്തകര്‍ ഓടി നടക്കുകയാണ്. പ്രചാരണ കാലയളവില്‍ വികസനം മുതല്‍ സ്ഥാനാർഥികളുടെ കുടുംബാഗങ്ങള്‍ക്കെതിരായ സൈബര്‍ ആക്രമണം വരെ സജീവമായി ഉയര്‍ന്നിരുന്നു.

ഉമ്മന്‍ ചാണ്ടിയും വികസനവും;ഉമ്മന്‍ ചാണ്ടിയുടെ മരണ ശേഷമുള്ള ഉപതെരഞ്ഞെടുപ്പില്‍ സഹതാപ തംരംഗം ഉണ്ടാകും. പ്രത്യേകിച്ച് 53 വര്‍ഷം ഉമ്മന്‍ ചാണ്ടി മാത്രം ജയിച്ച് മണ്ഡലത്തില്‍ അത് ഉണ്ടാകുമെന്ന് കണക്കുകൂട്ടി തന്നെയാണ് മുന്നണികളെല്ലാം തെരഞ്ഞെടുപ്പിനെ നേരിടുന്നത്. സഹതാപ തരംഗം എന്നത് യുഡിഎഫിന് കൂടുതല്‍ ആത്മവിശ്വാസം നല്‍കുന്നതാണ്. പ്രചരണത്തിന്‍റെ ആദ്യഘട്ടത്തില്‍ ഉമ്മന്‍ ചാണ്ടി മാത്രമാണ് പ്രചരണത്തില്‍ വിഷയമായത്. ഉമ്മന്‍ ചാണ്ടിയെ വിശുദ്ധനാക്കാന്‍ ശ്രമം എന്നായിരുന്നു ഇടതുമുന്നണി ആരോപിച്ചത്.

എന്നാല്‍ ഉമ്മന്‍ ചാണ്ടിയില്‍ മാത്രം ഒതുങ്ങുന്നതിന്‍റെ അപകടം മനസിലാക്കിയതോടെയാണ് സിപിഎം തന്നെ പ്രചാരണ വിഷയം വികസനം മാത്രമാണെന്ന് പ്രഖ്യാപിച്ചത്. മണ്ഡലത്തിലെ വികസന മുരടിപ്പ് എന്നതിലേക്ക് പ്രചാരണം ഇടതുപക്ഷം ചുരുക്കി. എന്നാല്‍ ഇതിനെ നേരിടുകയെന്ന നിലയാണ് യുഡിഎഫും സ്വീകരിച്ചത്. മണ്ഡലത്തിലെ ഓരോ വികസന പ്രവര്‍ത്തനങ്ങളും എണ്ണി പറഞ്ഞ് യുഡിഎഫ് ഇതിനെ നേരിടുകയായിരുന്നു.

സംസ്ഥാന സര്‍ക്കാറിന്‍റെ വികസനവും ജനക്ഷേമവുമായ പ്രവര്‍ത്തനങ്ങളാണ് ഇടതുപക്ഷം പ്രചരിപ്പിച്ചത്. ഒപ്പം മറ്റ് മണ്ഡലങ്ങളെ അപേക്ഷിച്ച് പുതുപ്പള്ളി വികസനത്തില്‍ ഏറെ പിന്നിലെന്നും പ്രചരണമുണ്ടായി. ഓരോ മണ്ഡലങ്ങളെയും പുതുപ്പള്ളിയുമായി താരതമ്യം ചെയ്‌തുള്ള പ്രചരണവും ഇടതുപക്ഷത്തിന്‍റെ ഭാഗത്തുനിന്നുണ്ടായി. ഒപ്പം വികസന സംവാദത്തിനായുള്ള വെല്ലുവിളിയും സിപിഎമ്മിന്‍റെ ഭാഗത്ത് നിന്നുണ്ടായി. ഈ സംവാദ വെല്ലുവിളി യുഡിഎഫ് ഏറ്റെടുക്കുകയും ചെയ്‌തു. തീയതിയും സമയവും അറിയിച്ചാല്‍ സംവാദമെന്ന് ഇരുകൂട്ടരും അറിയിച്ചെങ്കിലും സംവാദം മാത്രം നടന്നില്ല.

ഇന്നോളം പുതുപ്പള്ളി കണ്ടിട്ടും കേട്ടിട്ടും ഇല്ലാത്ത പ്രചരണം; ഇതുവരെ പരിചയമില്ലാത്ത പ്രചരണ കോലാഹലങ്ങള്‍ക്കും ആരോപണ പ്രത്യാരോപണങ്ങള്‍ക്കുമാണ് പുതുപ്പള്ളിക്കാര്‍ ഇത്തവണ സാക്ഷിയായത്. കഴിഞ്ഞ 53 വര്‍ഷത്തിനിടെ നിരവധി തെരഞ്ഞെടുപ്പുകള്‍ നടന്നെങ്കിലും വ്യക്തിപരമായ അധിക്ഷേപങ്ങളോ സൈബര്‍ ആക്രമണങ്ങളോ പുതുപ്പള്ളിക്കാര്‍ക്ക് പതിവുള്ളതല്ല. രാഷ്ട്രീയ മത്സരം നടക്കാറുണ്ടെങ്കിലും പ്രചാരണത്തില്‍ ഒരു മിതത്വം ഉണ്ടായിരുന്നു. എന്നാല്‍ ഇത്തവണ അതെല്ലാം മാറി മറിഞ്ഞു.

ഉപതെരഞ്ഞടുപ്പ് പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകം ചാണ്ടി ഉമ്മനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതിനു പിന്നാല തന്നെ വ്യക്തിപരമായ അധിക്ഷേപവും ഉയര്‍ന്നു. അതില്‍ പ്രധാനം ഉമ്മന്‍ ചാണ്ടിക്ക് ചികിത്സ നിഷേധിച്ചുവെന്ന പഴയ ആരോപണം വീണ്ടും ഉയര്‍ന്നുവെന്നതാണ്. ഒപ്പം പുതുപ്പള്ളി പള്ളിയില്‍ ഉമ്മന്‍ചാണ്ടിയുടെ അതേ ശൈലിയില്‍ വാതില്‍ പടിയിലിരുന്നുള്ള ചാണ്ടി ഉമ്മന്‍റെ ചിത്രങ്ങളും ചര്‍ച്ചയായി. ഉമ്മന്‍ ചാണ്ടിയെ അനുകരിക്കാന്‍ ശ്രമമെന്ന ആരോപണങ്ങളെ വികാരപരമായാണ് ചാണ്ടി ഉമ്മന്‍ പ്രതികരിച്ചത്.

ജെയ്‌ക് സി തോമസ് ഇടത് സ്ഥാനാര്‍ഥിയായി എത്തിയതിന് പിന്നാലെ തന്നെ ജെയ്‌കിന്‍റെ സ്വത്ത് സംബന്ധിച്ച ആരോപണങ്ങളാണ് ഉയര്‍ന്നത്. ഇതും പുതുപ്പള്ളിക്കാര്‍ക്ക് പുതിയ അനുഭവമായിരുന്നു. പ്രചരണ കാലയളവില്‍ സ്ഥാനാര്‍ഥികള്‍ തമ്മില്‍ ആരോപണ പ്രത്യോരോപണങ്ങളുണ്ടായെങ്കിലും അത് വ്യക്തിപരമായി ആക്രമണമായി മാറിയില്ല. എന്നാല്‍ തെരഞ്ഞെടുപ്പിന്‍റെ അവസാന നാളില്‍ ഉമ്മന്‍ ചാണ്ടി നേരിട്ട വേട്ടയാടലുകള്‍ ജനങ്ങളുടെ മനസിലുണ്ടെന്ന ചാണ്ടി ഉമ്മന്‍റെ പ്രസ്‌താവന സോളാര്‍ സമരകാലത്തെ സിപിഎം പ്രതിഷേധങ്ങളെയും കണ്ണൂരില്‍ വച്ച് കല്ലെറിയപ്പെട്ടതും ഉദ്ദേശിച്ചുളളതായിരുന്നു. ഇത് സഹതാപതരംഗം എന്നത് ഊട്ടിയുറപ്പിക്കുന്നതിനുള്ളതാണെന്ന് വേണം വിലയിരുത്താന്‍.

കുടുംബാംഗങ്ങള്‍ക്കെതിരായ സൈബര്‍ ആക്രമണം;പ്രചാരണത്തില്‍ വികസനം മാത്രമെന്ന് പറഞ്ഞ് മുന്നണികള്‍ മുന്നോട്ട് പോകുമ്പോഴും സൈബര്‍ ഇടങ്ങളില്‍ അതൊന്നും പാലിക്കപ്പെട്ടില്ല. ആദ്യം ഉമ്മന്‍ ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മനെതിരെയായിരുന്നു സൈബര്‍ ആക്രമണം നടന്നത്. അച്ചു ഉമ്മന്‍റെ ജീവിത ശൈലി അത്യാഡംബരം നിറഞ്ഞതാണെന്നും ഉപയോഗിക്കുന്ന വസ്ത്രം, വാച്ച് എന്നിവ ലക്ഷങ്ങൾ വിലമതിക്കുന്നതാണെന്നുമായിരുന്നു സൈബര്‍ ഇടങ്ങളിലെ പ്രചരണം.

എന്നാല്‍ ജോലിയുടെ ഭാഗമായുള്ള വീഡിയോകള്‍ ഉപയോഗിച്ച് അനാവശ്യമായ വിവാദമുണ്ടാക്കുകയാണെന്നായിരുന്നു അച്ചു ഉമ്മന്‍റെ പ്രതികരണം. അച്ചു ഉമ്മന് പിന്തുണയുമായി മുഴുവന്‍ യുഡിഎഫ് നേതാക്കളും രംഗത്തെത്തി. ജീവിച്ചിരുന്നപ്പോള്‍ ഉമ്മന്‍ ചാണ്ടിയെ വേട്ടയാടിയതുപോലെ ഇപ്പോള്‍ കുടംബത്തെയും വേട്ടയാടുകയാണെന്ന് യുഡിഎഫ് നേതാക്കള്‍ ആരോപിച്ചു.

ഇതോടൊപ്പം മറ്റൊരു മകള്‍ മറിയ ഉമ്മന്‍ ജോലി ചെയ്യുന്ന സ്വകാര്യ ഐടി സ്ഥാപനത്തില്‍ അനധികൃതമായി ജോലിക്കയറ്റം നേടിയത് ഉമ്മന്‍ ചാണ്ടിയുടെ സ്വാധീനം കൊണ്ടാണെന്നും സൈബര്‍ ഇടങ്ങളില്‍ പ്രചരണം നടന്നു. ആദ്യഘട്ടത്തില്‍ മുഖമില്ലാത്തവര്‍ക്കെതിരെ പരാതി നല്‍കുന്നില്ലെന്ന് ഉമ്മന്‍ ചാണ്ടിയുടെ കുടുംബം നിലപാടെടുത്തെങ്കിലും ആക്രണം കടുത്തതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

ഇതിനു പിന്നാലെയാണ് ഇടത് സ്ഥാനാര്‍ഥിയായ ജെയ്‌ക് തോമസിന്‍റെ ഭാര്യയ്‌ക്കെതിരായ സൈബര്‍ ആക്രമണം. പൂര്‍ണ്ണ ഗര്‍ഭിണിയായ ഗീതു തോമസ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് ഇറങ്ങിയതിനെ അധിക്ഷേപിച്ചാണ് സൈബര്‍ ഇടങ്ങളില്‍ പ്രചരണം നടന്നത്. ഇതിനെതിരെ ഗീതുവും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഗര്‍ഭിണിയെന്ന് അവകാശപ്പെടുന്ന ഭാര്യയെന്ന പ്രയോഗം വേദനിപ്പിച്ചുവെന്നാണ് ഗീതു മാധ്യമങ്ങളോട് പ്രതികരിച്ചത്. സൈബര്‍ ഇടങ്ങളിലെ അതിക്രമങ്ങളെയെല്ലാം ചാണ്ടി ഉമ്മനും ജെയ്‌ക് തോമസും തള്ളിപ്പറഞ്ഞിട്ടുണ്ട്. എങ്കിലും ഇത്തവണ പ്രചരണത്തില്‍ ഒരു കുറവുമുണ്ടായിട്ടില്ല.

ABOUT THE AUTHOR

...view details