തിരുവനന്തപുരം: നിയമനം ആവശ്യപ്പെട്ട് സെക്രട്ടേറിയേറ്റിന് മുന്നിൽ ലാസ്റ്റ് ഗ്രേഡ് സെർവന്‍റ്‌സ് റാങ്ക് ഹോൾഡേഴ്സ് നടത്തി വന്ന സമരം അവസാനിപ്പിച്ചു. മന്ത്രി എ.കെ ബാലനുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. അതേ സമയം സിവിൽ പൊലീസ് റാങ്ക് ഹോൾഡേഴ്സ് നടത്തുന്ന സമരം തുടരും. ചർച്ചയിൽ അനുകൂല സമീപനമാണ് ഉണ്ടായതെന്ന് എൽജിഎസ് പ്രതിനിധികൾ പറഞ്ഞു. നൈറ്റ് വാച്ച് മാൻ തസ്‌തികയുടെ ജോലി സമയം എട്ട് മണിക്കൂർ ആക്കണമെന്ന ആവശ്യവും സർക്കാർ അംഗീകരിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ അനുമതിയോടെ നടപ്പാക്കുമെന്ന് ചർച്ചയിൽ ഉറപ്പ് ലഭിച്ചെന്നും അവർ പറഞ്ഞു.
ചർച്ചയിൽ തങ്ങളുടെ ആവശ്യങ്ങൾ സത്യസന്ധമാണെന്ന് മന്ത്രിക്ക് മനസ്സിലായതായി സിവിൽ പൊലീസ് റാങ്ക് ഹോൾഡേഴ്സ് പറഞ്ഞു. പരിശോധിച്ച ശേഷം അനുകൂല നടപടി സ്വീകരിക്കാമെന്ന് മന്ത്രി ഉറപ്പ് നൽകി. എന്നാൽ രേഖാ മൂലം ഉറപ്പ് ലഭിക്കുന്നത് വരെ സമരം ശക്തമായി തുടരും. മൂന്നാം തിയതി സിപിഒ റാങ്ക് ഹോൾഡർമാരുടെ മഹാ സംഗമം നടത്തുമെന്നും അവർ പറഞ്ഞു.
നീണ്ട 36 ദിവസത്തിന് ശേഷമാണ് എൽജി എസ് റാങ്ക് ഹോൾഡേഴ്‌സ് സമരം അവസാനിപ്പിക്കുന്നത്. യൂത്ത് കോൺഗ്രസ് സമരപന്തലിലും ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി ഓഫീസിലും എത്തി ഉദ്യോഗാർഥികൾ നന്ദി അറിയിച്ചു.