തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ നടക്കുന്ന പിഎസ്‌സി ഉദ്യോഗാര്‍ഥികളുടെ സമരത്തെ ഡിവൈഎഫ്‌ഐ അധിക്ഷേപിക്കുന്നത് ഡിവൈഎഫ്‌ഐ പാർട്ടി ജീവിച്ചിരിപ്പുണ്ടെന്ന് കാണിക്കാനാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍. സമരത്തെ അടച്ച് ആക്ഷേപിക്കുന്ന ക്യാപ്‌സൂളുകളാണ് ഡിവൈഎഫ്ഐ നേതാക്കള്‍ക്ക് ലഭിക്കുന്നത്. ഈ ക്യാപ്‌സൂളുകള്‍ ഏറ്റെടുത്ത് അധപതനത്തിന്‍റെ വഴിയിലാണ് ഡിവൈഎഫ്‌ഐയെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.
പിഎസ്‌സി ഉദ്യോഗാർഥികളുടെ സമരം; ഡിവൈഎഫ്‌ഐയെ വിമർശിച്ച് ഷാഫി പറമ്പിൽ എംഎൽഎ - shafi parambil MLA against DYFI
ഡിവൈഎഫ്‌ഐയെ ചരിത്രത്തിലെ ഏറ്റവും ദുര്‍ബലമായ നേതൃത്വമാണ് ഇപ്പോള്‍ നയിക്കുന്നതെന്ന് ഷാഫി പറമ്പില്‍ എംഎൽഎ ആരോപിച്ചു.
ഡിവൈഎഫ്‌ഐയെ ചരിത്രത്തിലെ ഏറ്റവും ദുര്‍ബലമായ നേതൃത്വമാണ് ഇപ്പോള്‍ നയിക്കുന്നത്. ഉദ്യോഗാർഥികളുടെ സമരത്തെ കുറിച്ച് പറയുന്നതില്‍ ആത്മാർഥതയുണ്ടെങ്കിൽ ഏതെങ്കിലും മന്ത്രിയെ എത്തിച്ച് സമരം ഒത്തു തീര്‍പ്പാക്കാനായി ചര്‍ച്ച നടത്തണം. യൂത്ത് കോണ്‍ഗ്രസ് സമരങ്ങളെക്കുറിച്ച് പ്രവചിക്കാതെ ചെറുപ്പക്കാര്‍ക്ക് വേണ്ടി എന്തെങ്കിലും പറയാന്‍ ഡിവൈഎഫ്‌ഐ തയ്യാറാകണമെന്നും ഷാഫി പറമ്പിൽ പറഞ്ഞു.
യൂത്ത് കോണ്‍ഗ്രസ് സമരത്തിന് ഡിവൈഎഫ്‌ഐ ഗൈഡ് ലൈന്‍ തരേണ്ട. ഭരണം മാറുമ്പോള്‍ തെരുവിലിറങ്ങാനുള്ള ക്യാപ്‌സ്യൂളാകും ഡിവൈഎഫ്‌ഐക്ക് സിപിഎം നല്‍കുക. ഇത് കൂടി ആലോചിച്ചു വേണം സംസാരിക്കാന്‍. സര്‍ക്കാരിന്‍റെ ഭീഷണിക്കുമുന്നില്‍ യൂത്ത് കോണ്‍ഗ്രസ് കീഴടങ്ങില്ലെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.