തിരുവനന്തപുരം: പിഎസ്‌സി പരീക്ഷ ക്രമക്കേടില്‍ ഒളിവിലായിരുന്ന അഞ്ചാംപ്രതി ഗോകുല്‍ കീഴടങ്ങി. തിരുവനന്തപുരം സിജെഎം കോടതിയിലാണ് കീഴടങ്ങിയത്. ഗോകുലിനെ ഈ മാസം 16 വരെ കോടതി റിമാന്‍ഡ് ചെയ്തു. ക്രൈംബ്രാഞ്ച് സംഘം ഇയാളെ വിശദമായി ചോദ്യം ചെയ്യും.
പിഎസ്‌സി പരീക്ഷ ക്രമക്കേട്: അഞ്ചാംപ്രതി ഗോകുൽ കീഴടങ്ങി
എസ്എപി ക്യാമ്പിലെ പൊലീസുകാരനായ ഗോകുലിന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണ് ഇന്ന് കോടതിയില്‍ കീഴടങ്ങിയത്.
എസ്എപി ക്യാമ്പിലെ പൊലീസുകാരനായ ഗോകുലിന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണ് പ്രധാന പ്രതിയായ ഇയാള്‍ ഇന്ന് കോടതിയില്‍ കീഴടങ്ങിയത്. നേരത്തെ ജാമ്യാപേക്ഷ പരിഗണിക്കുന്ന വേളയില്‍ പ്രതികളുടെ അറസ്റ്റ് വൈകുന്നതിനെതിരെ കോടതി വിമര്‍ശനം ഉന്നയിച്ചിരുന്നു. മുഖ്യപ്രതികളായ ശിവരഞ്ജിത്തിനും പ്രണവിനും ഉത്തരങ്ങള്‍ എംഎംഎസ് ആയി അയച്ച് നല്‍കിയത് ഗോകുലും സഫീറുമാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
എംഎംഎസ് അയക്കാന്‍ സ്വീകരിച്ച മാര്‍ഗവും അയക്കാന്‍ ഉപയോഗിച്ച ഫോണും അന്വേഷണ സംഘത്തിന് ഇനിയും കണ്ടെത്താനായിട്ടില്ല. അതിനാല്‍ കൂടുതല്‍ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായാണ് ഗോകുലിനെ കസ്റ്റഡിയില്‍ വാങ്ങുന്നത്. ശിവരഞ്ജിത്ത്, പ്രണവ്, നസീം, സഫീര്‍, ഗോകുല്‍ എന്നിവരെ പ്രതികളാക്കിയാണ് ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നത്.