തിരുവനന്തപുരം: പി.എസ്.സി പരീക്ഷാ ക്രമക്കേടില്‍ പ്രതികള്‍ക്ക് മാതൃക പരീക്ഷ ആവശ്യമില്ലെന്ന് അന്വേഷണ സംഘം. മാതൃക പരീക്ഷ നടത്താന്‍ അനുമതി തേടി കോടതിയില്‍ നല്‍കിയ ഹര്‍ജി പിന്‍വലിക്കാന്‍ ക്രൈംബ്രാഞ്ച് അപേക്ഷ നല്‍കി. ഇതിനിടെ കേസില്‍ മുഖ്യ പ്രതികളായ പ്രണവ്, സഫീര്‍ എന്നിവരെ യൂണിവേഴ്‌സിറ്റി കോളജ് പരിസരത്ത് എത്തിച്ച് തെളിവെടുത്തു. ക്രൈംബ്രാഞ്ച് അന്വേഷണ സംഘമാണ് തെളിവെടുപ്പ് നടത്തിയത്. ചോദ്യപേപ്പര്‍ ചോര്‍ത്തിയതിനെക്കുറിച്ചും ഉത്തരങ്ങള്‍ കൈമാറിയതിനെക്കുറിച്ചും അറിയുന്നതിനാണ് പ്രതികളെ സ്ഥലത്തെത്തിച്ച് തെളിവെടുത്തത്.
പി.എസ്.സി പരീക്ഷാ ക്രമക്കേട്; പ്രതികള്‍ക്ക് മാതൃക പരീക്ഷ ആവശ്യമില്ലെന്ന് അന്വേഷണ സംഘം
മുഖ്യ പ്രതികളായ പ്രണവ്, സഫീര്‍ എന്നിവരെ യൂണിവേഴ്‌സിറ്റി കോളജ് പരിസരത്ത് എത്തിച്ച് തെളിവെടുത്തു
പി.എസ്.സി പരീക്ഷ ക്രമക്കേടിലെ നിര്‍ണായക തെളിവുകളായ മൊബൈല്‍ ഫോണ്‍, സ്മാര്‍ട്ട് വാച്ച് അടക്കമുള്ള ഉപകരണങ്ങള്‍ കണ്ടെത്താന്‍ അന്വേഷണ സംഘത്തിനായിട്ടില്ല. കഴിഞ്ഞ ദിവസം പ്രതികള്‍ ഒളിവില്‍ താമസിച്ചിരുന്ന സ്ഥലത്തെത്തിച്ച് നടത്തിയ പരിശോധനയിലും ഇവ കണ്ടെത്താനായില്ല. ഒളിവില്‍ താമസിക്കവെ തന്നെ ഉപകരണങ്ങള്‍ നശിപ്പിച്ചെന്നാണ് കേസില്‍ രണ്ടാം പ്രതിയായ പ്രണവിന്‍റെ മൊഴി. എന്നാല്‍ ഉപകരണങ്ങള്‍ ലഭ്യമാകാത്തത് കേസിനെ ബാധിക്കില്ലെന്നാണ് അന്വേഷണ സംഘത്തിന്‍റെ വിലയിരുത്തല്‍. പ്രതികള്‍ക്കെതിരെ നിര്‍ണായകമാകുന്ന തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും അന്വേഷണ സംഘം വ്യക്തമാക്കി.
ഇതിനിടെയാണ് പ്രണവിനെയും സഫീറിനെയും യൂണിവേഴ്‌സിറ്റി കോളജിന് മുന്നിലുള്ള മലയാളം, സംസ്‌കൃതം, ഹിന്ദി വിഭാഗങ്ങള്‍ പ്രവര്‍ത്തിക്കുന്ന ക്യാമ്പസില്‍ എത്തിച്ച് തെളിവെടുത്തത്. ഇവിടെ നിന്നാണ് പ്രതികള്‍ എസ്.എം.എസ് മുഖേന ഉത്തരങ്ങൾ അയച്ച് നല്‍കിയതെന്നാണ് നിഗമനം. എന്നാല്‍ ചോദ്യം ചെയ്യലില്‍ പരസ്‌പരവിരുദ്ധമായ മൊഴികള്‍ നല്‍കി അന്വേഷണം വഴിതെറ്റിക്കാന്‍ പ്രതികള്‍ ശ്രമിക്കുന്നതായും അന്വേഷണ സംഘം സംശയിക്കുന്നു. അതേസമയം കേസില്‍ വളരെ നിര്‍ണായകമായ തെളിവ് ലഭിച്ച സാഹചര്യത്തില്‍ മാതൃക പരീക്ഷാ ആവശ്യവുമായി തിരുവനന്തപുരം സിജെഎം കോടതിയില്‍ നല്‍കിയ ഹര്‍ജി പിന്‍വലിക്കാന്‍ അന്വേഷണ സംഘം അപേക്ഷ നല്‍കി. പ്രതികളുടെ ബൗദ്ധിക നിലവാരം പരിശോധിക്കുന്നതിനായിരുന്നു വീണ്ടും പരീക്ഷ നടത്തണമെന്ന ആവശ്യവുമായി നേരത്തെ അന്വേഷണ സംഘം കോടതിയെ സമീപിച്ചത്.