തിരുവനന്തപുരം:പ്രിയങ്ക ഗാന്ധിയുടെ വാത്സല്യവും കരുതലും വെളിപ്പെടുത്തി വട്ടിയൂർക്കാവിലെ യുഡിഎഫ് സ്ഥാനാർഥി വീണ എസ് നായരുടെ ഫേസ് ബുക്ക് പോസ്റ്റ്. പ്രിയങ്കയ്ക്കൊപ്പം കഴിഞ്ഞ ദിവസം ആറ്റുകാൽ ക്ഷേത്രദർശനം നടത്തുന്നതിനിടെ തന്‍റെ സാരിയിൽ തീ പടർന്നപ്പോഴുണ്ടായ അനുഭവം വിവരിച്ചാണ് വീണയുടെ പോസ്റ്റ്. പ്രിയങ്കക്കൊപ്പം ക്ഷേത്രത്തിൽ നാരങ്ങാവിളക്ക് തെളിയിക്കുന്നതിനിടെയാണ് വീണയുടെ സാരിയിൽ തീപടർന്നത്.
വീണ എസ് നായരുടെ സാരിക്ക് തീപിടിച്ചു; രക്ഷയായത് പ്രിയങ്കയുടെ കരുതൽ - priyanka saves veena from fire
പ്രിയങ്കയ്ക്കൊപ്പം ക്ഷേത്രത്തിൽ നാരങ്ങാവിളക്ക് തെളിയിക്കുന്നതിനിടെയാണ് വീണയുടെ സാരിയിൽ തീപടർന്നത്
പ്രവർത്തകരുടെ ആവേശത്തിനിടെയുണ്ടായ ഉന്തിലും തള്ളിലും തീ പടർന്നത് വീണ അറിഞ്ഞില്ലെങ്കിലും പിന്നിൽ നിന്ന് ആരോ തീ കെടുത്തി. സാരിയുടെ നല്ല ഭാഗം കത്തിയതോടെ പ്രിയങ്ക തന്‍റെ പക്കലുണ്ടായിരുന്ന ഷാൾ പുതപ്പിച്ച് ഒരു കൊച്ചു കുട്ടിയോടെന്ന പോലെ വാത്സല്യത്തിൽ വീണയെ കൈയിൽ മുറുകെ പിടിച്ച് ക്ഷേത്രത്തിനുള്ളിലേക്ക് കൂട്ടിക്കൊണ്ടുപോയി. പിന്നീട് ഒരു കാര്യം ശ്രദ്ധയിൽപ്പെടുത്താനുണ്ടെന്ന് പറഞ്ഞപ്പോൾ വീണയെ കാറിൽ ഒപ്പം കൂട്ടി. പ്രിയങ്ക റോഡ് ഷോയ്ക്കിടെ വോട്ടർമാർക്കു നേരേ കൈ വീശുമ്പോൾ വീണയോടും എഴുന്നേറ്റു നിൽക്കാൻ നിർദ്ദേശിച്ചു.
സാരിയുടെ കാര്യം ഓർമിപ്പിച്ച് വീണ പിൻവലിഞ്ഞപ്പോൾ പ്രിയങ്ക പുതച്ചിരുന്ന മഞ്ഞ ചുരിദാറിൻ്റെ ഷാൾ നീട്ടി അത് പുതയ്ക്കാൻ ആവശ്യപ്പെട്ടുവെന്നാണ് ഫേസ്ബുക്ക് പോസ്റ്റിൽ വിവരിക്കുന്നത്. പ്രിയങ്കയുടെ കരുതലിൽ പിറക്കാതെ പോയ സഹോദരിയുടെ സ്നേഹവും സാന്ത്വനവും താൻ അനുഭവിച്ചുവെന്നാണ് വീണ വൈകാരികമായ തന്‍റെ പോസ്റ്റിൽ വ്യക്തമാക്കുന്നത്. രാത്രി വൈകി പോസ്റ്റ് ചെയ്ത കുറിപ്പിന് വലിയ പ്രതികരണമാണ് ലഭിക്കുന്നത്.