തിരുവനന്തപുരം:കാട്ടാക്കട ക്രിസ്‌ത്യന്‍ കോളജിലെ തെരഞ്ഞെടുപ്പ് ആള്‍മാറാട്ട കേസില്‍ നടപടിയെടുത്ത് കേരള സര്‍വകലാശാല. കുറ്റാരോപിതനായ താത്കാലിക പ്രിൻസിപ്പൽ ഡോ. ജി.ജെ ഷൈജുവിനെ സ്ഥാനത്ത് നിന്ന് മാറ്റി. സർവകലാശാലയ്ക്ക് അവമതിപ്പ് ഉണ്ടാക്കിയ പ്രവൃത്തിയാണ് സംഭവിച്ചതെന്നും വിശ്വാസ്യത തിരിച്ച് പിടിക്കുമെന്നും കേരള സർവകലാശാല വൈസ് ചാന്‍സലര്‍ പറഞ്ഞു.
അധ്യാപക സ്ഥാനത്ത് നിന്ന് ഷൈജുവിനെ സസ്പെൻഡ് ചെയ്യുന്നതിന് മാനേജ്മെന്‍റിനോട് ശുപാർശ ചെയ്യുമെന്നും വിസി അറിയിച്ചു. പ്രിന്‍സിപ്പല്‍ ഷൈജുവിനെതിരെയും എസ്‌എഫ്‌ഐ ഏരിയ സെക്രട്ടറി വിശാഖിനെതിരെയും ആള്‍മാറാട്ട കേസ് സംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കുമെന്നും വിസി അറിയിച്ചു.
നിലവിൽ പ്രസിദ്ധീകരിച്ച വോട്ടേഴ്‌സ് ലിസ്റ്റ് റദ്ദ് ചെയ്‌ത് മുഴുവന്‍ കോളജുകളുടെയും യുയുസി മാരുടെ ലിസ്റ്റും പുനഃപരിശോധിക്കുമെന്നും വിസി പറഞ്ഞു. പുനഃപരിശോധനയ്ക്ക് ശേഷം പരാതി നൽകാൻ അവസരം ഉണ്ടാകും. അതിന് ശേഷം മാത്രമെ യൂണിയൻ തെരഞ്ഞെടുപ്പ് നടത്തുകയുള്ളുവെന്നും വൈസ് ചാന്‍സലര്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് മാറ്റി വച്ചതിലുണ്ടായ നഷ്‌ടം പ്രിന്‍സിപ്പല്‍ ഷൈജുവില്‍ നിന്ന് ഈടാക്കുമെന്നും വിസി വ്യക്തമാക്കി.
തെരഞ്ഞെടുപ്പില്‍ ആള്‍മാറാട്ടവും പ്രശ്‌നങ്ങളും: മെയ് 26നാണ് കേരള സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പ് നടക്കാന്‍ തീരുമാനിച്ചിരുന്നത്. കാട്ടാക്കട കോളജില്‍ നിന്ന് അനഘ എന്ന വിദ്യാര്‍ഥിയാണ് കേരള സര്‍വകലാശാലയിലേക്ക് യുയുസിയായി വിജയിച്ചത്. എന്നാല്‍ കോളജില്‍ നിന്ന് യൂണിവേഴ്‌സിറ്റിക്ക് നല്‍കിയത് അനഘയുടെ പേര് ഒഴിവാക്കിയുള്ള പട്ടിക. പകരം തിരുകി കയറ്റിയതാകട്ടെ എസ്‌എഫ്‌ഐ ഏരിയ സെക്രട്ടറിയും കോളജിലെ ഒന്നാം വര്‍ഷ ഫിസിക്‌സ് വിദ്യാര്‍ഥിയുമായ വിശാഖിന്‍റെ പേരും.
സംഭവത്തിനെതിരെ കെഎസ്‌യു പൊലീസില്‍ പരാതി നല്‍കിയതോടെയാണ് വിവരം പുറംലോകമറിയുന്നത്. പിന്നാലെ പ്രതിഷേധങ്ങളും ആരോപണങ്ങളും വാദ പ്രതിവാദങ്ങളുമെല്ലാം ഉടലെടുത്തു. സംഭവം വിവാദമായാതോടെ പ്രിന്‍സിപ്പല്‍ ജി.ജെ ഷൈജുവിനെ സര്‍വകലാശാല ആസ്ഥാനത്തേക്ക് വിളിച്ച് വരുത്തി വിശദീകരണം ആരായുകയുമുണ്ടായി.
കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ട അനഘയ്ക്ക് സ്ഥാനത്ത് തുടരാൻ താത്‌പര്യമില്ലാത്തതിനാൽ വിശാഖിന്‍റെ പേര് ചേർക്കുകയായിരുന്നുവെന്നാണ് പ്രിൻസിപ്പൽ ഷൈജു പറഞ്ഞത്. എന്നാല്‍ ഇങ്ങനെയൊരു നിയമം യൂണിവേഴ്‌സിറ്റി ചട്ടത്തിലില്ല. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും പ്രിന്‍സിപ്പല്‍ കേരള സര്‍വകലാശാലയില്‍ ഹാജരാക്കിയെങ്കിലും അത് വിഫലമായി. വിഷയത്തില്‍ സര്‍വകലാശാല കടുത്ത അതൃപ്‌തിയാണ് പ്രകടിപ്പിച്ചത്.
അനഘ രാജി നല്‍കിയത് കൊണ്ട് വിശാഖിന്‍റെ പേര് നല്‍കുകയെന്നത് നിലവില്‍ ചട്ടവിരുദ്ധമാണെന്നും അത് മുഖവിലക്കെടുക്കേണ്ടതില്ലെന്നും യൂണിവേഴ്‌സിറ്റി പറഞ്ഞു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ ഈ വിഷയത്തില്‍ ക്രമക്കേട് നടന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ കോളജ് തെരഞ്ഞെടുപ്പ് റദ്ദാക്കി പുതിയ വോട്ടെടുപ്പ് നടത്താനാണ് ആലോചിക്കുന്നതെന്നും യൂണിവേഴ്‌സിറ്റി അറിയിച്ചു. വിഷയത്തില്‍ പ്രതിഷേധം ഉയര്‍ന്നതോടെ തെരഞ്ഞെടുപ്പ് മാറ്റി വയ്ക്കുകയും വിശാഖിനെ എസ്എഫ്ഐ സംസ്ഥാന സെക്രട്ടേറിയറ്റ് പുറത്താക്കുകയും ചെയ്‌തിരുന്നു.
എസ്എഫ്ഐയുടെ നേതാവ് നടത്തിയ ആൾമാറാട്ടം ഇന്നലെ ചേർന്ന സിപിഎം യോഗത്തിലും ചർച്ചയായിരുന്നു. തെരഞ്ഞെടുപ്പിൽ കൃത്രിമം കാണിച്ചുവെന്നാരോപിച്ച് കെഎസ്‌യു ഡിജിപിക്ക് പരാതി നൽകുകയും കേരള യൂണിവേഴ്‌സിറ്റിയിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുകയും ചെയ്‌തു. പ്രിൻസിപ്പലിനെ പുറത്താക്കണമെന്നും കോളജിലെ അഫിലിയേഷൻ റദ്ദ് ചെയ്യണമെന്നും കെഎസ്‌യു ആവശ്യപ്പെട്ടു. സിൻഡിക്കേറ്റ് യോഗത്തിലാണ് കോളജ് പ്രിൻസിപ്പലിനെതിരെയും വിദ്യാർഥിക്കെതിരെയും നടപടിയെടുക്കാൻ തീരുമാനമായത്.
also read:ഇരമ്പിയാർത്ത് ശ്രീകണ്ഠീരവ: മുഖ്യനായി സിദ്ധരാമയ്യ, ഉപമുഖ്യൻ ഡികെയും എട്ട് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്‌തു