മന്ത്രി ആർ.ബിന്ദു പ്രതികരിക്കുന്നു തിരുവനന്തപുരം: കോളജ് പ്രിൻസിപ്പാള്‍ നിയമനവുമായി ബന്ധപ്പെട്ട സെലക്ഷൻ കമ്മിറ്റി അംഗീകരിച്ച 43 പേരെയും രണ്ട് ആഴ്‌ചയ്‌ക്കുള്ളിൽ നിയമിക്കാൻ സർക്കാരിന് ട്രിബ്യൂണൽ ഉത്തരവ്. ഇവരെ താത്‌കാലികമായിട്ടാവണം നിയമിക്കേണ്ടതെന്നും കോടതി നിർദേശിച്ചു. 77 പേരുടെ മൊത്ത ഒഴുവിലേക്ക് ബാക്കി വരുന്ന 23 പേരുടെ ലിസ്‌റ്റില്‍ യുജിസി നിബന്ധനകൾ പാലിച്ചുകൊണ്ട് പൂർത്തിയാക്കുകയും വേണമെന്നും അഡ്‌മിനിസ്ട്രറ്റീവ് ട്രിബ്യൂണലിന്‍റെ ഉത്തരവില്‍ പറയുന്നു.
ജനുവരിയിൽ പ്രസിദ്ധീകരിച്ച പ്രിൻസിപ്പാള്‍ നിയമന പട്ടികയിലുള്ള ഏഴുപേർ നിയമനം ലഭിക്കുന്നതിനായി നൽകിയ ഹർജി പരിഗണിച്ചാണ് കോടതി ഉത്തരവെത്തുന്നത്. മാത്രമല്ല പ്രിൻസിപ്പാള്‍ നിയമനവുമായി ബന്ധപ്പെട്ട വിഷയത്തിൽ എക്‌സിക്യൂഷൻ പെറ്റീഷൻ അടക്കമുള്ള രേഖകൾ അഡീഷണൽ സെക്രട്ടറി ഹരികുമാർ വ്യാഴാഴ്‌ച നേരിട്ട് ഹാജരാക്കി. എന്നാൽ, രേഖകൾ അപൂർണമെന്ന് കോടതി വാക്കാൽ പറഞ്ഞു.
സർക്കാറിന്‍റെ ഭാഗത്ത് നിന്നും ഒരു തരത്തിലുള്ള വീഴ്ച്ചയും നടന്നിട്ടില്ല എന്ന് സർക്കാർ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. മാത്രവുമല്ല സർക്കാർ പ്രസിദ്ധീകരിച്ച പട്ടികയിൽ 77 ഒഴിവുകൾ ഉണ്ടായിരുന്നു. എന്നാൽ 110 പേരുടെ ലിസ്റ്റിൽ നിന്നും 44 പേരെ തെരഞ്ഞെടുത്തു. ഇവരെ സെലക്ഷൻ കമ്മിറ്റി യുജിസി ചട്ടമനുസരിച്ചാണ് തെരഞ്ഞെടുപ്പ് നടത്തിയത്. സർക്കാർ കോളജുകളിൽ പ്രിൻസിപ്പാള്‍ നിയമ പട്ടികയിൽ അയോഗ്യരായവരെ ഉൾപ്പെടുത്താൻ ഒരു ശ്രമവും സർക്കാർ നടത്തിയിട്ടില്ലെന്നും സർക്കാർ അഭിഭാഷകൻ കോതിയെ അറിയിച്ചു. എന്നാൽ 43 പേരുടെ പട്ടികയിൽ നിന്നും 77 പേരുടെ പട്ടികയിൽ നിന്ന് നിയമനം നടത്താനുള്ള സർക്കാർ നീക്കം ട്രിബ്യൂണൽ തടഞ്ഞു.
അതേസമയം, പ്രിൻസിപ്പാള്‍ നിയമനവുമായി ബന്ധപ്പെട്ട് വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകൾ ഉൾപ്പെടെ മുഴുവൻ ഫയലുകളും അഡീഷണൽ സെക്രട്ടറിയുടെ റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ തന്നെ നേരിട്ട് ഹാജരാക്കാൻ കഴിഞ്ഞ ദിവസം അഡ്‌മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ ഉത്തരവിട്ടിരുന്നു.
ഉത്തരവില്‍ പ്രതികരിച്ച് മന്ത്രി:ട്രിബ്യൂണലിന്‍റെ വിധി അംഗീകരിക്കുമെന്നും അർഹരായവർക്ക് പ്രിൻസിപ്പാള്‍ നിയമനം ലഭിക്കണമെന്നാണ് സർക്കാർ നിലപാടെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു അറിയിച്ചു. 43 പേരുടെ പട്ടികയിൽ നിന്ന് പ്രിൻസിപ്പാള്‍ നിയമനം നടത്തണമെന്ന ട്രിബ്യൂണലിന്‍റെ വിധി വന്നതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. വിധിയുടെ പൂർണ വിവരം ലഭിച്ചതിന് ശേഷം ബാക്കി കാര്യങ്ങൾ വിശദമാക്കാമെന്നും മന്ത്രി വ്യക്തമാക്കി.
പ്രിൻസിപ്പാള്‍ നിയമന വിവാദം:സർക്കാർ ആർട്‌സ് ആൻഡ് സയൻസ് കോളജ് പ്രിൻസിപ്പാള്‍ നിയമനത്തിനായി യുജിസി റെഗുലേഷൻ പ്രകാരം രൂപവത്കരിച്ച സെലക്‌ഷൻ കമ്മിറ്റി മുമ്പ് 43 പേരുടെ പട്ടിക തയ്യാറാക്കിയിരുന്നു. ഈ പട്ടിക ഡിപ്പാർട്ട്‌മെന്‍റൽ പ്രൊമോഷൻ കമ്മിറ്റി അംഗീകരിക്കുകയും നിയമനത്തിന് കോളജ് വിദ്യാഭ്യാസ ഡയറക്‌ടർ ശുപാർശയും ചെയ്യുകയുമുണ്ടായി. എന്നാല്‍ ഈ പട്ടികയിൽ തിരുത്തൽ വരുത്താൻ മന്ത്രി ഇടപെട്ടുവെന്നായിരുന്നു വിവരാവകാശ രേഖകൾ വ്യക്‌തമാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് മന്ത്രി ആര്‍ ബിന്ദുവിനെതിരെ ആരോപണം ഉയര്‍ന്നത്. ഈ രേഖകൾ ഹാജരാക്കിക്കൊണ്ടായിരുന്നു ഹർജിക്കാർ പെറ്റീഷൻ നൽകിയത്.
ഇതോടെ വിവാദവുമായി ബന്ധപ്പെട്ട ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിന് ആ സ്ഥാനത്തിരിക്കാൻ അർഹതയില്ലെന്നറിയിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശനും രംഗത്തെത്തി. സംഭവത്തിൽ അനധികൃതമായി ഇടപെട്ട മന്ത്രി സ്ഥാനമൊഴിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആര്‍ ബിന്ദു മന്ത്രിസ്ഥാനം ദുരുപയോഗം ചെയ്‌തുവെന്നും അദ്ദേഹം ആരോപിച്ചു. സ്വന്തക്കാരായ ആരും മെറിറ്റില്‍ ഉള്‍പ്പെടാത്തതിനാല്‍ ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി അനധികൃതമായി ഇടപെട്ട് അപ്പലേറ്റ് കമ്മിറ്റിയുണ്ടാക്കി ആ പട്ടികയില്‍ ഉള്‍പ്പെട്ടവരെ നിയമിച്ചില്ലെന്നും നിയമനം നടക്കാതായതോടെ സ്വന്തക്കാരെ ഇന്‍ ചാര്‍ജ് പ്രിൻസിപ്പാള്‍മാരാക്കിയെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തിയിരുന്നു.