തിരുവനന്തപുരം :സംസ്ഥാനത്ത് നാശം വിതച്ച് പെയ്‌ത ശക്തമായ മഴയെ തുടര്‍ന്നുള്ള സ്ഥിതിഗതികള്‍ വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. മുഖ്യമന്ത്രി പിണറായി വിജയനെ ഫോണില്‍ വിളിച്ച് ദുരന്തത്തിന്‍റെ വ്യാപ്തിയും രക്ഷാപ്രവര്‍ത്തനത്തിന്‍റെ പുരോഗതിയും പ്രധാനമന്ത്രി ആരാഞ്ഞു.
അതിതീവ്രമഴയും ഉരുള്‍പൊട്ടലും മൂലം സംസ്ഥാനത്തുണ്ടായ മരണങ്ങളും മറ്റ് നാശനഷ്ടങ്ങളും സംബന്ധിച്ച് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിച്ചു. സംസ്ഥാനത്തിന് ആവശ്യമായ സഹായങ്ങള്‍ കേന്ദ്രസര്‍ക്കാരിന്‍റെ ഭാഗത്തുനിന്നുമുണ്ടാകുമെന്ന് പ്രധാനമന്ത്രി വാഗ്‌ദാനം ചെയ്തതായി മുഖ്യമന്ത്രി അറിയിച്ചു.
നരേന്ദ്രമോദിയുടെ ട്വീറ്റ്
കേരളത്തിലെ കനത്ത മഴയുടെയും മണ്ണിടിച്ചിലിന്റെയും പശ്ചാത്തലത്തിൽ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയനുമായി സംസാരിച്ച് സ്ഥിതിഗതികൾ ചർച്ച ചെയ്തു. പരിക്കേറ്റവരെയും ദുരിതബാധിതരെയും സഹായിക്കാൻ ഉദ്യോഗസ്ഥർ രംഗത്തുണ്ട്. എല്ലാവരുടെയും സുരക്ഷയ്ക്കും ക്ഷേമത്തിനും വേണ്ടി ഞാൻ പ്രാർഥിക്കുന്നു.
ALSO READ: മഴക്കെടുതി : കേരളത്തിന് സാധ്യമായ എല്ലാ സഹായവും നല്‍കുമെന്ന് അമിത് ഷാ
നേരത്തേ സംസ്ഥാനത്തിന് വേണ്ടുന്ന എല്ലാ സഹായവും കേന്ദ്രം എത്തിക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചിരുന്നു. കനത്ത മഴയുടെയും വെള്ളപ്പൊക്കത്തിന്‍റെയും പശ്ചാത്തലത്തില്‍ കേരളത്തിന്‍റെ സാഹചര്യം കേന്ദ്രം നിരന്തരം വിലയിരുത്തിവരികയാണെന്നും അദ്ദേഹം അറിയിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹം സഹായം ഉറപ്പുനൽകിയത്.