കേരളം

kerala

ETV Bharat / state

Dengue fever| ഡെങ്കിപ്പനിയെ ഭയക്കണം, രോഗബാധ തിരിച്ചറിയാനും തടയാനും ആരോഗ്യവിദഗ്‌ധരുടെ നിർദേശങ്ങൾ

സംസ്ഥാനത്ത് ഡെങ്കിപ്പനി പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തിൽ രോഗബാധയുടെ ലക്ഷണങ്ങളും രോഗം തടയാൻ വേണ്ട മുൻകരുതലുകളും എന്തെല്ലാമെന്ന് ആരോഗ്യവിദഗ്‌ദർ പറയുന്നു

dengue  ഡെങ്കിപ്പനി  പകര്‍ച്ചവ്യാധി  പനി  ഡെങ്കിപ്പനിയുടെ ലക്ഷണങ്ങള്‍  ഡെങ്കിപ്പനി വരാതിരിക്കാൻ  ഡ്രൈ ഡേ  dengue fever  dengue fever Precautions  fever cases kerala
Dengue fever

By

Published : Jun 24, 2023, 5:37 PM IST

Updated : Jun 24, 2023, 6:22 PM IST

ഡെങ്കിപ്പനിയെ കുറിച്ച് ആരോഗ്യ വിദഗ്‌ധ പറയുന്നു

തിരുവനന്തപുരം :സംസ്ഥാനത്ത് ഡെങ്കിപ്പനി വ്യാപനം വര്‍ധിക്കുന്നു. ജൂണ്‍ മാസത്തില്‍ മാത്രം 1389 പേര്‍ക്ക് ഡെങ്കിപ്പനി ബാധിച്ചിട്ടുണ്ട്. 4278 പേര്‍ ഡെങ്കിപ്പനി സംശയിച്ച് നിലവിൽ ചികിത്സയിലുമുണ്ട്. അതീവ ജാഗ്രത പാലിക്കേണ്ട ഒരു പകര്‍ച്ചവ്യാധിയാണ് ഡെങ്കിപ്പനി. ഏത് പനിയും ഡെങ്കിപ്പനി ഉള്‍പ്പെടെയുള്ള പകര്‍ച്ചപ്പനികള്‍ ആകാമെന്നതിനാല്‍ തീവ്രമായതോ നീണ്ട് നില്‍ക്കുന്നതോ ആയ എല്ലാ പനി ബാധകള്‍ക്കും വൈദ്യ സഹായം തേടണം.

കുട്ടികളെയും മുതിര്‍ന്നവരെയും ഒരുപോലെ ബാധിക്കുന്ന രോഗമാണ് ഡെങ്കിപ്പനി. പൊതുവേ കാണപ്പെടുന്ന മറ്റ് വൈറല്‍ പനികളില്‍ നിന്ന് ഡെങ്കിപ്പനിയുടെ ലക്ഷണങ്ങള്‍ വ്യത്യസ്‌തമല്ലാത്തതിനാല്‍ പലപ്പോഴും ഡെങ്കിപ്പനി തിരിച്ചറിയാന്‍ കഴിയാതെ വരികയോ വൈകുകയോ ചെയ്യാം. നാല് തരം ഡെങ്കി വൈറസുകളാണുള്ളത്. ഒരേ തരം ഡെങ്കി വീണ്ടും ആവര്‍ത്തിച്ച് വരുന്നത് സ്ഥിതി ഗുരുതരമാക്കാം.

ഡെങ്കിപ്പനി എങ്ങനെ തിരിച്ചറിയാം?പെട്ടെന്നുള്ള കനത്ത പനിയാണ് ഡെങ്കിയുടെ പ്രധാന ലക്ഷണം. തലവേദന, പേശിവേദന, വിശപ്പില്ലായ്‌മ, മനം പുരട്ടല്‍, ഛര്‍ദി, ക്ഷീണം, തൊണ്ടവേദന, ചെറിയ ചുമ തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാകാം. അതിശക്തമായ മേല്‌വേദന, വയറ് വേദന, കണ്ണിന് പുറകില്‍ വേദന, ശരീരത്തില്‍ ചുവന്ന നിറത്തില്‍ പാടുകള്‍ പ്രത്യക്ഷപ്പെടുക എന്നിവയും ചിലരില്‍ കാണപ്പെടുന്നു.

ശക്തമായ വയറുവേദന, ശ്വാസതടസം, മൂത്രം പോകുന്നതില്‍ പെട്ടെന്ന് ഉണ്ടാകുന്ന കുറവ്, അപസ്‌മാര ലക്ഷണങ്ങള്‍, മഞ്ഞപ്പിത്തം, ശരീരത്തിന്‍റെ ഏതെങ്കിലും ഭാഗത്ത് നിന്നും രക്തസ്രാവം ഉണ്ടാവുക, മലം കറുത്ത നിറത്തില്‍ പോവുക എന്നീ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ അവ അടിയന്തരമായി ഡോക്‌ടറുടെ ശ്രദ്ധയില്‍ പെടുത്തേണ്ടതാണ്. രക്തപരിശോധനയിലൂടെ ഡെങ്കിപ്പനി തിരിച്ചറിയാം. ടെസ്റ്റ് ചെയ്യുന്നതിനുള്ള സൗകര്യം എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ചികിത്സ അത്യാവശ്യം :ഡെങ്കിപ്പനി വിദഗ്‌ധ ചികിത്സ വേണ്ട അസുഖമാണ്. ആദ്യ മൂന്ന് ദിവസം കടുത്ത പനിയും അതിനു ശേഷം കുറയുകയും ഏഴ്, എട്ട്, ഒന്‍പത് ദിവസങ്ങളില്‍ വീണ്ടും പനി വരികയും ചെയ്യും. ഒൻപത് ദിവസം വരെ രക്തത്തിലെ പ്ലേറ്റ്‌ലെറ്റ് കുറയാന്‍ സാധ്യതയുണ്ട്. ഇത് ആര്‍ക്കെല്ലാം ഗുരുതരമാകുമെന്ന് ഒരിക്കലും പ്രവചിക്കാന്‍ കഴിയില്ല. അതിനാല്‍ ഡെങ്കിപ്പനി കാലയളവില്‍ ഇടയ്‌ക്കിടെ പ്ലേറ്റ്‌ലെറ്റിന്‍റെ അളവ് പരിശോധിക്കണം.

പ്ലേറ്റ്‌ലെറ്റ് കുറഞ്ഞാല്‍ തലച്ചോറിനുള്ളില്‍ വരെ രക്തസ്രാവത്തിന് കാരണമാകും. രക്തകുഴലുകള്‍ക്ക് ജലം പിടിച്ചു നിര്‍ത്താനുള്ള ശേഷി കുറയാം. അതിനാല്‍ ബിപി വളരെ കുറയുകയും കിഡ്‌നി അടക്കമുള്ള ആന്തരാവയവങ്ങളെ ബാധിക്കുകയും ചെയ്യാം. ശ്വാസകോശത്തേയും ഡെങ്കി ഗുരുതരമായി ബാധിക്കാനുള്ള സാധ്യതയുണ്ട്. അതില്‍ സ്വയം ചികിത്സ നടത്താതെ പനി ബാധിച്ചാല്‍ ആശുപത്രികളില്‍ ചികിത്സ തേടുന്നത് അത്യാവശ്യമാണ്.

ധാരാളം വെള്ളം കുടിക്കണം :ചെറിയ പനി വന്നാല്‍ പോലും ധാരാളം പാനീയങ്ങള്‍ കുടിക്കണം. തിളപ്പിച്ചാറ്റിയ വെള്ളം, കഞ്ഞിവെള്ളം, കരിക്കിന്‍ വെള്ളം, പഴങ്ങള്‍, പഴസത്ത് എന്നിവ നല്‍കാം. ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുന്നതിനും ക്ഷീണം അകറ്റുന്നതിനും രോഗത്തിന്‍റെ തീവ്രത കുറയ്‌ക്കുന്നതിനും പാനീയങ്ങള്‍ സഹായിക്കും.

ഡ്രൈ ഡേ ആചരിച്ച് കൊതുകിനെ തുരത്താം :കൊതുകില്‍ നിന്നും സംരക്ഷണം നേടുക എന്നതാണ് ഡെങ്കിപ്പനിയുടെ ഏറ്റവും വലിയ സംരക്ഷണ മാര്‍ഗം. അതിനാല്‍ വീടും സ്ഥാപനവും പരിസരങ്ങളും വൃത്തിയായി സൂക്ഷിക്കണം. വൃത്തിയാക്കുമ്പോഴും കൊതുകിന്‍റെ കടിയേല്‍ക്കാതെ ലേപനങ്ങള്‍ പുരട്ടുകയോ ശരീരം പൊതിയുന്ന വസ്‌ത്രങ്ങള്‍ ധരിക്കുകയോ വേണം.

  • രാവിലെയും വൈകുന്നേരങ്ങളിലും വീടിന്‍റെ ജനലുകളും വാതിലുകളും അടച്ചിടണം. അടച്ചിടുന്നതിനു മുന്‍പ് വീട്ടിനുള്ളില്‍ പുകയ്‌ക്കുന്നത് വീട്ടിനുള്ളിലുള്ള കൊതുകുകളെ പുറത്താക്കാന്‍ സഹായിക്കും.
  • കൊതുകിന്‍റെ സാന്ദ്രത കൂടുതലുള്ള ഇടങ്ങളില്‍ ജനാലകളും വാതിലുകളും വല ഉപയോഗിച്ച് സംരക്ഷിക്കണം.
  • കെട്ടിടങ്ങളുടെ അകത്തും പുറത്തും മേല്‍കൂരകളിലും വെള്ളം കെട്ടി നില്‍ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. പാത്രങ്ങള്‍, ചിരട്ടകള്‍, തൊണ്ട്, ടയര്‍, മുട്ടത്തോട്, ടിന്നുകള്‍ തുടങ്ങിയവ വലിച്ചെറിയാതെ നശിപ്പിക്കുകയോ വെള്ളം കെട്ടിനില്‍ക്കാതെ കമഴ്‌ത്തി വയ്‌ക്കുകയോ ചെയ്യുക.
  • വീട്ടിനുള്ളില്‍ പൂച്ചട്ടികള്‍ക്ക് താഴെ വെള്ളം കെട്ടിനില്‍ക്കുന്ന പാത്രങ്ങളിലും ഫ്രിഡ്‌ജിന് അടിയില്‍ വെള്ളം നില്‍ക്കുന്ന ട്രേയിലും കൊതുക് മുട്ടയിടാന്‍ സാധ്യതയുണ്ട്. ഇവ ആഴ്‌ചയില്‍ ഒരിക്കല്‍ എങ്കിലും വൃത്തിയാക്കുക.
  • വെള്ളം വയ്‌ക്കുന്ന പാത്രങ്ങളും ടാങ്കുകളും അടച്ചു സൂക്ഷിക്കുക.
  • കൊതുക് കടിക്കാതിരിക്കാന്‍ ശരീരം മൂടുന്ന വസ്ത്രം ധരിക്കുക, കൊതുകുവല, ലേപനങ്ങള്‍ ഉപയോഗിക്കുക.
  • പനിയുള്ളവര്‍ കൊതുകുകടി ഏല്‍ക്കാനുള്ള സാധ്യത പരമാവധി കുറയ്‌ക്കണം.
  • പനിയുള്ളപ്പോള്‍ കുട്ടികളെ വിദ്യാലയങ്ങളിലേക്ക് അയക്കാതിരിക്കുക.
  • പനി പടരുന്നതിനാല്‍ അനാവശ്യമായ ആശുപത്രി സന്ദര്‍ശനം പരമാവധി ഒഴിവാക്കുക.
Last Updated : Jun 24, 2023, 6:22 PM IST

ABOUT THE AUTHOR

...view details