തിരുവനന്തപുരം : പൊന്മുടിയില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് അപകടം. വിതുരയില്‍ നിന്ന് പൊന്മുടിയിലേക്ക് പോകുന്ന റോഡില്‍ 22-ാം വളവിലായിരുന്നു അപകടം. ഫോറസ്റ്റ് ഓഫിസിന് സമീപത്തുവച്ചാണ് കാര്‍ കൊക്കയിലേക്ക് മറിഞ്ഞത്. കൊല്ലം അഞ്ചല്‍ സ്വദേശികളായ നവ്‌ജ്യോദ്, ആദില്‍, അമല്‍, ഗോകുല്‍ എന്നീ നാല് പേരാണ് കാറില്‍ സഞ്ചരിച്ചിരുന്നത്. നാലുപേരെയും രക്ഷപ്പെടുത്തി.
രാവിലെ 9 മണിയോടെയാണ് അപകടമുണ്ടായത്. കാര്‍ മറിഞ്ഞപ്പോഴുണ്ടായ വലിയ ശബ്‌ദം കേട്ട് ഫോറസ്റ്റ് ഓഫിസില്‍ നിന്നെത്തിയ ഉദ്യോഗസ്ഥരാണ് ഫയര്‍ ഫോഴ്‌സിനെയും പൊലീസിനെയും വിവരം അറിയിച്ചത്.
രാവിലെ പൊന്മുടിയില്‍ നിന്ന് തിരികെ വരുന്നതിനിടെയാണ് യുവാക്കള്‍ സഞ്ചരിച്ചിരുന്ന വാഹനം കൊക്കയിലേക്ക് മറിഞ്ഞത്. പ്രധാന റോഡില്‍ നിന്ന് ഏകദേശം കാല്‍കിലോമീറ്ററോളം ആഴത്തിലേക്ക് വാഹനം മറിഞ്ഞതായാണ് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ അറിയിച്ചത്. അപകടത്തില്‍പ്പെട്ട സ്ഥലത്തേക്ക് കയര്‍ കെട്ടിയിറങ്ങിയാണ് രക്ഷാപ്രവര്‍ത്തകര്‍ എത്തിയത്.
അപകടത്തില്‍പ്പെട്ടവരില്‍ മൂന്ന് പേരെ രാവിലെ 11.30 യോടെ തന്നെ വാഹനത്തിന് പുറത്ത് എത്തിച്ചിരുന്നു. ഒരാളുടെ കാല് വാഹനത്തില്‍ കുടുങ്ങി കിടന്നതിനാല്‍ പുറത്ത് എത്തിക്കാനായില്ല. വാഹനത്തിന് പുറത്ത് എത്തിച്ചിരുന്നുവെങ്കിലും പ്രധാനറോഡിലേക്ക് ഇവരെ എത്തിക്കാന്‍ രക്ഷാപ്രവര്‍ത്തകര്‍ ഏറെ പണിപ്പെട്ടിരുന്നു.
അപകടത്തില്‍പ്പെട്ടവരുടെ കൈകാലുകളും ശരീരവും സ്ട്രക്‌ചറിനോട് ചേര്‍ത്ത് കെട്ടിയ ശേഷം ഏറെ ശ്രമകരമായാണ് പ്രധാന റോഡിലെ അംബുലന്‍സിലേക്ക് എത്തിച്ചത്. അപകടം നടന്ന സ്ഥലത്തേക്ക് റോഡ് മാര്‍ഗം ഇല്ലാത്തതിനാല്‍ കാട്ടിനുള്ളിലൂടെ ഏറെ സഞ്ചരിച്ചാണ് വാഹനം മറിഞ്ഞുകിടന്ന സ്ഥലത്തേക്ക് രക്ഷാപ്രവര്‍ത്തകര്‍ എത്തിച്ചേര്‍ന്നത്. ഇടയ്‌ക്കിടെയുള്ള മഴയും കനത്ത മൂടല്‍ മഞ്ഞും രക്ഷാപ്രവര്‍ത്തനത്തിന് വലിയ വെല്ലുവിളിയായിരുന്നു.