തിരുവനന്തപുരം: വാഹനാപകടത്തില്‍ മാധ്യമ പ്രവർത്തകൻ കെ എം ബഷീർ മരിച്ച സംഭവത്തില്‍ പ്രതി ശ്രീറാം വെങ്കട്ടരാമൻ ഐഎഎസ് തന്നെയെന്ന് ഒടുവില്‍ പൊലീസ് സ്ഥിരീകരിച്ചു. ശ്രീറാമിന്‍റെ മൊഴി രേഖപ്പെടുത്തുകയും രക്തസാംപിൾ ശേഖരിക്കുകയും ചെയ്തു. മദ്യപിച്ചാണ് ഐഎഎസ് ഉദ്യോഗസ്ഥന്‍ വാഹനം ഓടിച്ചതെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ ആദ്യഘട്ടത്തില്‍ ശ്രീറാം വെങ്കട്ടരാമനെ രക്ഷിക്കാൻ പല വിധത്തിലും പൊലീസ് ശ്രമിച്ചതായി ആക്ഷേപം ഉയരുന്നുണ്ട്. അപകടം നടന്ന് ആദ്യ മണിക്കൂറുകളില്‍ സംഭവവുമായി ബന്ധപ്പെട്ട് പല ചോദ്യങ്ങൾ ഉയർന്നപ്പോഴും കൃത്യമായ ഉത്തരങ്ങൾ നല്‍കാതെ പൊലീസ് ഒഴിഞ്ഞ് മാറുകയാണുണ്ടായത്.
മാധ്യമപ്രവർത്തകന്‍റെ മരണം; ഒളിച്ച് കളിച്ച്, ഒടുവില്‍ വഴങ്ങി പൊലീസ് - ശ്രീറാം വെങ്കട്ടരാമൻ
അപകടത്തിന് ശേഷം ശ്രീറാമിന്‍റെ രക്ത സാമ്പിൾ എടുക്കാത്തതിനടക്കം പൊലീസിനെതിരെ ആക്ഷേപം ഉയർന്നിരുന്നു
വാഹനമോടിച്ചത് താനല്ലെന്നും കാറിലുണ്ടായിരുന്ന സുഹൃത്ത് വാഫ ഫിറോസാണെന്നുമാണ് ആദ്യം ശ്രീറാം വെങ്കിട്ടരാമൻ പൊലീസിനോട് പറഞ്ഞത്. വാഹനം ഓടിച്ചിരുന്നത് താനാണെന്ന് യുവതിയും വ്യക്തമാക്കി. എന്നാല്‍ ശ്രീറാം വെങ്കിട്ടരാമൻ തന്നെയാണ് വാഹനമോടിച്ചിരുന്നതെന്നും അയാൾ അമിതമായി മദ്യപിച്ചിരുന്നെന്നും ദൃക്സാക്ഷികൾ വെളിപ്പെടുത്തിയിരുന്നു. അതേ സമയം വാഹനം ഓടിച്ചത് ആരെന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നായിരുന്നു ആദ്യ ഘട്ടത്തില്‍ പൊലീസിന്‍റെ നിലപാട്. ഇരുവരെയും ആദ്യം കസ്റ്റഡിയില്‍ എടുക്കാനും പൊലീസ് തയ്യാറായില്ല. പിന്നീട് യുവതി മൊഴിമാറ്റിയതോടെ ശ്രീറാം തന്നെയാണ് വാഹനം ഓടിച്ചിരുന്നതെന്ന് പൊലീസ് സ്ഥിരീകരിക്കുകയായിരുന്നു. തുടർന്നാണ് ശ്രീറാമിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
കാറിലുണ്ടായിരുന്ന യുവതിയെ വൈദ്യപരിശോധന നടത്താതെ വിട്ടയച്ചതും പൊലീസിന്‍റെ വീഴ്ചയായി കണക്കാക്കുന്നു. ഇവരുടെ മൊഴി അപകടം നടന്ന് നാല് മണിക്കൂറിന് ശേഷമാണ് പൊലീസ് രേഖപ്പെടുത്തിയത്. അപകടത്തില്‍ ശ്രീറാം വെങ്കട്ടരാമനും പരിക്കേറ്റിരുന്നു. തുടർന്ന് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച ശ്രീറാമിന്‍റെ രക്തസാംപിളുകൾ എടുക്കാൻ പൊലീസ് ആവശ്യപ്പെട്ടില്ലെന്നും അദ്ദേഹത്തെ പരിശോധിച്ച ഡോക്ടർമാർ വ്യക്തമാക്കി. കേസ് തേച്ച് മായ്ച്ച് കളയാനുള്ള ശ്രമങ്ങൾ പൊലീസിന്‍റെ ഭാഗത്ത് നിന്നുണ്ടായത് മാധ്യമങ്ങൾ വാർത്തയാക്കിയതോടെയാണ് സംഭവത്തില്‍ ശക്തമായ നടപടി സ്വീകരിക്കാൻ പൊലീസ് ആരംഭിച്ചത്. ഒപ്പമുണ്ടായിരുന്ന യുവതി വഫയുടെ വാഹനം ഇതിന് മുമ്പും കേസില്‍പ്പെട്ടിരുന്നതിന്‍റെ തെളിവുകൾ പുറത്ത് വന്നിട്ടുണ്ട്.