തിരുവനന്തപുരം: വർക്കല വടശ്ശേരിക്കോണത്ത് മകളുടെ വിവാഹ തലേന്ന് പിതാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പൊലീസ് ഇന്ന് ചോദ്യം ചെയ്യും. സംഭവം നടന്ന ദിവസം തന്നെ പ്രതികളെ അറസ്റ്റ് ചെയ്‌ത് റിമാൻഡ് ചെയ്‌തിരുന്നു. ചോദ്യം ചെയ്യലിനായി പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും.
പ്രതികളുടെ വൈദ്യ പരിശോധന ഫലം ഇന്ന് ലഭിക്കുമെന്നാണ് വിവരം. കൊലപാതകം നടക്കുമ്പോൾ സ്ഥലത്തുണ്ടായിരുന്നവരുടെ മൊഴികളും പൊലീസ് ഇന്ന് രേഖപ്പെടുത്തും. വടശ്ശേരിക്കോണത്ത് ശ്രീലക്ഷ്‌മിയിൽ അറുപത്തൊന്നുകാരനായ രാജു ആണ് മകളുടെ വിവാഹ തലേന്ന് കൊല്ലപ്പെട്ടത്. പെൺകുട്ടിയുടെ സുഹൃത്ത് സംഘം ചേർന്നെത്തിയാണ് കൊലപാതകം നടത്തിയത്.
ശ്രീലക്ഷ്‌മിയും ഇവരുടെ അയൽവാസിയായ ജിഷ്‌ണുവും നേരത്തെ അടുപ്പത്തിലായിരുന്നു. എന്നാൽ ഈ ബന്ധം ശ്രീലക്ഷ്‌മി പിന്നീട് അവസാനിപ്പിച്ചു. തുടർന്നുണ്ടായ വൈരാഗ്യത്തെ തുടർന്നായിരുന്നു കൊലപാതകം. ജിഷ്‌ണു, സഹോദരൻ ജിജിൻ, ശ്യാം, മനു എന്നിവർ ചേർന്നാണ് കൊലപാതകം നടത്തിയത്.
ബുധനാഴ്‌ച ശിവഗിരിയിൽ വച്ചാണ് ശ്രീലക്ഷ്‌മിയുടെ കല്യാണം നടത്താൻ തീരുമാനിച്ചിരുന്നത്. കല്യാണത്തോടനുബന്ധിച്ച് തലേദിവസം വീട്ടിൽ നടന്ന വിരുന്ന് സത്‌കാരം കഴിഞ്ഞ് അർധരാത്രി ഒരു മണിയോടെയാണ് ജിഷ്‌ണുവും സംഘവും ശ്രീലക്ഷ്‌മിയുടെ വീട്ടിലെത്തിയത്. കാറിൽ ഉച്ചത്തിൽ പാട്ടുവച്ച് ബഹളമുണ്ടാക്കിയ ഇവരെ രാജു ചോദ്യം ചെയ്‌തതാണ് പ്രശ്‌നങ്ങളുടെ തുടക്കം.
തുടർന്നുണ്ടായ സംഘര്‍ഷത്തിലാണ് രാജുവിന് മൺവെട്ടികൊണ്ട് തലക്കടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ രാജുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ആക്രമണത്തിന് ശേഷം സ്ഥലത്ത് നിന്ന് ഓടി രക്ഷപെടാൻ ശ്രമിച്ച സംഘത്തെ നാട്ടുകാർ തടഞ്ഞ് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. വർക്കല പൊലീസ് ഉടൻ തന്നെ സ്ഥലത്തെത്തി പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ദീർഘനാളായി ഗൾഫിൽ ജോലി ചെയ്‌തിരുന്ന രാജു നാട്ടിൽ മടങ്ങിയെത്തിയ ശേഷം ഓട്ടോ ഡ്രൈവറായി ജോലി ചെയ്‌ത് വരികയായിരുന്നു.
ജിഷ്‌ണു കുടുംബാംഗങ്ങൾക്കൊപ്പം എത്തിയും ഒറ്റയ്‌ക്കെത്തിയും പല തവണ ശ്രീലക്ഷ്‌മിയോട് വിവാഹ അഭ്യർഥന നടത്തിയിരുന്നു. എന്നാൽ ശ്രീലക്ഷ്‌മി ഇത് നിരസിച്ചു. ഇനി ഒരു വിവാഹം ഉണ്ടാകില്ലെന്ന് ശ്രീലക്ഷ്‌മിയെ ജിഷ്‌ണു ഭീഷണിപ്പെടുത്തുകയും ചെയ്‌തിരുന്നു. നാലംഗ സംഘത്തിന്‍റെ ആക്രമണത്തിൽ രാജുവിന്‍റെ ബന്ധുക്കൾക്കും സംഭവസ്ഥലത്തുണ്ടായിരുന്ന അയൽവാസികൾക്കും പരിക്കേറ്റിരുന്നു. ഇവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
കര്‍ണാടകയില്‍ മകളെ കൊലപ്പെടുത്തി പിതാവ്: ഇതരജാതിക്കാരനായ യുവാവിനെ പ്രണയിച്ചതിന് മകളെ പിതാവ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ സംഭവം കഴിഞ്ഞ ദിവസം കര്‍ണാടകയില്‍ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. ബാംഗാരപേട്ട് താലൂക്കിലാണ് നാടിനെ നടുക്കിയ ദുരഭിമാനക്കൊല നടന്നത്. സംഭവത്തിൽ മനംനൊന്ത് പെൺകുട്ടിയുടെ ആൺസുഹൃത്ത് ആത്മഹത്യ ചെയ്‌തു.
ബംഗാരപേട്ട് താലൂക്കിലെ കാമസമുദ്ര സ്വദേശിയായ കീർത്തി (20)യെ ആണ് പിതാവ് കൊലപ്പെടുത്തിയത്. ഇവരുടെ ആൺസുഹൃത്തായ ഗംഗാധർ (24) ആത്മഹത്യ ചെയ്യുകയും ചെയ്‌തു. ഗംഗാധറും കീർത്തിയും ഒരു വർഷമായി അടുപ്പത്തിലായിരുന്നു. ഇവരുടെ ബന്ധത്തെ കുറിച്ച് ഗംഗാധർ കീർത്തിയുടെ പിതാവായ കൃഷ്‌ണമൂർത്തിയെ അറിയിക്കുകയും ചെയ്‌തിരുന്നു.
എന്നാൽ ഇരുവരും വ്യത്യസ്‌ത ജാതിയിൽ നിന്നുള്ളവരായതിനാൽ കീർത്തിയുടെ കുടുംബം വിവാഹത്തെ ശക്തമായി എതിർക്കുകയാണ് ഉണ്ടായത്. ഗംഗാധരനുമായുള്ള ബന്ധം ഉപേക്ഷിക്കാൻ കീർത്തിയോട് പിതാവ് പല തവണ ഉപദേശിച്ചെങ്കിലും പെൺകുട്ടി തയ്യാറായില്ല. ഇതുമായി ബന്ധപ്പെട്ട് ജൂണ്‍ 27ന് കീർത്തിയും പിതാവ് കൃഷ്‌ണമൂർത്തിയും തമ്മിൽ വാക്കുതർക്കമുണ്ടായി. തുടര്‍ന്ന് പ്രകോപിതനായ കൃഷ്‌ണമൂര്‍ത്തി മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൃഷ്‌ണമൂർത്തിയെ പൊലീസ് അറസ്‌റ്റ് ചെയ്‌തു.