തിരുവനന്തപുരം : മാധ്യമപ്രവര്‍ത്തകര്‍ക്ക് എതിരായ പൊലീസ് നടപടിയില്‍ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെ തിരുവനന്തപുരത്ത് ജോലി ചെയ്യുന്ന മൂന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് കൂടി പൊലീസ് നോട്ടിസ് (police notice against journalists). ഡിജിപിയുടെ ഔദ്യോഗിക വസതിയില്‍ മഹിള മോര്‍ച്ച നടത്തിയ പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്‌ത മാധ്യമപ്രവര്‍ത്തകര്‍ക്ക് എതിരെയാണ് നടപടി.
ജനം ടിവി റിപ്പോര്‍ട്ടര്‍ രശ്‌മി കാര്‍ത്തിക, ക്യാമറമാന്‍ നിഥിന്‍ എബി, ജന്മഭൂമി ഫോട്ടോഗ്രാഫര്‍ അനില്‍ ഗോപി എന്നിവര്‍ക്കാണ് മ്യൂസിയം പൊലീസ് നോട്ടിസ് നല്‍കിയത് (case against journalists). വെള്ളിയാഴ്‌ച (ഡിസംബര്‍ 29) രാവിലെ 11 മണിയ്ക്ക് ചോദ്യം ചെയ്യാന്‍ ഹാജരാകാനാണ് നിര്‍ദേശം. ഡിജിപിയുടെ ഔദ്യോഗിക വസതിയില്‍ അതിക്രമിച്ച് കയറി എന്നതാണ് ഇവർക്കെതിരെയുള്ള കുറ്റം.
കെ സുരേന്ദ്രന്‍റെ പ്രതികരണം:അതേസമയം, വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്‌തതിന്‍റെ പേരിൽ മാധ്യമപ്രവർത്തകർക്കെതിരെ പൊലീസ് പകവീട്ടുന്നത് അവസാനിപ്പിക്കണം എന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. വാര്‍ത്താക്കുറിപ്പിലൂടെയാണ് ബിജെപി അധ്യക്ഷന്‍റെ പ്രതികരണം. ഡിജിപിയുടെ ഔദ്യോഗിക വസതിയില്‍ മഹിള മോര്‍ച്ച നടത്തിയ പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്‌ത മാധ്യമപ്രവര്‍ത്തകര്‍ക്ക് എതിരെ നോട്ടിസ് അയച്ച നടപടി ജനാധിപത്യ വിരുദ്ധവും മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നാക്രമവുമാണ് എന്ന് അദ്ദേഹം പറഞ്ഞു.
ജനം ടിവി റിപ്പോര്‍ട്ടര്‍ രശ്‌മി കാര്‍ത്തിക, ക്യാമറമാന്‍ നിഥിന്‍ എബി, ജന്മഭൂമി ഫോട്ടോഗ്രാഫര്‍ അനില്‍ ഗോപി എന്നിവര്‍ക്ക് മ്യൂസിയം പൊലീസ് നോട്ടിസ് നല്‍കിയത് എന്ത് അടിസ്ഥാനത്തിലാണെന്ന് മനസിലാവുന്നില്ല. ഡിജിപിയുടെ ഔദ്യോഗിക വസതിയില്‍ അതിക്രമിച്ച് കയറി എന്നതാണ് ഇവർക്കെതിരെയുള്ള കുറ്റം.
മാധ്യമപ്രവർത്തകർ വാർത്തകൾക്ക് പിന്നാലെ പോവുന്നത് സ്വാഭാവികമാണ്. അതിനെ കേസെടുത്ത് ഇല്ലാതാക്കാമെന്ന് വിചാരിക്കുന്നവർ വിഡ്ഢികളുടെ സ്വർഗത്തിലാണ്. നേരത്തെ മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധം റിപ്പോർട്ട് ചെയ്‌ത മാധ്യമപ്രവർത്തകർക്കെതിരെയും കേസെടുത്തത് സർക്കാരിൻ്റെ ഫാസിസ്റ്റ് സമീപനത്തിൻ്റെ തെളിവാണെന്നും കെ സുരേന്ദ്രൻ ആരോപിച്ചു.
പത്രപ്രവര്‍ത്തക യൂണിയന്‍റെ പ്രതികരണം:വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്‌തതിന്‍റെ പേരിൽ മാധ്യമ പ്രവർത്തകർക്ക് എതിരായ പൊലീസ് നടപടിയിൽ കേരള പത്രപ്രവർത്തക യൂണിയൻ ശക്തമായി പ്രതിഷേധിച്ചു. ഡിജിപി യുടെ വീട്ടു വരാന്തയിൽ കയറി ഇരുന്ന് മഹിളാ മോർച്ച പ്രവർത്തകർ മുദ്രാവാക്യം വിളിച്ചത് തടയാനാവാത്തതിന്‍റെ നാണക്കേട് മറയ്ക്കാൻ സംഭവം റിപോർട്ട് ചെയ്‌ത മാധ്യമ പ്രവർത്തകർക്ക് എതിരെ കേസെടുക്കുകയാണ്. ഇത് മാധ്യമ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നു കയറ്റവും നഗ്നമായ അധികാര ദുർവിനിയോഗവുമാണ്. കേസ് പിൻവലിച്ച് തെറ്റ് തിരുത്താൻ കേരള പോലീസ് തയ്യാറാകണമെന്നും കോടതി തന്നെ റദ്ദാക്കിയിട്ടും സമാന വീഴ്ചകൾ ആവർത്തിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ സർക്കാർ നടപടി സ്വീകരിക്കണമെന്നും കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡൻറ് എം വി വിനീതയും ജനറൽ സെക്രട്ടറി ആർ കിരൺ ബാബുവും ആവശ്യപ്പെട്ടു.