തിരുവനന്തപുരം: വിദേശത്തുനിന്ന് കേരളത്തിൽ എത്തിയവർ 28 ദിവസത്തിനുള്ളില്‍ ആരോഗ്യവകുപ്പിൽ റിപ്പോർട്ട് ചെയ്യണമെന്ന നിർദ്ദേശവുമായി പൊലീസ്. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലോ ടോൾഫ്രീ നമ്പറിലോ വിവരമറിയിക്കണം. നിർദ്ദേശം പാലിച്ചില്ലെങ്കിൽ കർശന നടപടിയെടുക്കുമെന്നും പൊലീസ് അറിയിച്ചു. വിദേശത്തുനിന്ന് എത്തിയ പലരും ഇക്കാര്യം മറച്ചു വെയ്ക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് പൊലീസിന്‍റെ ഇടപെടൽ.
വിദേശത്തുനിന്ന് കേരളത്തിലെത്തിയവർ ആരോഗ്യവകുപ്പിൽ റിപ്പോർട്ട് ചെയ്യണമെന്ന് പൊലീസ്
പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലോ ടോൾഫ്രീ നമ്പറിലോ വിവരമറിയിക്കണം.
വീട്ടിൽ നിരീക്ഷണത്തിൽ കഴിയണമെന്ന നിർദ്ദേശം നൽകിയാണ് പലരെയും വിമാനത്താവളത്തില്‍ നിന്ന് വീട്ടിലേക്ക് വിടുന്നത്. എന്നാൽ ചിലർ ഇത് പാലിക്കുന്നില്ല. കഴിഞ്ഞ ദിവസം പുനലൂരിൽ അപകടത്തിൽപ്പെട്ട് തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച രോഗിയോട് വീട്ടിൽ നിരീക്ഷണത്തിൽ കഴിയാനാണ് നിർദേശിച്ചത്. എന്നാല്‍ ഇയാള്‍ ഇക്കാര്യം ആശുപത്രിയില്‍ അറിയിക്കാത്തതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്‌ടർമാരും നഴ്‌സുമാരും ജീവനക്കാരും ഇപ്പോൾ നിരീക്ഷണത്തിലാണ്. ഇത്തരം സാഹചര്യങ്ങൾ ആവർത്തിക്കാതിരിക്കാനാണ് പൊലീസിന്‍റെ ഇടപെടൽ.