കേരളം

kerala

ETV Bharat / state

ഇതാണ് പൊലീസ്: നിലത്തിട്ട് ബൂട്ട് കൊണ്ട് ചവിട്ടി, കാല് കൊണ്ട് കോരിയെറിഞ്ഞു; ട്രെയിൻ യാത്രികന് ക്രൂരമര്‍ദനം

സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ സിറ്റി പൊലീസ് കമ്മിഷണറുടെ നിര്‍ദേശം. റെയില്‍വേയും അന്വേഷണം പ്രഖ്യാപിച്ചു

കണ്ണൂരില്‍ പൊലീസിന്‍റെ ക്രൂരത  ടിക്കറ്റില്ലാതെ യാത്ര ചെയ്‌തെന്ന് ആരോപിച്ച് മര്‍ദനം  Police Cruelty against train passenger  Kannur todays news
വീണ്ടും പൊലീസിന്‍റെ ക്രൂരത; ടിക്കറ്റില്ലാതെ യാത്ര ചെയ്‌തെന്ന് ആരോപിച്ച് മര്‍ദനം

By

Published : Jan 3, 2022, 9:42 AM IST

Updated : Jan 3, 2022, 2:41 PM IST

കണ്ണൂര്‍:ടിക്കറ്റില്ലാതെ ട്രെയിനില്‍ യാത്ര ചെയ്‌തുവെന്ന് ആരോപിച്ച് യാത്രക്കാരന് ക്രൂര മർദനം. കണ്ണൂരിൽ മാവേലി എക്‌സ്‌പ്രസില്‍വച്ച് എ.എസ്‌.ഐ പ്രമോദാണ് മർദിച്ചത്. നിലത്ത് വലിച്ചിട്ട് ബൂട്ട് കൊണ്ട് നെഞ്ചിന് ചവിട്ടുകയുണ്ടായി. ഞായറാഴ്ച രാത്രിയിലാണ് സംഭവം. അതേസമയം വിശദീകരണവുമായി എ.എസ്‌.ഐ രംഗത്തെത്തി. ടിക്കറ്റില്ലാത്ത യാത്രക്കാരനെ ഇറക്കി വിടുക മാത്രമാണ് ചെയ്‌തത്. ഇയാളെ മർദിച്ചുവെന്ന ആരോപണം തെറ്റാണെന്നാണ് പ്രമോദിന്‍റെ വാദം. എന്നാല്‍ യാത്രക്കാരൻ പകര്‍ത്തിയ ദൃശ്യത്തില്‍ പ്രമോദിന്‍റെ മുഖം വ്യക്തമാണ്.

ടിക്കറ്റില്ലാതെ ട്രെയ്‌നില്‍ യാത്ര ചെയ്‌തുവെന്ന് ആരോപിച്ച് യാത്രക്കാരന് ക്രൂര മർദനം.

മര്‍ദനം യാതൊരു പ്രകോപനവുമില്ലാതെ

യാത്രക്കാരൻ ആരാണെന്നറിയില്ലെന്നും കേസെടുത്തിട്ടില്ലെന്നും എഎസ്ഐ പറഞ്ഞു. ടിക്കറ്റ് പരിശോധിക്കേണ്ടത് ടി.ടി.ഇ ആണെന്നിരിക്കെ പൊലീസുകാരൻ സ്ലീപ്പർ കമ്പാർട്ട്‌മെന്‍റിലെത്തി യാത്രക്കാരനെ ചോദ്യം ചെയ്യുകയായിരുന്നു. സ്ലീപ്പർ ടിക്കറ്റില്ലെന്നും ജനറൽ ടിക്കറ്റ് മാത്രമേയുള്ളുവെന്നും യാത്രക്കാരൻ മറുപടി നൽകി. കൈയിലുള്ള ടിക്കറ്റ് എടുക്കാൻ പൊലീസുകാരൻ ആവശ്യപ്പെട്ടു.

ഇതനുസരിച്ച് ഇയാൾ ബാഗിൽ ടിക്കറ്റ് തെരയുന്നതിനിടെയാണ് പൊലീസുകാരൻ ബൂട്ട് ഉപയോഗിച്ച് തൊഴിക്കുകയും മർദിക്കുകയും ചെയ്‌തത്. ട്രെയിനിലെ മറ്റൊരു യാത്രക്കാരനാണ് ദൃശ്യങ്ങൾ പകർത്തിയത്. യാതൊരു പ്രകോപനവും ഇല്ലാതെയാണ് പൊലീസ് മർദിച്ചത്.

ദൃശ്യം പകര്‍ത്തിയ ആളോട് ടിക്കറ്റ് ചോദിച്ച് എ.എസ്‌.ഐ

ക്രൂരമായ മർദനം കണ്ടതോടെ ദൃശ്യം പകര്‍ത്തിയ ആള്‍ ഇടപെടുകയുണ്ടായി. എന്നാൽ, മറ്റ് യാത്രക്കാരുടെ സുരക്ഷയ്ക്ക്‌ വേണ്ടിയാണ് ഇത് ചെയ്യുന്നതെന്നായിരുന്നു പൊലീസുകാരന്‍റെ വാദം. ദൃശ്യങ്ങൾ പകർത്തുന്നത് കണ്ട പൊലീസുകാരൻ തന്നോട് ടിക്കറ്റ് കാണിക്കാൻ ആവശ്യപ്പെട്ടു. എന്നാൽ ടി.ടി.ഇയെ മാത്രമേ ടിക്കറ്റ് കാണിക്കൂ എന്ന് താൻ പറഞ്ഞുവെന്നും ദൃശ്യം പകര്‍ത്തിയാള്‍ പറഞ്ഞു. സംഭവത്തിൽ അന്വേഷണം നടത്താന്‍ സ്പെഷ്യൽ ബ്രാഞ്ച് എ.സി.പിയെ ചുമതലപ്പെടുത്തി. കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ ആർ ഇളങ്കോയുടേതാണ് നിര്‍ദേശം. റെയിൽവേ പൊലീസിന്‍റെ അധികാര പരിധിയിൽ വരുന്ന കേസാണിത്.

ALSO READ:സി.പി.എമ്മിൽ താലിബാൻ വത്‌കരണമെന്ന് പി.കെ കൃഷ്‌ണദാസ്

റെയിൽവേയും സംഭവത്തിൽ അന്വേഷണം നടത്തുന്നുണ്ട്. മനുഷ്യാവകാശ ലംഘനം നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കും. ഇതുസംബന്ധിച്ച് റിപ്പോർട്ട് കിട്ടിയാൽ നടപടി സ്വീകരിക്കുമെന്നും കമ്മിഷണർ വ്യക്തമാക്കി.

കേസെടുത്ത് മനുഷ്യാവകാശ കമ്മിഷൻ

സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാകേസെടുത്തു. കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ അന്വേഷണം നടത്തി ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദേശിച്ചിരിക്കുന്നത്. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മിഷൻ കേസെടുത്തത്.

Last Updated : Jan 3, 2022, 2:41 PM IST

ABOUT THE AUTHOR

...view details