തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി ഗുണ്ടകൾക്കെതിരെ പൊലീസ് നടപടി. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, കോഴിക്കോട്, തൃശൂർ, പാലക്കാട് ജില്ലകളിൽ നിന്നും 1,126 ഗുണ്ടകൾക്കെതിരെയാണ് നടപടി സ്വീകരിച്ചത്. സംസ്ഥാനത്തെ റെയിഞ്ച് ഐജിമാരുടെയും ജില്ല പൊലീസ് മേധാവിമാരുടെയും നേതൃത്വത്തിൽ ഓപറേഷൻ ആഗിന്‍റെ (ആക്‌സിലറേറ്റഡ് ആക്ഷൻ എഗൈൻസ്റ്റ് ഗൂൺസ്) ഭാഗമായാണ് സംസ്ഥാന വ്യാപകമായി ഗുണ്ടകൾക്ക് എതിരെ നടപടി സ്വീകരിച്ചത്.
തിരുവനന്തപുരത്താണ് ഏറ്റവും കൂടുതൽ പേർക്കെതിരെ നടപടി സ്വീകരിച്ചത്. തിരുവനന്തപുരം നഗരത്തിൽ മാത്രം ഗുണ്ട ആക്‌ട് പട്ടികയിൽ ഉള്ളവരും കാപ്പ ചുമത്തി നാട് കടത്തിയതിനു ശേഷം തിരികെ നാട്ടിലെത്തിയതുമായ 113 ഗുണ്ടകൾക്കെതിരെയും റൂറലിൽ 181 പേർക്കെതിരെയും നടപടി സ്വീകരിച്ചു. കുപ്രസിദ്ധ ഗുണ്ട അനൂപ് ആന്‍റണി, അന്തർസംസ്ഥാന മോഷ്‌ടാവ് ജാഫർ എന്നിവർ ഇതിൽ ഉൾപ്പെടുന്നു.
ഇന്നലെ രാത്രി നടന്ന പരിശോധനയിൽ 26 വാറണ്ട് പ്രതികൾ, 13 പിടികിട്ടാപുള്ളികൾ ഉൾപ്പെടെ കോഴിക്കോട് റൂറൽ പരിധിയിൽ 147 പേരും നഗരത്തിൽ 69 പേരും കരുതൽ തടങ്കലിലായി. പത്തനംതിട്ടയിൽ 81 പേരെ കസ്റ്റഡിയിലെടുത്തു. ഇവരെ വിവരങ്ങൾ ശേഖരിച്ച ശേഷം വിട്ടയച്ചു.
കോട്ടയത്ത് 165 വീടുകളിലാണ് ഇന്നലെ രാത്രി പരിശോധന നടന്നത്. പരിശോധനയിൽ 130 കേസുകൾ രജിസ്റ്റർ ചെയ്യുകയും 137 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്‌തു. കാപ്പ ചുമത്തി നാട് കടത്തി 5 ഗുണ്ടകളും ഇതിൽ ഉൾപ്പെടുന്നു. തൃശൂർ റൂറലിൽ 92 പേരെ കരുതൽ തടങ്കലിൽ പ്രവേശിപ്പിക്കുകയും 32 വാറണ്ട് പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്‌തു.
പൊലീസ്, ഗുണ്ട, മണ്ണുമാഫിയ ബന്ധം പുറത്തു വരുന്നതിനിടെയാണ് ഉന്നത പൊലീസ് മേധാവികളുടെ നിർദേശ പ്രകാരമുള്ള മിന്നൽ പരിശോധനയും നടപടിയും. പിടികിട്ടാപ്പുള്ളികൾ, മോഷ്‌ടാക്കൾ, ഗുണ്ടകൾ, ലഹരി കച്ചവടക്കാർ, കാപ്പ ചുമത്തി നാടുകടത്തിയതിനു ശേഷം തിരികെ എത്തിയവർ എന്നിവരെ അറസ്റ്റ് ചെയ്യുകയും നിരവധി കേസുകളിൽ ഉൾപ്പെട്ട സാമൂഹ്യ വിരുദ്ധരെ കരുതൽ തടങ്കലിൽ പ്രവേശിപ്പിക്കുകയും ആണ് ചെയ്‌തത്.
കഴിഞ്ഞമാസം കൂടിയ പൊലീസ് മേധാവികളുടെ യോഗത്തിൽ പൊലീസിന്‍റെ ലിസ്റ്റിലുള്ള ഗുണ്ടകളുടെ ചരിത്രം, ഇപ്പോഴുള്ള പ്രവർത്തനങ്ങൾ, ആസ്‌തി വിവരങ്ങൾ, സുഹൃത്തുക്കൾ, സഹായികൾ, ബന്ധുക്കൾ, പണം നൽകുന്നവർ, അടുപ്പക്കാരുടെ ഫോൺ നമ്പർ എന്നിവ ഉൾപ്പെട്ട പ്രൊഫൈൽ തയ്യാറാക്കാൻ തീരുമാനിച്ചിരുന്നു.'ആക്‌സിലറേറ്റഡ് ആക്ഷൻ എഗൈൻസ്റ്റ് ഗൂൺസ്' എന്നതിന്‍റെ ചുരുക്കപ്പേരാണ് ഹിന്ദിയിൽ തീ എന്ന് അര്‍ഥം വരുന്ന ആഗ്.