തിരുവനന്തപുരം : ചികിത്സ പിഴവ് മൂലം പ്ലസ് ടു വിദ്യാര്‍ഥി മരിച്ചതായി പരാതി. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന മീനാക്ഷി (18) ആണ് മരിച്ചത്. ആറ്റിങ്ങല്‍ മുദുക്കല്‍ പിരപ്പന്‍കോട്ടുകോണം സ്വദേശിനിയാണ് മീനാക്ഷി. സംഭവത്തില്‍ മീനാക്ഷിയുടെ രക്ഷിതാക്കള്‍ അന്വേഷണം ആവശ്യപ്പെട്ട് ആറ്റിങ്ങല്‍ പൊലീസിന് പരാതി നൽകിയിട്ടുണ്ട്.
കമ്മല്‍ ധരിച്ചത് തുടര്‍ന്നുണ്ടായ അലര്‍ജിയെ തുടർന്നാണ് മീനാക്ഷിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഈ മാസം 14 നായിരുന്നു മീനാക്ഷിയെ മെഡിക്കല്‍ കോളജില്‍ അഡ്‌മിറ്റ് ചെയ്‌തത്. തുടര്‍ന്ന് 27 ന് ഡിസ്‌ചാര്‍ജ് ചെയ്യുകയും ചെയ്‌തിരുന്നു. ഡിസ്‌ചാര്‍ജിന് ശേഷം വീട്ടിലേക്ക് മടങ്ങവെ ഉള്ളൂര്‍ ഭാഗത്ത് എത്തിയപ്പോള്‍ അസ്വസ്ഥത ഉണ്ടായതിനെ തുടര്‍ന്ന് തിരികെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് തന്നെ കൊണ്ടു പോയി.
അത്യാഹിത വിഭാഗത്തിലായിരുന്നു രണ്ടാമത് മീനാക്ഷിയെ പ്രവേശിപ്പിച്ചിരുന്നത്. ഇതിന് ശേഷം മീനാക്ഷി മരണപ്പെട്ടുവെന്നും മരണത്തിന് കാരണം ചികിത്സ പിഴവാണെന്നുമാണ് മീനാക്ഷിയുടെ പിതാവ് ആറ്റിങ്ങല്‍ പൊലീസിന് നൽകിയ പരാതിയില്‍ ആരോപിക്കുന്നത്. മീനാക്ഷിയുടെ മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം 5.15 ഓടെ വീട്ടിലേക്ക് കൊണ്ടു പോയി.
സംഭവത്തില്‍ ആശുപത്രി അധികൃതര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷമാകും മരണത്തില്‍ കൂടുതല്‍ വ്യക്തത ലഭിക്കുകയെന്നാണ് ആറ്റിങ്ങല്‍ പൊലീസും പറയുന്നത്.
also read :കടുവ ആക്രമണത്തിൽ കർഷകൻ മരിച്ച സംഭവം: വയനാട് മെഡിക്കല്‍ കോളജിന്‍റെ ഭാഗത്ത് വീഴ്‌ചയില്ലെന്ന് അന്വേഷണ റിപ്പോർട്ട്
പ്രസവത്തിനിടെ ചികിത്സ പിഴവ് : ആഴ്‌ചകൾക്ക് മുൻപാണ് നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ പ്രസവത്തിനിടെയുണ്ടായ ചികിത്സാപ്പിഴവ് മൂലം നവജാത ശിശുവിന്‍റെ കൈക്ക് പരിക്കേറ്റത്. അവണാകുഴി സ്വദേശിയായ പ്രജിത്ത് - കാവ്യ ദമ്പതികളുടെ കുഞ്ഞിനാണ് പരിക്കേറ്റത്. കുഞ്ഞിന്‍റെ ഇടത് കൈയിലെ എല്ല് പൊട്ടിയതായും കൈയ്‌ക്ക് ചലനശേഷി നഷ്‌ടപ്പെട്ടതായും ആരോപിച്ച് പിന്നീട് കുടുംബം രംഗത്തെത്തിയിരുന്നു.
പ്രസവ ശേഷം കുഞ്ഞിന്‍റെ ഇടത് കൈ അനങ്ങുന്നില്ലെന്ന കാര്യം ഡോക്‌ടറുടെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ രണ്ടാഴ്‌ച കഴിയുമ്പോള്‍ ശരിയാകുമെന്ന് ഡോക്‌ടര്‍ പറയുകയായിരുന്നു. എന്നാൽ ആശുപത്രിയില്‍ തന്നെയുള്ള മറ്റൊരു ഡോക്‌ടറോട് സംസാരിച്ചപ്പോഴാണ് മറ്റ് ആശുപത്രികളില്‍ കുട്ടിയെ പരിശോധനയ്‌ക്ക് വിധേയമാക്കാന്‍ നിര്‍ദേശിച്ചത്. ഇതേത്തുടര്‍ന്ന് എസ്‌എടി ആശുപത്രിയിലെത്തിച്ച് കുഞ്ഞിനെ പരിശോധനയ്‌ക്ക് വിധേയമാക്കി.
പ്രസവത്തിനിടെ ശ്രദ്ധയില്ലാതെ കുഞ്ഞിനെ പിടിച്ച് വലിച്ചപ്പോൾ എല്ല് പൊട്ടാന്‍ കാരണമായതാണ് കൈ അനങ്ങാത്തതിന് കാരണമായതെന്ന് പരിശോധനയ്‌ക്ക് ശേഷം ഡോക്‌ടർ പറഞ്ഞു. എല്ല് പൊട്ടിയത് കൂടാതെ കൈയിലെ ഞരമ്പ് വലിഞ്ഞ് പോയിരുന്നു. അതേ സമയം പ്രസവസമയത്ത് ലേബർ റൂമിൽ പ്രധാന ഡോക്‌ടർ ഉണ്ടായിരുന്നില്ലെന്നും ജൂനിയർ ഡോക്‌ടർമാരും നഴ്‌സുമാരും മാത്രമാണ് ഉണ്ടായിരുന്നതെന്നും കാവ്യ ആരോപിച്ചിരുന്നു. സംഭവത്തിൽ ആരോഗ്യ മന്ത്രി വീണ ജോർജ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
also read :കെഎംഎസ്‌സിഎല്ലില്‍ കോടികളുടെ അഴിമതി; ഇപ്പോൾ നടക്കുന്നത് തെളിവുകള്‍ ഇല്ലാതാക്കാനുള്ള ശ്രമമെന്നും വിഡി സതീശന്‍