തിരുവനന്തപുരം:സർക്കാർ എയ്‌ഡഡ് സ്‌കൂളുകളിൽ മെറിറ്റ് ക്വോട്ടയിൽ പ്ലസ് വൺ പ്രവേശനം നേടിയ വിദ്യാർഥികൾക്ക് സ്‌കൂൾ/ കോമ്പിനേഷൻ മാറ്റത്തിനായുള്ള അപേക്ഷ സ്വീകരിച്ചു തുടങ്ങി. രണ്ടാം സപ്ലിമെന്‍ററി അലോട്ട്മെന്‍റ് അനുസരിച്ചുള്ള പ്രവേശനത്തിന് ശേഷം ഒഴിവുള്ള സീറ്റുകളും മാനേജ്മെന്‍റ് ക്വോട്ടയിൽ സൂക്ഷിക്കുന്ന സീറ്റുകളും പുതുതായി അനുവദിച്ച 97 ബാച്ചുകളും ചേർത്തുള്ള ഒഴിവുകളാണ് പ്രസിദ്ധീകരിച്ചത്.
ജൂലൈ 31 വൈകിട്ട് നാലുവരെ അപേക്ഷ നൽകാം. ഇതിനുശേഷം മൂന്നാം സപ്ലിമെന്‍ററി അലോട്ട്മെന്‍റ് ഉണ്ടാകും. അപേക്ഷ നൽകേണ്ടവർ കാൻഡിഡേറ്റ് ലോഗിനിലൂടെ പ്രവേശിച്ച് Apply For School / Combination Transfer എന്ന ലിങ്കിലൂടെ അപേക്ഷ നൽകാം. മുഖ്യ ഘട്ടത്തില്‍ഒന്നാം ഓപ്‌ഷനില്‍ പ്രവേശനം നേടിയവര്‍ക്കും അധിക സീറ്റ് സൃഷ്‌ടിച്ച് പ്രവേശനം നേടിയവർക്കും ഭിന്നശേഷി /സ്പോർട്‌സ് / മാനേജ്മെന്‍റ് / കമ്മ്യൂണിറ്റി ക്വോട്ടയിൽ പ്രവേശനം നേടിയവർക്കും അപേക്ഷ നൽകാനാവില്ല. ഒന്നിലധികം സ്‌കൂളിലേക്കും കോമ്പിനേഷനുകളിലേക്ക് മാറ്റത്തിനായി ഓപ്ഷനുകൾ നൽകാം. മുൻഗണന ക്രമത്തിലാണ് ഓപ്ഷനുകൾ നൽകേണ്ടത്.
സീറ്റ് പ്രതിസന്ധി കൂടുതലുള്ള മലപ്പുറം ജില്ലയിലാണ് കൂടുതല്‍ താത്കാലിക ബാച്ചുകള്‍ ഉള്ളത്. 53 താത്കാലിക ബാച്ചുകൾ മലപ്പുറം ജില്ലയിലും. പാലക്കാട് 4, കോഴിക്കോട് 11, വയനാട് 4, കണ്ണൂർ 10, കാസർകോഡ് 15 എന്നിങ്ങനെയാണ് മലബാർ മേഖലയിൽ അനുവദിച്ചിരിക്കുന്ന മറ്റു ബാച്ചുകൾ. എന്നാൽ, ഈ ജില്ലകളിൽ പ്രവേശനം ലഭിക്കാനുള്ള അപേക്ഷകരുടെ എണ്ണം 15,784 ആണ്. 5,820 സീറ്റുകളാണ് ഇവർക്കായി അനുവദിച്ചതും. ശേഷിക്കുന്നവരിൽ ഭൂരിപക്ഷവും മറ്റു കോഴ്‌സുകളിലും നിലവിൽ സീറ്റ് ഒഴിവുള്ള സ്‌കൂളുകളിലും പ്രവേശനം നേടുമെന്ന പ്രതീക്ഷയിലാണ് സർക്കാർ.
പ്ലസ് വൺ പ്രവേശനം: 22,202 വിദ്യാർഥികൾ പുറത്ത്:പ്ലസ് വൺ പ്രവേശനത്തിനായുള്ള സപ്ലിമെന്‍ററി അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചപ്പോഴും 22,202 വിദ്യാർഥികൾ പ്രവേശനം ലഭിക്കാതെ പുറത്തായതില്‍ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇക്കഴിഞ്ഞ 23നാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവന്നത്. സംസ്ഥാനത്തെ വിവിധ സ്‌കൂളുകളിൽ നിന്നുള്ള 45394 സീറ്റുകളാണ് സപ്ലിമെന്‍ററി അലോട്ട്മെന്‍റിനായി പരിഗണിച്ചത്. എന്നാൽ ഇതിലേക്ക് അപേക്ഷിച്ചത് 68739 വിദ്യാർഥികളാണ്. ഇവരിൽ 67596 അപേക്ഷകളാണ് സപ്ലിമെന്‍ററി അലോട്ട്മെന്‍റിനായി പരിഗണിച്ചതെന്നും പുറത്തുവന്ന റിപ്പോര്‍ട്ടില്‍ പറയുന്നു.